മെഡിക്കല്‍ കോളേജ്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊറോണ ഡ്യൂട്ടി ചെയ്യുന്ന നഴ്‌സുമാരുടെ ക്വാറന്റൈന്‍ ദിവസം വെട്ടിക്കുറച്ചതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം. നടപടി പാര്‍ട്ടി ബന്ധമുള്ള നഴ്‌സുമാരെ സഹായിക്കാനാണെന്ന് ആക്ഷേപം.
മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറേറ്റില്‍ നിന്ന് മാര്‍ച്ച് 3 ന് ഇറക്കിയ ഉത്തരവനുസരിച്ച് കൊറോണ രോഗികളേയും നിരീക്ഷണത്തിലിരിക്കുന്നവരേയും പരിചരിക്കുന്ന നഴ്‌സുമാര്‍ക്ക് 14 ദിവസമാണ് രോഗനിരീക്ഷണ കാലാവധിയായിരുന്നത്. ഇപ്പോള്‍ അത് വെട്ടിചുരുക്കി. ആയിരത്തിമുന്നൂറോളം സ്റ്റാഫ് നഴ്‌സുമാരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ളത്. ഇതില്‍ മൊത്തം നഴ്‌സുമാരുടെ മൂന്നിലൊന്ന് ശതമാനം മാത്രമാണ് കൊറോണ ഡ്യൂട്ടി ചെയ്യുന്നത്. ഇവര്‍ക്കുള്ള നിരീക്ഷണ കാലാവധി കുറയ്‌ക്കുന്നതോടെ നിലവില്‍ കൊറോണ ഡ്യൂട്ടി ചെയ്യുന്നവരെക്കൊണ്ട് കൊറോണ ഐസിയുവിലും വാര്‍ഡുകളിലും കൂടുതല്‍ ഡ്യൂട്ടി ചെയ്യിപ്പിക്കാമെന്ന രീതിയാണ് നടപ്പിലാക്കുന്നത്. ഇത് പാര്‍ട്ടി ബന്ധമുള്ള നഴ്‌സുമാരെ കൊറോണ രോഗികളെ പരിചരിക്കുന്നതില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കാനുള്ള തന്ത്രവുമാണ്.
നിലവിലെ സ്ഥിതിയനുസരിച്ച് പോലും മൂന്നും നാലും ഡ്യൂട്ടികള്‍ പാര്‍ട്ടിക്കാരല്ലാത്ത നഴ്‌സുമാര്‍ ചെയ്യുമ്പോള്‍ പാര്‍ട്ടി ബന്ധമുള്ള നഴ്‌സുമാര്‍ തെന്നിയും തെറിച്ചും ഒരു ഡ്യൂട്ടി മാത്രമാണ് ചെയ്യുന്നത്. നഴ്‌സിംഗ് സൂപ്രണ്ടിന്റെ രഹസ്യ അജണ്ടയിലാണ് ഇത്തരം തിരിമറികള്‍ നടക്കുന്നത്. ആശുപത്രിയില്‍ പനിയും ചുമയുമുള്ള രോഗികള്‍ക്കായി കൂടുതല്‍ വാര്‍ഡ് സജ്ജമാക്കുന്ന സാഹചര്യമാണുള്ളത്. ഈയവസ്ഥയില്‍ നഴ്‌സുമാരുടെ കുറവ് കാണിച്ച് കൊറോണ ഡ്യൂട്ടി ചെയ്യുന്നവരുടെ നിരീക്ഷണകാലാവധി കുറച്ചാല്‍ പാര്‍ട്ടിക്കാരായ നഴ്‌സുമാരെ കൊറോണ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കാനും കഴിയും. ഇക്കാര്യത്തില്‍ സംസ്ഥാന ഭരണനേതൃത്വവും പാര്‍ട്ടിയും ഡിഎംഇ അടക്കമുള്ളവര്‍ ഒത്തുകളിക്കുകയാണ്.
സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ആര്‍.എസ്. രാജീവ് ആവശ്യപ്പെട്ടു. രോഗികളെ പരിചരിക്കുന്ന നഴ്‌സുമാര്‍ രോഗബാധിതരാകേണ്ട സാഹചര്യമുണ്ടായാല്‍ രോഗലക്ഷണം പുറത്തുവരുന്നതിന് മുമ്പേ വീണ്ടും ഡ്യൂട്ടിക്ക് കയറുമ്പോള്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗപകര്‍ച്ചയില്‍ വന്‍ അപകടം വരുത്തും. മുമ്പത്തേക്കാളും കൊറോണ രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നഴ്‌സുമാരെ ചൂഷണം ചെയ്യുന്ന സമീപനത്തില്‍ നിന്നും അധികൃതര്‍ പിന്‍മാറണമെന്ന് രാജീവ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: