പത്തനാപുരം: പാലക്കാട് അമ്പലപ്പാറയിലെ കാട്ടാനയുടെ ദാരുണാന്ത്യത്തിന് പിന്നാലെ പത്തനാപുരം കറവൂരിലും വായില്‍ വ്രണവുമായി പ്രാണവേദനയില്‍ കഴിഞ്ഞ പിടിയാന ചരിഞ്ഞ സംഭവവും വീണ്ടും ചര്‍ച്ചയാകുന്നു. സ്ഫോടക വസ്തു കടിച്ചാണ് കാട്ടാന ചരിഞ്ഞതെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നുവെങ്കിലും അന്വേഷണം വഴിമുട്ടിയ നിലയിലാണ്.
ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തു വന്നാലെ കൂടുതല്‍ വ്യക്തത വരുത്താനാകൂ എന്നാണ് സംഭവം നടന്ന് രണ്ട് മാസം കഴിഞ്ഞിട്ടും വനംവകുപ്പ് പറയുന്നത്.
അമ്പനാര്‍ ഫോറസ്റ്റ് പരിധിയില്‍ ഓലപ്പാറ മാന്തടം ഭാഗത്തെ വനത്തിനുളളില്‍ കഴിഞ്ഞ ഏപ്രില്‍ 11നാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മുപ്പത്തിയഞ്ച് വയസ് പ്രായം വരുന്ന പിടിയാന കറവൂര്‍ കോട്ടക്കയം കാട്ടരുവിക്ക് സമീപം ഏപ്രില്‍ ഒന്‍പതിനാണ് ആദ്യം എത്തിയത്.
വായിലെ വ്രണം മൂലം തീറ്റയും വെള്ളവും കുടിക്കാനാകാത്ത നിലയിലായിരുന്നു. കാട്ടിലേക്ക് ഓടിച്ചുവിടാന്‍ ശ്രമം നടത്തിയെങ്കിലും പോയില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പിറ്റേദിവസം രാവിലെ വനംവകുപ്പ് ഡോക്ടര്‍മാര്‍ സ്ഥലത്ത് എത്തിയെങ്കിലും ചികിത്സ നല്കാന് സാധിച്ചിരുന്നില്ല.
വീണ്ടും ഒരു ദിവസം കഴിഞ്ഞ് മയക്ക് വെടിവെച്ച് വീഴ്ത്താനായി ഡോക്ടര്‍മാര്‍ എത്തിയെങ്കിലും ആനയെ കണ്ടെത്തിയില്ല. തുടര്‍ന്ന് ഏറേ നേരത്തെ തെരച്ചിലിനൊടുവില്‍ ആറ് കിലോമീറ്റര്‍ വനത്തിനുളളിലായി പിടിയാനയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയെങ്കിലും ചികിത്സ തുടരും മുമ്പേ ആന ചരിയുകയായിരുന്നു. വനംമന്ത്രി കെ.രാജുവിന്റെ നാട്ടില്‍ അതിദാരുണമായ സംഭവം നടന്ന് രണ്ട് മാസത്തോളമായിട്ടും അന്വേഷണം നടത്താത്ത വനംവകുപ്പിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: