ന്യൂദല്‍ഹി: അടുത്ത അഞ്ചുവര്‍ഷം കൊണ്ട് രാജ്യത്തുടനീളം 200 ‘നഗര്‍ വന്‍’ കള്‍ വികസിപ്പിക്കുന്നതിനായി ‘നഗരവന പദ്ധതി” നടപ്പാക്കുമെന്ന് ലോകപരിസ്ഥിതിദിനത്തില്‍ കേന്ദ്രഗവണ്‍മെന്റ്. വനംവകുപ്പ്, മുന്‍സിപ്പല്‍ ഭരണകൂടങ്ങള്‍, ഗവണ്‍മെന്റിതര സംഘടനകള്‍, വന്‍കിട സംരഭങ്ങള്‍, സാധാരണക്കാര്‍ എന്നിവര്‍ തമ്മിലുള്ള സഹകരണം, പൊതുജനപങ്കാളിത്തം എന്നിവയ്‌ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാകും പദ്ധതി നടപ്പാക്കുക.
ജൈവവൈവിധ്യം എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. കോവിഡ് 19 മഹാമാരിയെത്തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ പരിഗണിച്ച് ലോകപരിസ്ഥിതിദിനാഘോഷങ്ങള്‍ പൂര്‍ണമായും; വെര്‍ച്ച്വല്‍ രീതിയിലാണ് മന്ത്രാലയം സംഘടിപ്പിച്ചത്. ‘നഗരവനം’ (Urban Forest) എന്ന ആശയത്തിന് പ്രാധാന്യം നല്‍കിയായിരുന്നു ആഘോഷങ്ങള്‍.
നഗരവന പദ്ധതിയുടെ പ്രഖ്യാപനവും, ഇവ തയ്യാറാക്കുന്നതിനുള്ള മെച്ചപ്പെട്ട രീതികളുള്‍ക്കൊള്ളിച്ച ബ്രോഷറിന്റെ പ്രകാശനവും, കേന്ദ്ര പരിസ്ഥിതി മന്ത്രി ശ്രീ പ്രകാശ് ജാവ്‌ദേക്കര്‍ നിര്‍വ്വഹിച്ചു. രാജ്യത്തെ നഗരങ്ങളുടെ ശ്വാസകോശങ്ങളായി മാറാന്‍ ഈ വനങ്ങള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നഗരമേഖലകളില്‍ ഉള്ള വനഭൂമിയിലോ, പ്രാദേശിക നഗര ഭരണകൂടങ്ങള്‍ നല്‍കുന്ന തരിശ്/മിച്ച ഭൂമിയിലോ ആയിരിക്കും ഈ വനങ്ങള്‍ കൂടുതലായും തയ്യാറാക്കുക എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഭൂമിയുടെ കരപ്രദേശത്തിന്റെ രണ്ടരശതമാനം മാത്രം ഉള്ള, ആഗോളജനകന്നുകാലി സംഖ്യയുടെ 16 ശതമാനം അധിവസിക്കുന്ന, ശുദ്ധജലസ്രോതസ്സുകളുടെ വെറും നാലു ശതമാനം മാത്രം കൈമുതലായുള്ള ഇന്ത്യയില്‍, പക്ഷെ, ലോക ജൈവവൈവിധ്യത്തിന്റെ എട്ട് ശതമാനം ഉള്ളതായി കേന്ദ്രപരിസ്ഥിതി മന്ത്രി ചൂണ്ടിക്കാട്ടി. നമുക്ക് കൈമുതലായുള്ള ഈ വന്‍ ജൈവവൈവിധ്യം, അത് പ്രകൃതിയുമായി അനുരൂപപ്പെട്ടുകൊണ്ട് നാം രൂപപ്പെടുത്തിയ മൂല്യങ്ങളുടെയും ചിന്തകളുടെയും ഫലമാണെന്നും ശ്രീ ജാവ്‌ദേക്കര്‍ ഓര്‍മ്മിപ്പിച്ചു.
ഗ്രാമീണവനങ്ങള്‍ എന്ന പാരമ്പര്യം നാം കാലാകാലങ്ങളായി പിന്തുടര്‍ന്നുപോരുന്ന ഒന്നാണ്. നമ്മുടെ നഗരങ്ങളില്‍ ഉദ്യാനങ്ങള്‍ ഉണ്ടെങ്കിലും, വനങ്ങള്‍ വളരെ അപൂര്‍വമായേ കാണാറുള്ളൂ. ‘നഗരവനങ്ങള്‍’ എന്ന ഈ പദ്ധതി ഈ അന്തരം കുറയ്‌ക്കാന്‍ സഹായകമാകുമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
കേന്ദ്രസഹമന്ത്രി ബാബുല്‍ സുപ്രിയോയും ചടങ്ങില്‍ പങ്കെടുത്തു. മരം നട്ടുപിടിപ്പിക്കല്‍, മണ്ണിലെ ഈര്‍പ്പം സംരക്ഷിക്കാനുള്ള നടപടികള്‍ എന്നിവ നമ്മുടെ രാജ്യത്തെ ജൈവവൈവിധ്യ സംരക്ഷണപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനമായി മാറേണ്ടതുണ്ടെന്നു അദ്ദേഹം വിലയിരുത്തി.
ഐക്യരാഷ്‌ട്ര മരുവത്കരണ പ്രതിരോധ കൂട്ടായ്മ (UNCCD) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ശ്രീ ഇബ്രാഹിം തിയ്യാവോ, ഐക്യരാഷ്‌ട്ര പരിസ്ഥിതി പരിപാടി (UNEP) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇങ്കര്‍ ആന്‍ഡേഴ്‌സണ്‍ തുടങ്ങിയവരും പരിപാടിയില്‍ വിര്‍ച്വലായി പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: