വടക്കഞ്ചേരി: കിഴക്കഞ്ചേരി മലയോര മേഖലയില്‍ കാട്ടാന ഭീഷണി നിത്യസംഭവമായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
കണച്ചിപ്പരുത കുന്നേല്‍ എസ്റ്റേറ്റില്‍ ശനിയാഴ്ച രാവിലെ ടാപ്പിങിന് പോയ തൊഴിലാളി ഗോപാലകൃഷ്ണന് കാട്ടാനകളെ കണ്ടതിനെ തുടര്‍ന്ന് മറഞ്ഞു നിന്നു. ടാപ്പിങ് സ്ഥലത്തേക്ക് വന്നുകൊണ്ടിരുന്ന അമ്മയെ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ തിരിച്ചുപോയതിനാല്‍ അപകടം ഒഴിവായി. ഇതിനിടയില്‍ അല്‍പ്പം മാറി നിന്ന് ഗോപാലകൃഷ്ണന് കാട്ടാനയുടെ ചിത്രം പകര്‍ത്തുകയും ചെയ്തു. ഈ പ്രദേശത്ത് നിരന്തരം കാട്ടാന ഇറങ്ങുന്നതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലാണ്.
സമീപ പ്രദേശമായ പാലക്കുഴി റോഡില്‍ കന്നി മേരി എസ്റ്റേറ്റിലും, പാത്രക്കണ്ടം, പനംകുറ്റി, ഒടുക്കിന്‍ചോട്, കൊന്നക്കല്‍ കടവ് എന്നീ പ്രദേശങ്ങളിലും കാട്ടാനക്കൂട്ടം വന്‍ തോതില്‍ കൃഷി നശിപ്പിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്.
വാഴ, കപ്പ, പച്ചക്കറി തോട്ടങ്ങള്‍, പൈനാപ്പിള്‍ തുടങ്ങി നിരവധി വിളകളും, പുതുതായി പ്ലാന്റ് ചെയ്ത റബ്ബര്‍ തൈകളും കാട്ടാനകള്‍ നശിപ്പിച്ചിട്ടുണ്ട്.
എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ഫെന്‍സിങ് സംവിധാനം ഉണ്ടാക്കിയെങ്കിലും ഫലം കാണുന്നില്ല. ഇവ കൃത്യമായി പരിപാലിക്കാത്തതിനാല്‍ രാത്രി കാലങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകള്‍ പകല്‍ സമയങ്ങളിലാണ് തിരിച്ച് കാട്ടിലേക്ക് കയറുന്നത്. ഇത് മൂലം നാട്ടുകാര്‍ക്ക് പകല്‍ സമയത്തു പോലും പുറത്തിറങ്ങാന്‍ കഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: