തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളും കണ്ടൈന്‍മെന്റ് സോണുകളും ഒഴികെയുള്ള പ്രദേശങ്ങളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും, പൊതുമേഖല സ്ഥാപനങ്ങളും, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും, സഹകരണ സ്ഥാപനങ്ങളും ഇന്ന് മുതല്‍ പൂര്‍ണതോതില്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന മാര്‍ഗനിര്‍ദേശവുമായി സര്‍ക്കാര്‍. എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്നും നിര്‍ദേശമുണ്ട്.
കണ്ടൈന്‍മെന്റ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അതത് ജില്ലയിലെ ഏറ്റവും കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ക്രമീകരണമേര്‍പ്പെടുത്തണം. പൊതുഗതാഗത സൗകര്യം ലഭ്യമല്ലാത്തതിനാല്‍ ഓഫീസുകളിലെത്താന്‍ കഴിയാത്ത ജീവനക്കാര്‍ വിവിധ കളക്ടറേറ്റുകളിലും തദ്ദേശ സ്ഥാപനങ്ങളിലും റിപ്പോര്‍ട്ട് ചെയ്യണം. അവരെല്ലാം വിടുതല്‍ വാങ്ങി ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റുകളുമായി അവരവരുടെ ഓഫീസുകളില്‍ റിപ്പോര്‍ട്ടു ചെയ്യണം.
ഭിന്നശേഷിക്കാര്‍, ഗുരുതര രോഗബാധിതര്‍, ഓട്ടിസം/സെറിബ്രല്‍ പാള്‍സി, മറ്റു ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ എന്നിവരെ ഡ്യൂട്ടിയില്‍ നിന്ന് പരമാവധി ഒഴിവാക്കണം. ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളുടെ അമ്മമാരായ ജീവനക്കാരെയും, ഏഴു മാസം പൂര്‍ത്തിയായ ഗര്‍ഭിണികളായ ജീവനക്കാരെയും ഒഴിവാക്കണം, ഇവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം അനുവദിക്കണം. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കില്ല.
ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജീവനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഓഫീസ് മേധാവികള്‍ ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: