ആലപ്പുഴ: ദേശിയ സേവാഭാരതി സംസ്ഥാനത്ത് നടപ്പാക്കുന്ന ഗ്രാമവൈഭവം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് നിക്‌സണ്‍ എം. ജോസഫ് നിര്‍വഹിച്ചു. മരങ്ങള്‍ വാങ്ങുകയും, നടുകയും ചെയ്യുന്നതിലല്ല അവയെ പരിപാലിക്കുന്ന കാര്യത്തിലാണ് നാം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടിക്കാലം മുതലേ നമ്മള്‍ വനവല്‍ക്കരണത്തെക്കുറിച്ച് പഠിക്കുകയും മരങ്ങള്‍ നടുകയും ചെയ്തിരുന്നു. എന്നാല്‍ ആ മരങ്ങളെ നാം സംരക്ഷിച്ച് വളര്‍ത്തിയിരുന്നെങ്കില്‍ ഇന്ന് എത്ര വനം നമ്മുടെ നാട്ടിലുണ്ടാകുമായിരുന്നു.
ഇത് ഒരു ചടങ്ങു മാത്രമാക്കാതെ നാം നടുന്ന ഓരോ ചെടിയും മരമായി വളര്‍ന്നോ എന്ന് ഉറപ്പ് വരുത്തേണ്ട ചുമതല അവരവര്‍ക്കാണ്. എല്ലാവരും വൃക്ഷങ്ങള്‍ നട്ടുപിടുപ്പിച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനും അതിലുടെ ഭാവി തലമുറക്കായി നല്ലൊരു ഭൂമിയെ കൈമാറാനും നമ്മുക്ക് കഴിയണം സേവാഭാരതിയുടെ പുതിയ കാര്യാലയ പരിസരത്ത് പ്ലാവിന്‍തൈയും അദ്ദേഹം നട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍. രാജേഷ് സ്വാഗതം പറഞ്ഞു.
ദേശിയ സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. വി. ശങ്കരന്‍, ആര്‍എസ്എസ് സംസ്ഥാന സഹസേവാപ്രമുഖ് എം. സി. വത്സന്‍, വിഭാഗ് സഹസംഘചാലക് എം. വി. രാമചന്ദ്രന്‍, വിഭാഗ് പ്രചാരക് ശ്രീനിഷ്, ജില്ലാ സഹസംഘചാലക് റിട്ട. കേണല്‍ റാംമേഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പരിസ്ഥിതി സംരക്ഷണ പദ്ധതിയായ ഗ്രാമവൈഭവത്തിലൂടെ 10 ലക്ഷം വൃക്ഷതൈകള്‍ നടും. കൊറോണ മൂലം താറുമാറായ സാമ്പത്തിക രംഗത്ത് സ്വാവലംബം കൊണ്ടുവരുന്നതിനായാണ് സേവാഭാരതി പരിസ്ഥിതി സംരക്ഷണത്തിലൂന്നി ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.
ഗ്രാമവൈഭവം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് നിക്‌സണ്‍ എം. ജോസഫ് നിര്‍വഹിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: