തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്ര 14.7 കോടി രൂപയുടെ തട്ടിപ്പ് കേസില്‍ സീനിയര്‍ ബാങ്ക് മാനേജരടക്കം ആറു പ്രതികള്‍ ജൂലൈ 7ന് ഹാജരാകാന്‍ തിരുവനന്തപുരം സിബിഐ കോടതി അന്ത്യശാസനം നല്കി. സാക്ഷി വിസ്താര വിചാരണ തീയതികള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിലേക്കായാണ് എല്ലാ പ്രതികളും ഹാജരാകാന്‍ അന്ത്യശാസനം നല്‍കിയത്.
കേസിലെ ഒന്നു മുതല്‍ ആറു വരെ പ്രതികളായ സൗരാഷ്ട്ര ബാങ്കിന്റെ തിരുവനന്തപുരം ബ്രാഞ്ചിലെ സീനിയര്‍ മാനേജര്‍ ജി.എസ്. നാരായണ്‍, ഡെപ്യൂട്ടി മാനേജര്‍ എം.ബി. ചന്ദ്രശേഖരന്, അസിസ്റ്റന്റ് മാനേജര്‍ വിജയകുമാര്‍ പി. നായര്‍, സ്വകാര്യ കമ്പനി ഉടമകളായ രാജ് കുമാര്‍. എം. ഡാല്‍മിയ, ഗുരുദത്ത ജെ. ഖവാല്‍ക്കര്‍, രാജേന്ദ്ര കുമാര്‍ ഉമേദ്മല്‍ ഭന്‍സാലി എന്നിവരാണ് ഹാജരാകേണ്ടത്.
2006-07 കാലയളവിലാണ് കേസിനാസ്പദമായ തട്ടിപ്പ് നടന്നത്. പ്രതികള്‍ ഗൂഢാലോചന നടത്തി വ്യാജപേരുകളില്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് കറന്റ് അക്കൗണ്ട് തുറന്ന ശേഷം 4 മുതല്‍ 6 വരെ പ്രതികള്‍ക്ക് മാനേജരുടെ സാമ്പത്തിക അധികാര പരിധിക്ക് അതീതമായ തുകയായ 13.19 കോടി രൂപയുടെ ഓവര്‍ഡ്രാഫ്റ്റ് അനുവദിക്കുകയും 7.44 കോടി രൂപയുടെ ചെക്കുകള്‍, ബില്ലുകള്‍ എന്നിവ ഡിസ്കൗണ്ട് ചെയ്തു നല്‍കുകയും ചെയ്തു. ആള്‍മാറാട്ടം നടത്തി പലരുടെയും പേരില്‍ വ്യാജ ഒപ്പിട്ടാണ് തുകകള്‍ മാറിയെടുത്തത്. എച്ച്ഡിഎഫ്സിയുടെ അന്ധേരി ബ്രാഞ്ച് മുംബൈ ബ്രാഞ്ച്, രത്നാകര്‍ ബാങ്ക് എന്നിവ വഴിയാണ് തുകകള്‍ വക മാറ്റിയെടുത്തത്. നിയമവിരുദ്ധമായി 6,071 യുഎസ് ഡോളര്‍ കൈമാറിയതായും കുറ്റപത്രത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: