ഷോപ്പിങ് ഒരു ഹരമായി വരികയായിരുന്നു, പ്രത്യേകിച്ച് മലയാളിക്ക്. ഷോപ്പിങ് മാളുകള്‍ വിനോദത്തിനും സമയം പോക്കലിനുമുള്ള വേദികളുമായി മാറി. എല്ലാം ഒരു കുടക്കീഴിലെന്ന സങ്കല്‍പ്പത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കൊച്ചുകൊച്ചു ടൗണ്‍ഷിപ്പുകള്‍ തോറും പൊങ്ങിവന്നു. കൊറോണയോടെ ലോക്ഡൗണില്‍ ആദ്യം പൂട്ടിപ്പോയതും ഇവയെല്ലാമാണ്.
പ്രേമ സല്ലാപം മുതല്‍, ഓഫീസ് മീറ്റിങ് മുതല്‍ കുടുംബ സംഗമം വരെ രഹസ്യമായും പരസ്യമായും നടന്ന മാളുകള്‍ വലിയ വിപ്ലവമാണ് കച്ചവട രംഗത്ത് ഉണ്ടാക്കിയത്. കേരളത്തില്‍ കൊച്ചിയിലെ നാല് വന്‍ മാളുകള്‍ ഉദാഹരണമായി നോക്കിയാല്‍ അതില്‍ ലുലു ഇന്റര്‍നാഷണല്‍ മാള്‍തന്നെ മുന്നില്‍. അതിനും മുമ്പ് വന്ന ഒബ്റോണ്‍ മാളും സെന്റര്‍ സ്ക്വയര്‍ മാളും അബാദ് ന്യൂക്ലിയസും അടക്കം വലുതും ചെറുതും എല്ലാം പൂട്ടി. കേരളത്തിലെമ്പാടും മാളുകളെന്ന പേരിലും സങ്കല്പ്പത്തിലും ഷോപ്പിങ് സംവിധാനം രൂപപ്പെട്ടു. ചെറുപട്ടണങ്ങളില്‍ മിനി മാളുകള്‍ ഉണ്ടായി. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഗ്രാമ കേന്ദ്രങ്ങളിലും വന്നു. അവയുടെ സ്ഥിതിയും ലോക്ഡൗണ്‍ കഴിഞ്ഞാലും പഴയ അവസ്ഥയിലേക്ക് എത്താന്‍ കാലം ഏറെ പിടിക്കും.
ഭക്ഷണ ശാലകള്‍ കൂണുപോലെ പൊന്തിയിരുന്നു കൊറോണയ്ക്ക് തൊട്ടുമുമ്പുള്ള കാലം. ദേശീയ, സംസ്ഥാന പാതകളുടെ ഓരത്തും ചെറിയ ടൗണ്‍ഷിപ്പുകളും കേന്ദ്രീകരിച്ച് വിശാല സൗകര്യങ്ങളോടെയാണ് പലതും ഉയര്‍ന്നത്. കൗതുകകരമായ കാര്യം, ഇവിടങ്ങളിലൊക്കെ ഏതു സമയവും ഭക്ഷണം കഴിക്കാന്‍ ആളുകളുമുണ്ടായിരുന്നു. മത്സരം മൂത്തപ്പോള്‍ അടുക്കള വരെ പൊതു പ്രദര്ശനത്തിലാക്കിയായിരുന്നു കച്ചവടം പൊടിപൊടിച്ചത്. കാറ്ററിങ് ഒരു വലിയ ബിസിനസായി മാറി. ആഘോഷങ്ങളില്‍ ഏതെങ്കിലും പ്രമുഖ കാറ്ററിങ് യൂണിറ്റിന്റെ സാന്നിദ്ധ്യം സ്റ്റാറ്റസായി. അതിനിടെ, എവിടിരുന്ന് ഏത് കടയുടെ ഭക്ഷണം ഏത് അളവില്‍ ആവശ്യപ്പെട്ടാലും അവിടവിടെ ലഭ്യമാക്കുന്ന സംവിധാനവും വ്യാപകമായി. അങ്ങനെ ബിരിയാണിയും സദ്യയും തമ്മില്‍ മത്സരിക്കുകയും ആഹാരം ആഘോഷമായിവരികയും ചെയ്യുമ്പോഴായിരുന്നുവല്ലോ കൊറോണയും ലോക്ഡൗണും വന്നത്. ഇനി വലുതോ ചെറുതോ ആയ റസ്റ്ററന്റുകളിലേക്കും ആളെ എത്തിക്കുകയെന്നത് സാഹസമായി മാറുകയാണ് ആ ബിസിനസ് രംഗത്തുള്ളവര്‍ക്ക്. വീട്ടിലെ അടുക്കളകളില്‍ നിന്ന് വീട്ടമ്മമാരെയും അടുക്കളയിലെ ‘തീക്കളി’ പഠിച്ച അച്ഛന്മാരെയും ഊണുമുറിയില്‍ പുതുരുചികള്‍ ആസ്വദിച്ച കുട്ടികളെയുമാണ് ഭക്ഷണ ശാലകളിലെത്തിക്കേണ്ടത്. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല.
അതിനിടയിലാണ് പുതിയ ട്രെന്‍ഡ് രൂപപ്പെടുന്നത്. സുരക്ഷയും സംരക്ഷണവും പ്രാദേശിക ബോധവും ജനങ്ങളില്‍ വര്‍ദ്ധിക്കുന്നു. അജ്ഞാതനായ ഏതോ വമ്പനുവേണ്ടി, ആളേറെ കൂടുന്ന വലിയ കടകള്‍ക്കു പകരം, എന്തുകൊണ്ട് നടന്നു പോയി പലചരക്കും നിത്യോപയോഗ സാധനങ്ങളും വാങ്ങാവുന്ന പ്രദേശത്തെ കടയില്‍ പൊയ്ക്കൂടാ എന്ന ചിന്ത വളര്‍ന്നു വരുന്നു. ഇതിലെ ‘അപകടം’ തിരിച്ചറിഞ്ഞ് നിലനില്‍പ്പിനുള്ള പോരാട്ടത്തിലാണ് വലിയ കടകള്‍. കൊറോണാ പ്രതിരോധ നിയന്ത്രണങ്ങള്‍ കര്‍ക്കശ നിര്‍ബന്ധമല്ലാതായിട്ടും പതിവ് ഉപഭോക്താക്കളെ കാണാഞ്ഞ് അവര്‍ വീടുകളിലേക്ക് എത്താന്‍ തുടങ്ങി. ഫോണില്‍ ഓര്‍ഡര്‍ എടുക്കുന്നു, വാട്സ്ആപ്പില്‍ ലിസ്റ്റ് വാങ്ങുന്നു. ഇത്ര രൂപയുടെ സാധനങ്ങള്‍ വാങ്ങണമെന്ന നിര്‍ബന്ധം പറയുന്നില്ല, വീട് ഇത്ര ദൂരപരിധിക്കുള്ളിലായിരിക്കണമെന്ന വ്യവസ്ഥ വെയ്ക്കുന്നില്ല, അധിക ചാര്‍ജ് ഈടാക്കുന്നില്ല. പക്ഷേ ഒന്നുണ്ട്, സൗജന്യങ്ങളൊന്നും പണ്ടത്തെപ്പോലെ കാര്യമായി പ്രഖ്യാപിക്കുന്നില്ല. പഞ്ചസാര മുതല്‍ പച്ചക്കറികളുടെ വരെ വില വിവരം അറിയിക്കുന്നു.
സൊമാറ്റോ, ഊബര്‍ തുടങ്ങിയ ഏജന്‍സികള്‍ ഇപ്പോള്‍ പലചരക്കുകള്‍ വീടുകളിലെത്തിക്കുന്ന ജോലിയും ഏറ്റെടുത്തിട്ടുണ്ട്. അങ്ങനെ കച്ചവടത്തില്‍ പുതിയൊരു സംസ്കാരവും രീതിയും രൂപപ്പെട്ടു.
കൊറോണാനന്തരം, ലോക് ഡൗണിനു ശേഷം, നാളത്തെ വിവിധ ഇടപാടുകളില്‍ ഈ മാറ്റുള്ള മാറ്റങ്ങള്‍ കാണാനാകും. ഇവ കൊണ്ടുവരുന്ന ചില അടിസ്ഥാന മാറ്റങ്ങളുണ്ട്. അതാണ് ഏറെ ശ്രദ്ധേയം. അയലത്തെ കടക്കാരനെ അവഗണിച്ച് എസിയും പ്രൗഢിയും ബ്രാന്‍ഡ് പെരുമയും നോക്കി അകലത്തേക്കു പൊയ്പ്പോയവര്‍ അടുത്തുള്ള സൗകര്യങ്ങള്‍ വിനിയോഗിക്കാന്‍ തുടങ്ങും. വിശ്വസിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ശീലം വരും. പ്രദേശികമായി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനിടവരും. ഇടനിലക്കാരുടെ ചൂഷണം കുറയും.
അതേ സമയം, മികച്ച ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് ചെറുകിട വില്‍പ്പനക്കാരും നിര്‍ബന്ധിതരാകും. വില്‍പ്പനയില്‍ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് കുത്തക ഇല്ലാതാകും, പ്രാദേശികമായും ലഭ്യമാകും. അവ വിറ്റുപോകണമെങ്കില്‍ പ്രാദേശികരുടെ വ്യവസ്ഥകള്‍ അംഗീകരിക്കേണ്ടിവരും. വില്‍പ്പനയിലെ മാര്‍ജിന്‍ വഴി പണം വന്‍കിടക്കാരുടെ പോക്കറ്റുകളില്‍ പോകുന്നതിനു പകരം പ്രാദേശികമായി വികേന്ദ്രീകരിക്കും.
ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിക്കുമെന്ന മെച്ചമാണ് ഏറ്റവും പ്രധാനം. മികച്ച ഉല്‍പ്പന്നങ്ങള്‍ ആവശ്യക്കാര്‍ അന്വേഷിക്കുമ്പോള്‍ അത് ലഭ്യമാക്കാന്‍ പ്രാദേശിക വില്‍പ്പനക്കാര്‍ നിര്‍ബന്ധിതരാകും. പകരം മറ്റൊന്ന് എന്ന ‘രണ്ടാം തരമോ വ്യാജമോ മായം ചേര്‍ന്നതോ’ ആയ വസ്തുക്കളുടെ വില്‍പ്പനയ്ക്ക് കടിഞ്ഞാണ്‍ വീഴും. ഇത് പൊതു ആരോഗ്യം വര്‍ധിപ്പിക്കാനും കള്ളക്കച്ചവടങ്ങള്‍ക്ക് അവസാനമാകാനും സാധ്യത തുറക്കും.
തൊഴില്‍ മേഖലയിലുമുണ്ട് മാറ്റം. നഗരങ്ങളില്‍ വിതരണ മേഖലയില്‍ തൊഴില്‍ ലഭ്യത കൂടും. ചെറിയ കടകള്‍ക്കുപോലും സാങ്കേതിക സംവിധാനങ്ങള്‍ വേണ്ടിവരും. ഡിജിറ്റല്‍ സംവിധാനങ്ങള്‍ അവിടെയും വ്യാപകമാകും. സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ചെറുപതിപ്പുകളാകും ചെറുകടകളും. ഉപഭോക്താക്കള്‍ക്ക് വാഹനസൗകര്യങ്ങളുടെ കുറഞ്ഞ ഉപയോഗം മതിയാകും. ഇന്ധന ലാഭം, ഇന്ധനച്ചെലവുലാഭം, പട്ടണങ്ങളിലെ പാര്‍ക്കിങ് പ്രശ്നങ്ങള്‍ക്ക് പരിഹാരം തുടങ്ങിയ ഗുണപരമായ പാര്‍ശ്വഫലങ്ങള്‍ വേറേയും.
ഒപ്പം, കച്ചവട-വ്യാപാര മേഖലയില്‍ വലിയ പ്രഹരം ഏല്പ്പിക്കുന്നതാവും ഈ മാറ്റമെന്നും പറയേണ്ടതുണ്ട്. വലിയ അടിസ്ഥാന സൗകര്യങ്ങളൊരുക്കി, അതില്‍ നിക്ഷേപിച്ച്, അതിനു കടമെടുത്ത്, കണക്കൂകൂട്ടിയിരുന്നവര്ക്ക് പ്രതീക്ഷകള്‍ പിശകി. അവരില്‍ ചിലര്‍ക്കൊക്കെ പിടിച്ചു നില്‍ക്കാനായേക്കും. വന്‍ കോര്‍പ്പറേറ്റുകള്‍ ലക്ഷ്യവും മാര്‍ഗവും മാറ്റി രക്ഷപ്പെട്ടേക്കാം. പക്ഷേ, ഇടത്തരക്കാര്ക്കാവും വിഷമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: