ഇന്ന് നാല്പത്തിയാറാം ലോക പരിസ്ഥിതി ദിനമാണ്. അതായാത് നാല്പത്തിയഞ്ച് പരിസ്ഥിതിദിനാചരണങ്ങള് കടന്നുപോയി. പാരിസ്ഥിതികാവബോധം സൃഷ്ടിക്കാനുള്ള വിവിധതരം പരിപാടികള്‍, പരിസ്ഥിതി സംരക്ഷണത്തിനായുള്ള പ്രചാരണങ്ങള്‍, കര്‍മ്മപരിപാടികള്‍ തുടങ്ങി പരിപാടികള്‍ പലതും ഇക്കാലയളവില്‍ നമ്മുടെ നാട്ടിലും നടന്നു. അവബോധം സൃഷ്ടിക്കുന്നതിലും മറ്റും കുറേയേറെ നേട്ടങ്ങളുണ്ടാക്കാനും സാധിച്ചിട്ടുണ്ട്. എന്നാല്‍ ഈ കോവിഡ് കാലത്ത് വീണ്ടുമൊരു പരിസ്ഥിതി ദിനമെത്തുമ്പോള്‍ നാം നമ്മുടെ പരിസ്ഥിതിയോട്, പ്രകൃതിയോട് എത്രത്തോളം നീതി പുലര്‍ത്തി എന്ന കണക്കെടുപ്പുകൂടി നടക്കേണ്ടതുണ്ട്.
എഴുപതുകളിലാണ് കേരളത്തില്‍ പാരിസ്ഥിതികമായ അവബോധത്തിന്റെ ഉണര്‍വ്വുണ്ടാകുന്നത്. സൈലന്റ്വാലി പ്രക്ഷോഭത്തിന്റെയൊക്കെ പശ്ചാത്തലത്തിലായിരുന്നു അത്. എണ്‍പതുകളില്‍ കവികളുടെയും ചിന്തകന്മാരുടെയും എഴുത്തുകാരുടെയുമൊക്കെ ഇടയിലുള്ള ഒരു ന്യൂനപക്ഷം പരിസ്ഥിതിയെ ഗൗരവമായെടുത്തു. ഈ കാലഘട്ടത്തില്‍ തന്നെ സര്‍ക്കാരും സാമൂഹ്യസംഘടനകളും മരം വച്ചുപിടിപ്പിക്കല്‍ തുടങ്ങിയ കര്‍മ്മപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. വനനശീകരണം, പരിസ്ഥിതി മലിനീകരണം തുടങ്ങിയവയ്ക്കെതിരെയുള്ള സമരത്തിന്റെ രൂപത്തിലും പാരിസ്ഥിതികാവബോധത്തിന്റെ പ്രസ്ഫുരണങ്ങള്‍ ഉണ്ടായി. തീരദേശ പരിപാലന നിയമം പോലുള്ള പുതിയ നിയമങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തിന് വലിയ താങ്ങായി മാറുകയും ചെയ്തു.
ഓരോ പരിസ്ഥിതിദിനം വന്നെത്തുമ്പോഴും സാമൂഹ്യവനവല്‍ക്കരണത്തിന്റെ പേരില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്യുകയും അവ നട്ടുപിടിപ്പിക്കുന്ന ചടങ്ങുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. ആരോ മുമ്പ് പറഞ്ഞതു പോലെ, ഇക്കാലമത്രയും നമ്മള് പരിസ്ഥിതിദിനാചരണത്തിന് നട്ട വൃക്ഷത്തൈകള്‍ മുഴുവനും മരങ്ങളായി വളര്‍ന്നിരുന്നെങ്കില്‍ കേരളം ഇന്നൊരു കൊടുങ്കാടായി മാറിയേനെ.
കോടിക്കണക്കിന് വൃക്ഷത്തൈകളാണ് വിതരണം ചെയ്യുന്നത്. സ്കൂളുകള്‍ വഴിയും സംഘടനകള്‍ വഴിയുമൊക്കെയായി വിതരണം ചെയ്യുന്ന ഈ തൈകള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന ചോദ്യം ആരും ചോദിക്കുന്നില്ല. അവയില്‍ ചിലതെങ്കിലും വളര്‍ന്ന് വലുതായി തണല്പകരുകയും കായ്കനികള്‍ നല്‍കുകയും ചെയ്യുന്നുണ്ടാവാമെന്നത് വിസ്മരിക്കുന്നില്ല.
അവസരത്തിനൊത്ത് പ്രയോഗിച്ചാല്‍ പരിസ്ഥിതി നിയമത്തിനുള്ള ശക്തിയും പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ നീതിപീഠത്തിനുള്ള കരുതലും കേരളം തിരിച്ചറിഞ്ഞ വര്‍ഷമാണിത്. പരിസ്ഥിതി നിയമങ്ങളെ തൃണവല്ഗണിച്ചു കൊണ്ട് നിര്‍മ്മിച്ച കോടികള്‍ വിലവരുന്ന ആഡംബര ഫ്ളാറ്റുകള്‍ കോടതി ഉത്തരവ് പ്രകാരം പൊളിച്ചു നീക്കിയത് നാം ഞെട്ടലോടെയാണ് കണ്ടത്. പരിസ്ഥിതി നിയമങ്ങളെ അവഗണിക്കാനും പരിസ്ഥിതിപ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിക്കാനുമുള്ള മനഃസ്ഥിതി വര്‍ഷങ്ങളായി നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തില്‍ താഴേത്തട്ടുമുതല്‍ സംസ്ഥാന ഭരണസിരാകേന്ദ്രം വരെ പടര്‍ന്നുകിടക്കുന്നു. പരിസ്ഥിതി നിയമങ്ങളുടെ പ്രയോഗസാധുത മിക്കവാറും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ ഈ നിയമങ്ങള്‍ എത്രകണ്ട് ലംഘിക്കപ്പെടുന്നു എന്നതിന് ഓരോ പഞ്ചായത്തിലും ഉദാഹരണങ്ങള്‍ എടുത്തുകാട്ടാനുണ്ടാകും. ഈ നിയമലംഘനങ്ങളുടെയെല്ലാം പിറകിലെ പ്രധാന ശക്തി രാഷ്ട്രീയപാര്ട്ടികളുമായിരിക്കും.
മണല്ലോബിയെ സഹായിക്കാനായി സംസ്ഥാന സര്‍ക്കാര്‍ തന്നെ പരിസ്ഥിതിക്ക് എതിരായ നിലപാടെടുത്ത അനുഭവം വാര്‍ത്തയായത് കഴിഞ്ഞദിവസമാണ്. പ്രളയകാലത്ത് പുഴയിലടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കുന്നതിന് കണ്ണൂര്‍ ജില്ലയില്‍ നല്കിയ കരാറിന്റെ മറവില്‍ വന്‍തോതില്‍ പുഴമണല്‍ വാരിയെടുക്കുകയും ഒടുവില്‍ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പ്രവൃത്തി നിര്‍ത്തിവെക്കേണ്ടി വരുകയും ചെയ്തു. കണ്ണൂര്‍ ആസ്ഥാനമായുള്ള കേരള ക്ളേസ് ആന്റ് സിറാമിക്സ് എന്ന പൊതുമേഖലാ കമ്പനിയെയാണ് സര്‍ക്കാര്‍ പുഴയിലെ അവശിഷ്ടങ്ങള്‍ മാറ്റാന്‍ കരാര്‍ ഏല്പിച്ചത്. ഇവര്‍ കോട്ടയത്തെ ഒരു സ്വകാര്യ കമ്പനിയെ ഏല്പിക്കുകയായിരുന്നു. ഈ സ്വകാര്യ കമ്പനി കോടിക്കണക്കിന് രൂപയുടെ മണല്‍ പു
ഴയില്‍ നിന്ന് ഊറ്റിയെടുത്തു. പത്തനംതിട്ട ജില്ലയിലെ പമ്പാനദിയിലും പ്രളയകാലത്ത് അടിഞ്ഞുകൂടിയ മണല്‍ കോരിയെടുക്കാന്‍ ഇതേ കമ്പനികളെ ഏല്പിച്ചതും വിവാദമായി. പമ്പയില്‍ നിന്ന് കോരിയെടുക്കുന്ന മണലിന്റെ വിലയില്‍ ഒരു നയാപൈസ പോലും സര്‍ക്കാരിന് ലഭിക്കുന്നില്ല. നിര്‍ദ്ദേശിച്ചതില്‍ കൂടുതല്‍ മണലൂറ്റല്‍ നടക്കുകയും ചെയ്തു.
പരിസ്ഥിതി ദിനം ആചരിക്കുകയും പാരിസ്ഥിതികാവബോധത്തിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയുമൊക്കെ ചെയ്യുന്ന സര്‍ക്കാര്‍ തന്നെ പരിസ്ഥിതിയെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് ഒരു ഉദാഹരണം മാത്രമാണ് ചൂണ്ടിക്കാട്ടിയത്. നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്. തീരദേശ പരിപാല നിയമം ലംഘിച്ചു കൊണ്ട് കണ്ണൂരില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പേരില്‍ കൂറ്റന്‍ കെട്ടിടം ഉണ്ടാക്കിയത് കേരളത്തിലെ ഒരു മുന്‍ മുഖ്യമന്ത്രിയുടെ സ്മാരകമായാണ്. പ്രകൃതിയെയും ജനവാസകേന്ദ്രങ്ങളെയും പലതരത്തില്‍ ബാധിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെയോ തദ്ദേശസ്ഥാപനങ്ങളുടെയോ ഒക്കെ ഒത്താശകളോടെ നടക്കുന്നതും അതിനോടുള്ള ചെറുത്തുനില്പിനെ പണം വാരിയെറിഞ്ഞ് ഇല്ലാതാക്കുന്നതുമൊക്കെ പുതുമയില്ലാത്ത വാര്‍ത്തകളാണിന്ന്.
ഈ കോവിഡ് കാലത്തെ അടച്ചിരിപ്പ്, ജനങ്ങളെ പരിസ്ഥിതിയെയും പ്രകൃതിയെയും കുറിച്ച് കൂടുതല്‍ ഇരുത്തിച്ചിന്തിപ്പിച്ചു എന്നത് ഒരാശ്വാസമാണ്. കൃഷിയെയും സ്വയംപര്യാപ്തതയെയും കുറിച്ചൊക്കെ ജനം ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കേന്ദ്രസര്‍ക്കാരും സ്വയംസമ്പൂര്ണത (ആത്മനിര്‍ഭര്‍) എന്ന വിശാലമായ അര്‍ത്ഥത്തിലുള്ള ആശയവുമായി മുന്നോട്ടു പോകുന്നു. സംസ്ഥാന സര്‍ക്കാരിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമെല്ലാം ഇനി ചെയ്യാനുള്ളത് ഈ ആശയത്തിന്റെ ആവിഷ്കാരത്തിനായി പ്രയത്നിക്കുകയും പരിസ്ഥിതി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ്.
പാരിസ്ഥിതി ക വിവേകമുള്ള (Environmental Wisdom) സമൂഹമാണ് ഭാരതത്തിലേത്. നമ്മുടെ ജീവിതക്രമവും ശൈലിയും ആചാരാനുഷ്ഠാനങ്ങള്‍ പോലും പ്രകൃതിയുമായുള്ള പാരസ്പര്യത്തില്‍ അധിഷ്ഠിതമായിരുന്നു. ഈ സംസ്കാരം നമ്മില്‍ നിന്ന് പതുക്കെ പതുക്കെ മറഞ്ഞുപോയെങ്കിലും പൂര്‍ണമായും നഷ്ടമായിട്ടില്ല. ഒരു മഹാമാരി നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുമ്പോള്‍ നമ്മുടെ പാരിസ്ഥിതിക വിവേകത്തെ തിരിച്ചുകൊണ്ടുവരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: