മറയൂര്‍: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന അതിര്‍ത്തിയില്‍ ഒരു ലോക്ക് ഡൗണ്‍ മാംഗല്യം. കേരളത്തിലെ ഏക മഴനിഴല്‍ പ്രദേശമായ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ വെച്ച് മൂന്നാര്‍ മാട്ടുപ്പെട്ടി സ്വദേശികളായ ശേഖറിന്റെയും- ശാന്തയുടെയും മകള്‍ പ്രിയങ്ക കോയമ്പത്തൂര്‍ ശരവണംപെട്ടി സ്വദേശികളായ മൂര്‍ത്തി-ഭാഗ്യത്തായി ദമ്പതികളുടെ മകന്‍ റോബിന്‍സണിന്റെ ജീവിത സഖിയായത്.
മൂന്നാര്‍ റിക്രീയേഷന്‍ ക്ലബ്ബ് വച്ച് മാര്‍ച്ച് 22ന് മുഹൂര്‍ത്തം നിശ്ചയിച്ചിരുന്ന വിവാഹം ജനതാ കര്‍ഫ്യൂവിനെ തുടര്‍ന്ന് മാറ്റിവയ്‌ക്കുകയായിരുന്നു. പിന്നീട് ലോക്ക് ഡൗണും നിയയന്ത്രണങ്ങളും തുടര്‍ന്ന് പോകുന്ന സാഹചര്യത്തില്‍ വിവാഹങ്ങള്‍ നടത്തുന്നതിന് സമ്പര്‍ക്ക് വിലക്കില്‍ ഇളവ് വരുത്തുകയും ആരോഗ്യ, റവന്യൂ, പോലീസ് വകുപ്പുകളുടെ അനുമതി ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇരു സംസ്ഥാനങ്ങളുടെയും അതിര്‍ത്തി വിവാഹ വേദിയാക്കാന്‍ ഇരുകൂട്ടരും തീരുമാനിച്ചത്.
85 കിലോമീറ്റര്‍ അകലയുള്ള മാട്ടുപ്പെട്ടിയില്‍ നിന്ന് രാവിലെ തന്നെ വധുവും അടുത്ത ബന്ധുക്കളും സംസ്ഥാന അതിര്‍ത്തിയായ ചിന്നാറിലെത്തി. നേരത്തെ തന്നെ കോയമ്പത്തൂരില്‍ നിന്നും വരനും അടുത്ത ബന്ധുക്കള്‍ അടങ്ങുന്ന 12 അംഗ സംഘം ചിന്നാര്‍ പാലത്തിനക്കരെ തമിഴ്‌നാടിന്റെ ഭാഗത്ത് കാത്തുനിന്നു. വരന് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് പ്രവേശിക്കുവാനുള്ള പാസ്സും വധുവിന് കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോകുവാനുള്ള പാസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
പിന്നീട് പഴനി- ശബരിമല പാതയില്‍ എക്‌സൈസ് ചെക്ക് പോസ്റ്റിന് മുന്‍പിലായി പായ്‌വിരിച്ച് കല്യാണ മണ്ഡപം ഒരുക്കി. വരനും പിതാവും മാത്രം അതിര്‍ത്തി കടന്ന് മണ്ഡപത്തില്‍ എത്തിയപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം എക്‌സൈസ് ജീവനക്കാര്‍ സാനിറ്റൈസര്‍ നല്‍കി. തുടര്‍ന്ന് തമിഴ് ആചാര പ്രകാരം റോബിന്‍സണ്‍ പ്രിയങ്കയുടെ കഴുത്തില്‍ രാവിലെ 8.30നും 9 മണിക്കും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തില്‍ താലിചാര്‍ത്തി പരസ്പരം മോതിരം അണിയിച്ചു.
മറയൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ. അബ്ദുള്‍ മജീദിന്റെ നേതൃത്വത്തില്‍ കൃത്യമായ സാമൂഹ്യ അകലം പാലിച്ചും കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചുമാണ് വിവാഹം നടന്നത്. വിവാഹ ശേഷം വരനോടൊപ്പം പ്രിയങ്ക മാത്രമാണ് തമിഴ്‌നാട് അതിര്‍ത്തിയിലേക്ക് കടന്നത്. ചിന്നാര്‍ എക്‌സൈസ് ചെക്ക് പോസ്റ്റിലേയും വനം വകുപ്പിലേയും ജീവനക്കാരും വിവാഹ ചടങ്ങിനാവശ്യമായ സഹായങ്ങള്‍ ഒരുക്കി നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: