ന്യൂദല്‍ഹി: സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷന്. രാഷ്ട്രീയ താല്‍പ്പര്യത്തിനനുസരിച്ച് മാത്രമാണ് ജോസഫൈന് പ്രവര്‍ത്തിക്കുന്നതെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു.
വനിതാ കമ്മീഷനുകള്‍ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണ്. സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശത്തിനനുസരിച്ചല്ല കമ്മീഷന് പ്രവര്‍ത്തിക്കേണ്ടത്. പീഡനത്തിനിരയാകുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ഊന്നല്‍ നല്കി വേണം വനിതാ കമ്മീഷന് പ്രവര്‍ത്തിക്കേണ്ടത്. അല്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് കമ്മീഷന് വഴങ്ങരുത്. സിപിഎം തന്നെ കോടതിയും പോലീസുമാണെന്ന സംസ്ഥാന വനിതാ കമ്മീഷന്റെ നിലപാട് നാണക്കേടാണെന്നും ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ പ്രതികരിച്ചു.
രാജ്യത്തിനാകെ നാണക്കേടായി മാറിയ തിരുവനന്തപുരം കഠിനംകുളം കൂട്ടബലാത്സംഗക്കേസില്‍ ദേശീയ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഡിജിപി ആര്. ശ്രീലേഖാ ഐപിഎസിനോട് എത്രയും വേഗം ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന് അധ്യക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇരുപത്തഞ്ചുകാരി ഭര്‍ത്താവിന്റെയും കൂട്ടുകാരുടേയും കൂട്ടബലാത്സംഗത്തിനിരയായ സംഭവം നടുക്കുന്നതാണ്. മകന് മുന്നില്‍ വച്ച് സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയും പീഡിപ്പിക്കുകയും ചെയ്തത് അതിക്രൂരമാണ്. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെ ഉണ്ടാവുന്ന ഇത്തരം സംഭവങ്ങള്‍ കമ്മീഷനെ അസ്വസ്ഥപ്പെടുത്തുന്നു. കേസിലെ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തതായി തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്. ഇരയായ സ്ത്രീയുടെ ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി അവരുടെ മകനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്നും ദേശീയ വനിതാ കമ്മീഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: