കോഴിക്കോട്: എന്നും ആദര്‍ശത്തെ മുറുകെ പിടിച്ച മാധ്യമപ്രവര്‍ത്തകനായിരുന്നു ജന്മഭൂമി മുഖ്യപത്രാധിപരും തപസ്യ സംസ്ഥാന പ്രസിഡന്റും മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന വി.എം. കൊറാത്തെന്ന് തപസ്യ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും എഴുത്തുകാരനുമായ എം. ശ്രീഹര്ഷന് അനുസ്മരിച്ചു. വി.എം. കൊറാത്തിന്റെ പതിനഞ്ചാം ചരമവാര്‍ഷികത്തില്‍ നടന്ന ഓണ്‍ലൈന്‍ ശ്രദ്ധാഞ്ജലി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദര്‍ശത്തില്‍ വിട്ടുവീഴ്ചചെയ്ത മാനേജ്മെന്റ് നടപടികളില്‍ മനംമടുത്താണ് സ്വന്തം ജീവന്റെ ഭാഗമായിരുന്ന മാതൃഭൂമിയില്‍ നിന്ന് വി.എം. കൊറാത്ത് ഇറങ്ങിപ്പോയതെന്ന് ശ്രീഹര്ഷന് പറഞ്ഞു. പിന്നീട് ജന്മഭൂമി മുഖ്യപത്രാധിപരായിരിക്കെ മാതൃഭൂമിയുടെ ചീഫ് എഡിറ്ററാവാന്‍ വീരേന്ദ്രകുമാര്‍ നേരിട്ട് വന്ന് അദ്ദേഹത്തോട് അപേക്ഷിക്കുകയുണ്ടായി. വലിയ വാഗ്ദാനങ്ങള്‍ നല്കി. പരമേശ്വര്ജിയെക്കൊണ്ട് ശുപാര്‍ശ ചെയ്യിച്ചു. തിരിച്ചുപോവില്ല എന്നത് കൊറാത്ത് സാറിന്റെ ഉറച്ച നിലപാടായിരുന്നു. പത്രധര്‍മ്മത്തോട് ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും താന്‍ തയാറാവില്ല എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. തപസ്യ എന്നത് കൊറാത്ത്സാറിന് ഉച്ഛ്വാസവായുപോലെയായിരുന്നു. ഒരുപക്ഷെ തപസ്യക്ക് പൊതുസമൂഹത്തിലും മാധ്യമരംഗത്തുമുണ്ടായ സ്വീകാര്യതയ്ക്ക് പ്രധാന കാരണക്കാരന്‍ വി.എം. കൊറാത്ത് ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
തപസ്യ കലാസാഹിത്യവേദി കോഴിക്കോട് ജില്ലാ വാട്സ് ആപ് ഗ്രൂപ്പില്‍ ഇന്നലെ വൈകിട്ട് ഓണ്‍ലൈനായാണ് അനുസ്മരണം സംഘടിപ്പിച്ചത്. തപസ്യ രക്ഷാധികാരിയും ജന്മഭൂമി മുന്‍ മാനേജിംഗ് എഡിറ്ററുമായ പി. ബാലകൃഷ്ണന് അദ്ധ്യക്ഷനായി. ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസ്, തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് മുരളി പാറപ്പുറം, സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്, രജനി സുരേഷ്, നന്ദന് നന്മണ്ട എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: