ശാസ്താംകോട്ട: അവഗണനയുടെ ചെളി മൂടി നാടിന്റെ ശുദ്ധജല തടാകം. ജലചൂഷണം മാത്രം ലക്ഷ്യമിട്ട് നടക്കുന്ന പമ്പിങ് തടാകത്തെ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥ തകര്‍ത്ത് നശിപ്പിച്ചു കഴിത്തിരിക്കയാണ്.
കുന്നത്തൂര്‍ താലൂക്കില്‍ ശാസ്താംകോട്ട, പടിഞ്ഞാറേ കല്ലട, മൈനാഗപ്പള്ളി പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന തടാകം. 20 കിലോമീറ്റര്‍ തീര നീളമുള്ള തടാകം മറ്റു ജല സ്രോതസുകളുമായി ബന്ധപ്പെട്ടതല്ല. ലവണാംശമില്ലാത്ത തടാകത്തില്‍ പായലുകളും ജലപക്ഷി സാന്നിധ്യവുമില്ല. (ഇപ്പോള്‍ പായല്‍ മൂടിയ അടിത്തട്ട് നാശത്തിന്റെ സൂചനയാണ്) അഷ്ടമുടിക്കായല്‍ കല്ലട ആറ് എന്നിവയുടെ സാമീപ്യമുണ്ടെങ്കിലും ഇതിന്റെ ജല സംവിധാനം വേറിട്ടതാണ്.
ഒരു പാട് ചരിത്രാവശിഷ്ടങ്ങളും ശേഷിപ്പുകളും സൂചനകളും ഉണ്ടായിട്ടും പഠനത്തിനോ ഉദ്ഗ്രഥനത്തിനോ മാറിമാറി കേരളം ഭരിച്ച സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടില്ല. തടാകം വറ്റിയ കാലം തടാകത്തില്‍ കണ്ടെത്തിയ കാണ്ടാത്തടികള്, വെട്ടോലിക്കടവില്‍ നിന്നും ലഭിച്ച ക്ഷേത്രം തകര്‍ത്ത അവശിഷ്ടങ്ങള്‍ ,അമ്പലക്കടവില്‍ നിന്നും ലഭിച്ച പുരാതന നാണയങ്ങള്‍ ഡി ബി കോളജിനടുത്ത് 1970 ല്‍ സര്‍വ്വമത സമ്മേളനത്തിന് പന്തല്‍ നാട്ടാന്‍ കുഴിച്ചപ്പോള്‍ ലഭിച്ച അസാധാരണ വലിപ്പമുള്ള തലയോട് വേങ്ങയില്‍ നിന്നും 2013 ല്‍ ലഭിച്ച ഫോസില്‍ രൂപത്തിലുള്ള ആനപ്പല്ല് എന്നിവ ചരിത്ര സൂചനകളാണ്. കല്ലട രാജവംശത്തിന്റെ തിരുശേഷിപ്പുകള്‍ കിഴക്കേ കല്ലടയിലും പടിഞ്ഞാറേ കല്ലട ആവണിപുരം ക്ഷേത്രത്തിലും കാണാം. പോര്‍ട്ടുഗീസുകാര്‍ തടാക നാട്ടിലെ ക്ഷേത്രങ്ങള്‍ തകര്‍ത്ത കഥ പാശ്ചാത്യ സഞ്ചാരി എഴുതിയ ജോര്നാട എന്ന പുസ്തകത്തില്‍ വിശദമാക്കുന്നുണ്ട്. 2012 ല്‍ വെട്ടോലിക്കടവില്‍ ക്ഷേത്രം തകര്‍ത്തു കത്തിച്ച അവശിഷ്ടങ്ങള്‍ കണ്ടതു പോലും പുരാവസ്തു വകുപ്പ് ചാക്കിലാക്കി തിരുവനന്തപുരത്ത് ശ്രീപാദം കൊട്ടാരത്തില്‍ തള്ളിയിരിക്കയാണ്. ഇവിടെ നിന്നും ലഭിച്ച നാണയങ്ങള്‍ ചൈനയിലെ സങ് ഡൈനാസ്റ്റിയുടെ കാലത്തേതെന്നും പിന്നീട് വ്യക്തമായി. പഠനങ്ങള്‍ അവിടെ നിലച്ചു.
പ്രധാനപ്പെട്ട അഞ്ച് അയ്യപ്പ ക്ഷേത്രങ്ങളില്‍ ഒന്ന് സ്ഥിതി ചെയ്യുന്നത് ഇതിന്റെ തീരത്താണ് . അയ്യപ്പ ചരിതവുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങളും ഈ പുണ്യതീര്ത്ഥത്തോടനുബന്ധിച്ച് ഉണ്ട്.
ഒരു പാട് ചരിത്ര വസ്തുതകള്‍ ഉറങ്ങുന്ന തടാക തീരങ്ങള്‍ ആരും ശ്രദ്ധിക്കാനില്ല. 1964 മുതല്‍ വിരാമമില്ലാതെ തുടരുന്ന ജലമെടുപ്പ് മാത്രമാണ് ചരിത്ര പ്രാധാന്യമുള്ള ഈ ജലാശയത്തിന്റെ കര്‍മ്മം. തീരമേഖലകളിലെ പ്രകൃതി ചൂഷണത്തിന്റെ ഭാഗമായി 90 കളില്‍ തടാകം വറ്റിവരളുന്ന നിലയെത്തി.
പരിസ്ഥിതി സ്നേഹികള്‍ ഊര്‍ജ്ജിത സമരവുമായി രംഗത്തിറങ്ങി. തടാകത്തിന്റെ സ്വാഭാവിക ശുദ്ധി നഷ്ടമാകുന്നുവെന്നും മലിനമാകുന്നുവെന്നും ജല ചൂഷണം അമിതമാകുന്നുവെന്നും പഠനങ്ങള്‍ കണ്ടെത്തി. സമരങ്ങള്‍ക്കിടെ തന്നെ പ്രതിദിനം മൂന്നേകാല്‍ കോടി ലിറ്റര്‍ ജലം എടുത്തിരുന്നത് നാലരക്കോടിയിലേക്ക് ഉയര്‍ത്തി. രാഷ്ട്രീയ നേട്ടത്തിനായിരുന്നു അത്.
സമരങ്ങളെ തുടര്‍ന്ന് നടത്തിയ പഠനങ്ങളുടെ ഭാഗമായാണ് മാനേജ്മെന്റ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയത്. ലക്ഷങ്ങള്‍ ചിലവിട്ട് വിദഗ്ദ്ധര്‍ നടത്തിയ പഠനങ്ങളുടെ ശുപാര്‍ശകള്‍ നടപ്പാക്കാഞ്ഞതിലും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. അന്തര്‍ദേശീയ റാംസര്‍ പട്ടികയിലുള്‍പ്പെട്ട തണ്ണീര്‍ തടമാണ് ശാസ്താംകോട്ട . പരിസ്ഥിതി സംബന്ധമായി കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ അട്ടിമറിക്കുകയും ഫണ്ട് ചെലവിടാതെ അനാസ്ഥ കാട്ടുകയും ചെയ്ത സംഭവങ്ങള്‍ ഇവിടെയുണ്ട്.
ജലചൂഷണം ഒഴിവാക്കാന്‍ കല്ലട ആറില്‍ നിന്നും ജലമെടുക്കാന്‍ വിഭാവന ചെയ്ത 19 കോടിയുടെ പദ്ധതി പൈപ്പു വിന്യാസം വരെ നടത്തി ഉപേക്ഷിച്ചതും ശ്രദ്ധേയമാണ്.അനന്ത സാധ്യതകളുള്ളതാണ് ശാസ്താംകോട്ട തടാകം. ഇക്കോ ടൂറിസം സംബന്ധിച്ച് രാജ്യത്തിനു തന്നെ അഭിമാനിക്കാവുന്ന പദ്ധതി നടപ്പാക്കാനാവും. ഇത്തരം ഉറപ്പ് കേന്ദ്ര പരിസ്ഥിതി വകുപ്പ് നല്‍കിയിട്ടും യോജിക്കുന്ന പദ്ധതി സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: