സിപിഎം നേതാക്കളുടെ പ്രത്യക്ഷവും പരോക്ഷവുമായ പങ്കാളിത്തത്തോടെ എറണാകുളം ജില്ലയില്‍ നടന്ന പ്രളയ ദുരിതാശ്വാസത്തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം എഡിഎം അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടനുസരിച്ച് 73 ലക്ഷം രൂപ തട്ടിപ്പ് നടത്തിയതിന് പുതിയൊരു കേസുകൂടി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. സിപിഎമ്മുകാര്‍ പ്രതികളായ 27 ലക്ഷം രൂപയുടെ തട്ടിപ്പ് പുറത്തുവന്നതിനെത്തുടര്‍ന്നാണ് കളക്ടര്‍ ആഭ്യന്തര പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് വ്യാജ രസീതുകള്‍ ഉണ്ടാക്കി 73,13,100 രൂപ തട്ടിയെടുത്തുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പ്രതികളില്‍ ഭൂരിപക്ഷവും പാര്‍ട്ടി നേതാക്കളാണ്. പാര്‍ട്ടി നിയന്ത്രിക്കുന്ന സഹകരണ ബാങ്ക് വഴിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ല. ആദ്യ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാള്‍ ആത്മഹത്യ ചെയ്യുകയും, ആത്മഹത്യാക്കുറിപ്പില്‍ നേതാക്കള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും സിപിഎം നേതൃത്വത്തിന് കുലുക്കമില്ല. ഇതിനിടെയാണ് ആദ്യ തട്ടിപ്പിന്റെ മൂന്നിരട്ടി വലിപ്പമുള്ള തുകയുടെ പുതിയ തട്ടിപ്പ് വെളിച്ചത്തായിരിക്കുന്നത്.
സിപിഎം നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് ഈ പകല്‍ക്കൊള്ള നടന്നിട്ടുള്ളത് എന്നതിന്റെ വ്യക്തമായ സൂചനയാണ് ആദ്യ കേസിലെ പ്രതികള്‍ ജാമ്യം ലഭിച്ച് പുറത്തുവന്നിരിക്കുന്നത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന വ്യവസ്ഥ പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ക്കു ജാമ്യം ലഭിച്ചത്. കുറ്റപത്രം സമര്‍പ്പിക്കുന്നത് പോലീസ് മനഃപൂര്‍വം വൈകിപ്പിക്കുകയായിരുന്നു. കുറ്റവാളികള്‍ക്കൊപ്പം പോലീസ് കൈകോര്‍ക്കുകയാണെന്ന് വ്യക്തം. ക്രൈംബ്രാഞ്ച് അന്വേഷണം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതാണെന്ന് മനസ്സിലാക്കാന്‍ ഇനി മറ്റൊരു തെളിവും ആവശ്യമില്ല. രണ്ടാമത്തെ കേസിന്റെ അന്വേഷണവും ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുന്നത് ഈ കേസിലെ ഒരു പ്രതിയും ശിക്ഷിക്കപ്പെടരുതെന്ന് ഉറപ്പാക്കാനാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കളക്ടറേറ്റ് വഴി ലഭിച്ച തുകയുടെ വിവരങ്ങളും ഫയലുകളും അപ്രത്യക്ഷമായിരിക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയിലേക്ക് വിരല്‍ചൂണ്ടുന്നു.
ഭരണവും സമരവും എന്നതായിരുന്നു ഒരു കാലഘട്ടം വരെ സിപിഎമ്മിന്റെ നയം. ഇപ്പോഴത് ഭരണവും കവര്‍ച്ചയും എന്നായി മാറിയിരിക്കുന്നു. ഭരണത്തിലേറുന്നത് ജനങ്ങളെ സേവിക്കാനല്ല, പാര്‍ട്ടിക്കും നേതാക്കള്‍ക്കും പണമുണ്ടാക്കാനാണ് എന്നത് സിപിഎമ്മില്‍ അംഗീകൃത തത്വമായിത്തീര്ന്നിട്ട് കാലങ്ങളായി. വിഭാഗീയതയോ വെട്ടിനിരത്തലോ ഒന്നും ഇതിന് ബാധകമല്ല. ലോക്കല്‍ കമ്മിറ്റി മുതല്‍ പൊളിറ്റ് ബ്യൂറോ വരെയുള്ള സഖാക്കള്‍ക്ക് ഇക്കാര്യത്തില്‍ അഭിപ്രായ ഐക്യമുണ്ട്. രാഷ്ട്രീയ പ്രതിയോഗികളും മാധ്യമങ്ങളും ഇത് ചൂണ്ടിക്കാട്ടി വിമര്‍ശിച്ചാല്‍ പാര്‍ട്ടി ഒറ്റക്കെട്ടായി പ്രതിരോധിക്കും. പലതരം അഴിമതികളിലൂടെ പഞ്ചനക്ഷത്ര സഖാക്കളായവര്‍ ആ സ്ഥിതി നിലനിര്‍ത്താനും, പഞ്ചനക്ഷത്ര പദവിയിലെത്താത്തവര് പരമാവധി പണം സമ്പാദിച്ച് അതിന് ശ്രമിക്കുകയും ചെയ്യുന്നു. ഉള്ളവരും ഇല്ലാത്തവരും എന്ന വിഭജനം പാര്‍ട്ടിയില്‍ ഇപ്പോള്‍ ഇങ്ങനെയാണ് പ്രാബല്യത്തിലുള്ളത്.
പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് എറണാകുളം ജില്ലയില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന ഒന്നല്ല. ഓരോ ജില്ലയിലും ഇത് നടന്നിരിക്കാം. ഇതിന്റെ സൂചനകള്‍ പലപ്പോഴായി പുറത്തുവന്നിട്ടുള്ളതുമാണ്. കൊടിയ ദുരന്തത്തില്‍പ്പെട്ട ജനങ്ങളുടെ കണ്ണീരൊപ്പുന്നതിനു പകരം അവരെ വിറ്റ് കാശാക്കുന്ന ഒരു ഭരണത്തെ തുടരാന്‍ അനുവദിക്കുന്നത് നാടിനു നാശമേ നല്‍കൂ. നവകേരള നിര്‍മാണത്തിന്റെ പേരു പറഞ്ഞ് ജനങ്ങളില്‍ നിന്ന് വാങ്ങിയ പണം പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാനും സഖാക്കള്‍ക്ക് കട്ടുമുടിക്കാനും അനുവദിക്കരുത്. ദുരിതാശ്വാസ ഫണ്ടിന്റെ കൃത്യമായ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണമായിരുന്നു. ഇതുവരെ അതിന് തയ്യാറാവാത്തതിനാല്‍ ഇക്കാര്യത്തില്‍ നടന്നിട്ടുള്ള തിരിമറികളും വകമാറ്റലും തട്ടിപ്പുകളും ജുഡീഷ്യല്‍ കമ്മീഷന് അന്വേഷിച്ച് പുറത്തുകൊണ്ടുവരണം. ഇതിനായി ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവന്നേ മതിയാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: