കണ്ണൂര്‍: സംസ്ഥാനത്ത് കണ്ണൂരിലും പമ്പയിലും പുഴയിലെ മാലിന്യം നീക്കം ചെയ്യലിന്റെ മറവില്‍ നടന്നത് കോണ്‍ഗ്രസ്-സിപിഎം നേതൃത്വങ്ങള്‍ സംയുക്തമായി നടത്തിയ മണല്‍ക്കൊള്ളയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് കണ്ണൂരില്‍ പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ കൊളള സംസ്ഥാനത്തെ ഏറ്റവും വലിയ അഴിമതിയാണ്.
മുഖ്യമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റെയും അറിവോടെയും അനുമതിയോടെയുമാണ് കൊളളക്കുളള സാഹചര്യമൊരുക്കിയത്. ഈ പകല്‍ക്കൊളള നടക്കാതെ പോയത് ബിജെപിയുടെ ഇടപെടല്‍ മൂലമാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ഉണ്ടാക്കിയ കരാറിന് പ്രതിപക്ഷ നേതാവിന്റെ പിന്തുണ ലഭിച്ചത് കോട്ടയത്തെ കരാറുകാരന് നടത്തിയ ചര്‍ച്ചയിലൂടെയാണ്.
തിരുവനന്തപുരത്താണ് ചര്‍ച്ച നടന്നത്. സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍ കോടികളുടെ കോഴ കൈപ്പറ്റിയിട്ടുണ്ട്. സത്യസന്ധമായ അന്വേഷണം നടത്തണം. പ്രളയകാലത്ത് സംസ്ഥാനത്തെ അഞ്ച് പുഴകളില്‍ അടിഞ്ഞ മാലിന്യങ്ങളും മണ്ണും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാനാണ് കരാര്‍ നല്‍കിയതെങ്കിലും വ്യാപകമായി മണല്‍ കൊളള നടത്തുകയായിരുന്നു.
കരാര്‍ ദുരൂഹവും സ്വകാര്യവുമാണ്. കരാര്‍ നല്കിയ ക്ലേ ആന്റ് സിറാമിക്സ് കമ്പനി ഇതുവരെ ഇത്തരത്തിലൊരു പ്രവൃത്തി ഏറ്റെടുത്തിട്ടില്ല. കോട്ടയത്തെ സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തിയ ശേഷം ഇത് മൂടിവെക്കാന്‍ ക്ലേ സിറാമിക്സിനെന്ന വ്യാജേന കരാര്‍ നല്‍കുകയായിരുന്നു. കരാറില്‍ യാതൊരു വ്യവസ്ഥയും നിബന്ധനയുമില്ല. പ്രളയം നടന്ന ഉടന്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നടപടിയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് തയ്യാറാവാതെ വര്‍ഷകാലം അടുത്തെത്തിയിരിക്കെ തിരക്കിട്ട് കരാര്‍ നല്‍കുകയായിരുന്നു. ഇതു തന്നെ ദുരൂഹമാണ്. മണല്‍ വാരലിലൂടെ പണം വാരലാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അഴിമതി സംബന്ധിച്ച് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: