കോട്ടയം: കൊറോണക്കാലത്ത് ക്ളാസ്സ്മുറി പഠനം മാറി ഓണ്‍ലൈന്‍ പഠനം പുരോഗമിക്കെ, പഠനവും പഠനാനുബന്ധ സാമഗ്രികളും കൂടുതല്‍ അധ്യാപക-വിദ്യാര്‍ഥി സൗഹൃദമാക്കാന്‍ പുതുവഴികള്‍ തേടുകയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഈആശയത്തിലൂന്നിയാണ് കോട്ടയം സി.എം.എസ് കോളേജിലെ ഐ.ടി വകുപ്പിലെ വെബ് അഡ്മിനിസ്ട്രറ്റര്‍ മിഥുന്റെ നൂതന കണ്ടുപിടിത്തമായ ഓണ്‍ലൈന്‍ മൊബൈല്‍ റെക്കോഡ് സ്റ്റാന്റിന്റെ പിറവി. ഈ സ്റ്റാന്റിന് മുകളില്‍ മൊബെല്‍ ക്യാമറ ഓണ്‍ ആക്കി വയ്ക്കും. അതിന് താഴെ പേപ്പറില്‍ എഴുതുന്നതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യപ്പെടും.
ഓണ്‍ലൈന്‍ ക്ലാസില്‍ ഗൂഗിള്‍ മീറ്റ് ആപ്പ് ഓണ്‍ ചെയ്തു സ്റ്റാന്റില്‍ വച്ചാല്‍ മതി. ഓഫ് ലൈനാണെങ്കില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യും. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിലെ പ്രോബ്ലങ്ങള്‍ ചെയ്യുന്നതിന് ഉപകാരപ്രദമാണ് ഈ ഉപകരണം. ക്ലാസില്‍ ബോര്‍ഡില്‍ എഴുതി പഠിപ്പിക്കുന്ന അതേ അനുഭവം ലഭിക്കുമെന്ന് കെമിസ്ട്രി അധ്യാപകന് ഡോ.വിപിന്‍ ഐപ് തോമസ് പറഞ്ഞു.
പി.വി.സി പൈപ്പിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ കുറഞ്ഞ വിലയിലാണ് സ്റ്റാന്റ് ലഭിക്കുന്നത്. മറ്റു പല സ്കൂളുകളും കോളേജുകളും സ്റ്റാന്റിന് ആവശ്യക്കാരായി എത്തിട്ടുണ്ട്. മിഥുന് ഇപ്പോള്‍ നല്ല തിരക്കിലാണ്. സ്റ്റാന്റ് പല കോളേജുകളിലും എത്തിച്ചു തുടങ്ങി. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ വഴി പല രീതിയിലുളള സ്റ്റാന്റുകള്‍ ഉണ്ടെങ്കിലും വില കൂടുതലാണ്. അതേ സമയം ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഇന്റര്‍നെറ്റ് ലഭ്യത ക്ലാസുകളെ ബാധിക്കുന്നുണ്ട്. കണക്ഷന് പലപ്പോഴും കിട്ടാറില്ല. വീടുകളില്‍ ഓണ്‍ലൈന്‍ സംവിധാനം ലഭിക്കാത്ത കുട്ടികള്‍ക്ക് അടുത്തുളള വായനശാലയിലും കോളേജുകളിലും സൗകര്യം ഒരുക്കീട്ടുണ്ട്. വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്ത് യൂടുബില്‍ അപ്പ് ലോഡ് ചെയ്യുന്നതിനെക്കുറിച്ചും കോളേജ് അധികൃതര്‍ ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: