ആറ്റിങ്ങല്‍: മദ്യപിച്ചെത്തിയ യുവാക്കള്‍ വീട്ടമ്മയുടെ കട എറിഞ്ഞു തകര്‍ത്തു. അയിലം കാറ്റാടിപൊയ്ക പി.എസ്. നിവാസില്‍ എസ്. സുഗന്ധി (53) യുടെ വീടിന് സമീപമുള്ള കടയാണ് എറിഞ്ഞു തകര്‍ത്തത്. കടയക്കുള്ളില്‍ ടിവി കാണുകയായിരുന്ന ഇവരുടെ ചെറുമക്കള്‍ക്കു പരിക്കേറ്റു. വൈഗ നന്ദ (4), ആരഭി കൃഷ്ണ (11) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സമീപവാസികളായ ആദര്‍ശ് ജെ.പി., അശ്വിന്‍ബാബു എന്നിവര്‍ക്കെതിരെ ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്കി.
ശനിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. മദ്യപിച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരും സുഗന്ധിയുടെ കടയുടെ സമീപമെത്തിയപ്പോള്‍ തെരുവുനായ്ക്കള്‍ കുരച്ച് ബൈക്കിന് മുന്നിലേക്ക് ചാടി. ബൈക്ക് നിര്‍ത്തിയ ഇരുവരും നായ്ക്കളെ പിന്തുടര്ന്ന് കല്ലെറിഞ്ഞു. സുഗന്ധിയുടെ വീട്ടില്‍ കുളിക്കുകയായിരുന്ന നാലുവയസ്സുകാരി വൈഗനന്ദയുടെ ദേഹത്തേക്ക് കല്ലുവീണ് പരിക്കേറ്റു. എന്നിട്ടും നിര്‍ത്താതെ കല്ലെറിയുകയായിരുന്നവരെ സുഗന്ധിയുടെ മരുമകന് ചോദ്യം ചെയ്തു. ഇതോടെ ഇരുവരും മരുമകനുമായി വാക്കുതര്‍ക്കമുണ്ടായി. ഇത് കണ്ട് കടയില്‍ നില്‍ക്കുകയായിരുന്ന സുഗന്ധി തടയാനെത്തി. ഇതില്‍ പ്രകോപിതരായ ഇരുവരും കടയിലേക്ക് കല്ലെറിയുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
ചില്ല് അലമാരകളും പ്ലാസ്റ്റിക് മേശയും കസേരയും അടക്കം കല്ലേറില്‍ തകര്‍ന്നു. ഈസമയം കടയ്ക്കുള്ളില്‍ ടിവി കാണുകയായിരുന്ന ഇവരുടെ മറ്റ് മൂന്ന് ചെറുമക്കള്‍ക്കും കല്ലേറിലും ചില്ല് തെറിച്ചും പരിക്കേറ്റു. സംഭവം അറിഞ്ഞ് ആറ്റിങ്ങല്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടു. പരിക്കേറ്റ കുട്ടികള്‍ ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രയില്‍ ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: