ഏപ്രില്‍-മെയ് മാസങ്ങളില്‍ സര്‍ക്കാര്‍ -എയ്ഡഡ് സ്കൂള്‍ അധ്യാപകരും ജീവനക്കാരും കുട്ടികളെ അന്വേഷിച്ച് വീടുകള്‍ കയറിയിറങ്ങുന്ന കാലമുണ്ടായിരുന്നു. ജോലി നിലനിര്‍ത്താനുള്ള തത്രപ്പാടിലായിരുന്നു അവര്‍. നിലവിലുള്ള കുട്ടികള്‍ അണ്‍എയ്ഡഡ് സ്വകാര്യ സ്കൂളുകളിലേക്ക് പോകരുത്, പുതിയ കുട്ടികള്‍ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളില്‍ത്തന്നെ ചേരണം എന്ന അഭ്യര്‍ഥനയായിരുന്നു അവര്‍ക്ക്. ‘ചാക്കിട്ടുപിടുത്തക്കാര്’ എന്ന ഇരട്ടപ്പേരുപോലും അധ്യാപകര്‍ക്കു വന്നു. കുട്ടികള്‍ കുറഞ്ഞാല്‍ ഡിവിഷന് കുറയും, ഡിവിഷന് കുറഞ്ഞാല്‍ ജോലി പോകും. അധ്യാപകരും കുട്ടികളും കുറഞ്ഞാല്‍ സ്കൂള്‍തന്നെ ഇല്ലാതാകും. സ്കൂളുകള്‍ ‘അണ് ഇക്കണോമിക്’ ആയി പ്രഖ്യാപിക്കപ്പെടും.
അണ് ഇക്കണോമിക് എന്നാല്‍ നടത്തിപ്പുകാര്‍ക്ക് ആദായമില്ലാത്തത്; സര്‍ക്കാരാണ് നടത്തിപ്പുകാര്‍. ഏറെക്കാലം അങ്ങനെയായിരുന്നു. പിന്നീട് വിദ്യാഭ്യാസം സര്‍ക്കാര്‍ ഉത്തരവാദിത്വമാണെന്നും ഗുണമേന്മയുള്ള വിദ്യാഭ്യാസ സംവിധാനം വേണമെന്നുമുള്ള ചിന്തകളുടെ പശ്ചാത്തലത്തില്‍ പരിഷ്കാരങ്ങള്‍ക്ക് ശ്രമം നടന്നു. അന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയ നിലപാടുകളിലെ പോരായ്മകള്‍, സ്ഥിതി കൂടുതല്‍ മോശമാക്കി. അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഗതിമാറി. ഡോ. മുരളീ മനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ രംഗത്ത് നയത്തിലും ശൈലിയിലും വലിയ അഴിച്ചു പണികള്‍ നടത്തി. അങ്ങനെ 2002ല്‍ സര്‍വ ശിക്ഷാ അഭിയാന് (എസ്എസ്എ) എന്ന പദ്ധതി വന്നു. അതിനു തൊട്ടു മുമ്പ് ആറുമുതല്‍ 14 വരെ പ്രായമുള്ളവര്‍ക്ക് വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധിതവുമാക്കി ഭരണഘടന ഭേദഗതി ചെയ്തു. വിദ്യാഭ്യാസ രംഗത്തെ കുതിച്ചു ചാട്ടമായിരുന്നു അത്.
സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനമായിരുന്നു ആദ്യപടി. മൂത്രപ്പുരപോലുമില്ലാതിരുന്ന വിദ്യാലയങ്ങളില്‍ മെച്ചപ്പെട്ട ഭൗതിക സാഹചര്യവുമൊരുക്കി. അതോടെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് എല്ലാത്തരത്തിലും നിലവാരമൊരുങ്ങി. പഠന സൗകര്യവും സംവിധാനവും മെച്ചപ്പെട്ടു. വാജ്പേയി സര്‍ക്കാരിനു മുമ്പ്, ലോകബാങ്കിന്റെയും മറ്റും സാമ്പത്തിക സഹായത്തില്‍ അവര്‍ നിര്‍ദേശിച്ച മാതൃകയിലുള്ള വിദ്യാഭ്യാസമായി കേരളത്തില്‍. സര്‍വശിക്ഷാ അഭിയാന് സഹായത്തോടെ കേരളത്തിലെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകള്‍ മികച്ച നിലയിലേക്കെത്തി. പഴയ ‘ദാരിദ്ര്യം’ മാറി. അണ്‍എയ്ഡഡ് സ്വകാര്യ മേഖലയോട് എല്ലാ കാര്യത്തിലും മത്സരിക്കാന്‍ ശക്തമായി.
ഇപ്പോള്‍ കൊറോണയും ലോക്ഡൗണും മൂലം സ്കൂളുകള്‍ തുറക്കാന്‍ വൈകുന്നെങ്കിലും സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലേക്ക് കുട്ടികളുടെ തള്ളിക്കയറ്റമാണ്. ഇത് എയ്ഡഡ് സ്വകാര്യ സ്കൂളുകള്‍ക്ക്, പ്രത്യേകിച്ച് സിബിഎസ്ഇ സ്കൂളുകള്‍ക്ക് പ്രതിസന്ധിയാകുന്നു. അഞ്ചുവര്‍ഷത്തിനിടെ സിബിഎസ്ഇ സ്കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. 16 ലക്ഷം വിദ്യാര്‍ഥികള്‍ എന്നത് 7.5 ലക്ഷമായെന്ന് ഒരു കണക്കുണ്ട്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കൂടി.
ഒരു സര്‍ക്കാര്‍ ഹൈസ്കൂളില്‍ ഈ കൊറോണക്കാലത്തും ഒറ്റ ദിവസം 82 കുട്ടികള്‍ പ്രവേശനം നേടിയ കണക്ക് സ്കൂള്‍ പിടിഎ പറയുന്നു. ‘മുമ്പില്ലാത്തതാണിത്, പല കാരണങ്ങളുണ്ടാകാം. പക്ഷേ, ഇതൊരു പുതിയ ട്രെന്‍ഡാണ്,’ പിടിഎ ഭാരവാഹിയായ ഷംസുദീന്‍ പറഞ്ഞു.
ഈ മാറ്റത്തിന് മൂന്ന് കാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഒന്ന്: സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്നവര്‍ക്ക് കൂടുതല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷ. രണ്ട്: സിബിഎസ്ഇ സിലബസില്‍ പഠിക്കുന്ന കുട്ടികളേക്കാള്‍ കൂടുതല്‍ മാര്‍ക്ക് സ്റ്റേറ്റ് സിലബസില്‍ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്നവര്‍ക്ക് ലഭിക്കുന്നു. മൂന്ന്: സാമ്പത്തിക പ്രതിസന്ധിയില്‍, ഫീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സഹായകമാകും. സ്വകാര്യ സ്കൂളുകള്‍ ഇപ്പോള്‍ അണ് ഇക്കണോമിക് ആവുകയാണ്.
സിബിഎസ്ഇയോടുള്ള ആഭിമുഖ്യം കുറയുന്നു. ഇത് പക്ഷേ ഏറെ പ്രസിദ്ധമായ വമ്പന്‍ സ്ഥാപനങ്ങളെ ബാധിക്കുന്നില്ല. അവിടങ്ങളില്‍ പ്രവേശനം കിട്ടാന്‍ വലിയ മത്സരം തന്നെയാണ്. കൂടിയ ഫീസും മറ്റു ചെലവുകളും ഉണ്ടെങ്കിലും അത്തരം സ്ഥാപനങ്ങളിലാണ് കുട്ടി പഠിക്കുന്നതെന്ന സ്റ്റാറ്റസ് രക്ഷിതാക്കളുടെ അഭിമാന പ്രശ്നം കൂടിയായതിനാല്‍ അവിടങ്ങളില്‍ നിന്ന് കൊഴിഞ്ഞുപോക്കു കാര്യമായില്ല. പുതുതായി അഡ്മിഷന് നേടാന്‍ തിരക്കുമുണ്ട്. എന്നാല്‍ ചെറുകിട സ്കൂളുകളുടെ കാര്യം അതല്ല. അവിടെ കുട്ടികള്‍ കുറഞ്ഞാല്‍ പത്താംക്ലാസിന് പരീക്ഷാ സെന്റര്‍ ഇല്ലാതാകും, സ്കൂള്‍ അംഗീകാരം നഷ്ടമാകും. ഈ ആശങ്കയില്‍ മാനേജ്മെന്റിന്റെ പ്രേരണയില്‍ കുട്ടികളെ പിടിക്കാനും സ്കൂളുകളില്‍ത്തന്നെ നിലനിര്‍ത്താനും അണ്‍എയ്ഡഡ് സ്വകാര്യ സ്കൂള്‍ അധ്യാപകരും ജീവനക്കാരുമാണിപ്പോള് നെട്ടോട്ടമോടുന്നത്. ഫീസിളവ്, വാഹന സൗകര്യം, സാങ്കേതിക സഹായം, സൗജന്യ പഠനോപകരണം തുടങ്ങി ഒപ്പം നിര്‍ത്താനുള്ള ‘പ്രലോഭനങ്ങള്‍’ ഏറെയാണ്.
ഈ മാറ്റം നല്ലതാണെന്നും രണ്ടുതരം പൗരന്മാരുണ്ടാകുന്ന സ്ഥിതി മാറുമെന്നും മറ്റും വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും വരുമ്പോഴും ചില അടിസ്ഥാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഒന്ന്: വിദ്യാര്‍ഥികളുടെ നിലവാരം സര്‍ക്കാര്‍ സ്കൂളിനേക്കാള്‍ സ്വകാര്യ മേഖലയിലാണെന്ന് അവര്‍ ചില സര്‍വേകളുടെ അടിസ്ഥാനത്തില്‍ പ്രചരിപ്പിക്കുന്നു. പ്രൊഫഷണല്‍ കോളെജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ കണക്കെടുപ്പില്‍ 75 ശതമാനം കുട്ടികളും സ്വകാര്യ സ്കൂളുകളിലോ സിബിഎസ്ഇയിലോ പഠിച്ചവരാണെന്ന് അവര്‍ അവകാശപ്പെടുന്നു. രണ്ട്: സ്വകാര്യ മേഖലയില്ലാതായി അത്രയും കുട്ടികളുടെ തള്ളിക്കയറ്റം സര്‍ക്കാര്‍ സ്കൂളുകളിലുണ്ടായാല് അവിടത്തെ ഗുണപരമായ നിലവാരം കുറയും. അത് വിദ്യാഭ്യാസ രംഗത്തെ സംസ്ഥാന നേട്ടങ്ങള്‍ ഇല്ലാതാക്കും.
കൊറോണയും ലോക്ഡൗണും വിദ്യാഭ്യാസ രംഗത്ത്കൊണ്ടുവന്ന മാറ്റങ്ങള്‍ വലുതാണ്. അത് ഡിജിറ്റല്‍ മേഖലയില്‍ മാത്രമല്ല. ചില രക്ഷിതാക്കളുടെയെങ്കിലും ‘പൊങ്ങച്ചത്തിന്റെ’ ഭാഗമായിരുന്ന, മക്കള്‍ പഠിക്കുന്ന സ്ഥാപനത്തിന്റെ ‘പകിട്ടു’ കുറച്ചു. പക്ഷേ, വരുംകാലത്തെ പഠിപ്പിക്കല്‍ സംവിധാനത്തിലെ മാറ്റം സംസ്ഥാന സര്‍ക്കാരിന് എത്രമാത്രം നടപ്പിലാക്കാന്‍ പറ്റുമെന്നത് വെല്ലുവിളിയാണ്. നയത്തില്‍, നിലപാടില്‍, കാഴ്ചപ്പാടില്‍ അത് മാറ്റമുണ്ടാക്കിയാലേ ഫലം കാണൂ. അവിടെ സ്വകാര്യ മേഖല കുതിച്ചു ചാട്ടം നടത്തിയാല്‍ അതിശയിക്കേണ്ടതില്ല.
അതായത്, കേന്ദ്ര സര്‍ക്കാരിന്റെ സര്‍വശിക്ഷാ അഭിയാന് പ്രകാരം അനുവദിക്കുന്ന ഫണ്ട് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായി ചെലവിടാം. അത് നിശ്ചയിക്കുന്നത് ഒരു പരിധിവരെ സംസ്ഥാനങ്ങളാണ്. സ്മാര്‍ട് ക്ലാസ് റൂം എന്ന സങ്കല്‍പ്പം പൊതുവേ കേരളവുമായി താരതമ്യത്തില്‍, പിന്നില്‍ നില്ക്കുന്ന ചില ഇതര സംസ്ഥാനങ്ങളില്‍ അത്ഭുതമാണ്. അങ്ങനെ നോക്കുമ്പോള്‍ കേരളത്തില്‍ അതിനപ്പുറം പോകേണ്ടതാണ്. എന്നാല്‍, കേരളം സമ്പൂര്‍ണ സ്മാര്‍ട് ക്ലാസ് റൂം സ്കൂളുകളുള്ള സംസ്ഥാനമാണ്. 45,000 ക്ലാസ് മുറികള്‍ സ്മാര്‍ട്ടാണ്. പക്ഷേ, ഈ ലോക്ഡൗണ്‍ കാലത്ത് അതില്‍ എത്രയെണ്ണം ഏതെങ്കിലും പഠന സംവിധാനത്തിന് വിനിയോഗിച്ചുവെന്നത് ചിന്താവിഷയമാണ്. മുമ്പ് സര്‍ക്കാര്‍ അധ്യാപകര്‍ ‘കുട്ടികളെ പിടിക്കാന്‍’ വീടുകളില്‍ കയറിയിറങ്ങി, ഇപ്പോള്‍ സ്വകാര്യ വിദ്യാലയ സംരംഭകര്‍ അതു ചെയ്യുന്നു. നാളെ എന്താകും..?
പ്രതികരിക്കാൻ ഇവിടെ എഴുതുക: