തൃശൂര്‍: കൊച്ചിന് ദേവസ്വം ബോര്‍ഡിനു കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. വടക്കുന്നാഥന്, ചോറ്റാനിക്കര, തിരുവില്വാമല, കൊടുങ്ങല്ലൂര്‍, തൃപ്രയാര്‍ തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകും.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.ബി മോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഓരോ ക്ഷേത്രങ്ങളിലും ഉണ്ടാകുന്ന തിരക്കനുസരിച്ചായിരിക്കും ദര്‍ശനത്തിനുള്ള ക്രമീകരണം. ക്ഷേത്രത്തിലെ രജിസ്റ്ററില്‍ പേരും വിലാസവും ഫോണ്‍നമ്പറും എഴുതുന്നവരേ മാത്രമേ അമ്പലത്തിനുള്ളിലേക്ക് കടത്തി വിടൂ. ഭക്തര്‍ ആറടി സാമൂഹിക അകലം പാലിക്കണം. 100 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 15 പേര് മാത്രമേ നില്ക്കാന് പാടുള്ളൂ.
വഴിപാടിന് പുറത്തു നിന്നുള്ള അരി,നെയ്യ്,ശര്‍ക്കര തുടങ്ങിയ സാധനങ്ങള്‍ അനുവദിക്കില്ല. തുലാഭാരവും ക്ഷേത്രങ്ങളിലെ വസ്തുക്കള്‍ ഉപയോഗിച്ച് മാത്രമേ നടത്തുകയുള്ളൂ. ക്ഷേത്രങ്ങളില്‍ പ്രസാദവിതരണം പൊതു സ്ഥലത്തു നിന്ന് നടത്തുന്നില്ല. ഇതിനായി പ്രത്യേകം ജീവനക്കാരനെ നിയോഗിക്കും. ശീവേലി സമയത്ത് ഭക്തര്‍ക്ക് കൂട്ടത്തോടെ പ്രദക്ഷിണം നടത്താന്‍ അനുവദിക്കില്ല. ക്ഷേത്രത്തിനകത്തേയ്ക്ക് ഒരു കവാടത്തിലൂടെയും ദര്‍ശനം കഴിഞ്ഞ് മറ്റൊരു കവാടത്തിലൂടെയായിരിക്കുമാണ് പുറത്തേക്ക് വിടുക.
ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ക്ക് നാളെ മുതല്‍ പ്രവേശനം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗ നിര്‍ദ്ദേശമനുസരിച്ചാണ് കൊച്ചിന് ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് ക്രമീകരണം സജ്ജമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: