കൊല്ലം: ലോക്ഡൗണില്‍ രോഗഭീതിയുടെ പശ്ചാത്തലത്തില്‍ രക്തദാനത്തില്‍ വന്‍കുറവ് അനുഭവപ്പെടുന്നു. രക്തദാനത്തിലൂടെ കോവിഡ് പടരുമെന്ന ധാരണയില്‍ ദാതാക്കള്‍ രക്തം ദാനം ചെയ്യാന്‍ മടി കാണിക്കുന്നെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.
ലോക്ഡൗണ്‍ കാലയളവില്‍ ചില ആശുപത്രികളില്‍ രക്ത സംഭരണം ചെറിയ തോതില്‍ കുറഞ്ഞിരുന്നുവെങ്കിലും ഇളവുകള്‍ വന്നതോടെ മാറ്റമുണ്ടായിട്ടുണ്ട്. ബ്ലഡ്ബാങ്കുകളിലേക്കുള്ള രക്തവരവിന്റെ പ്രധാന സ്രോതസ്സായ രക്തദാന ക്യാമ്പുകള്‍ മുടങ്ങിയതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. നേരത്തെ ആശ്രാമത്തെ ഐഎംഎയുടെ ബ്ലഡ് ബാങ്കില്‍ വലിയ രീതിയില്‍ കുറവുവന്നിട്ടില്ലായിരുന്നു. ഏകദേശം 20 ശതമാനം കുറവു മാത്രമേ ഉണ്ടായിരുന്നുള്ളു. സാധാരണഗതിയില്‍ രണ്ടുതരത്തിലാണ് ബ്ലഡ് ബാങ്കുകളിലേക്ക് രക്തം സംഭരിക്കാറുള്ളത്.
ബ്ലഡ്ബാങ്കുകളില്‍ നേരിട്ടെത്തി രക്തദാനം നടത്തുന്നവര്‍ ഇപ്പോഴും മിക്കയിടങ്ങളിലും അതിന് തയ്യാറാകുന്നുണ്ട്. എന്നാല്‍, വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്നിരുന്ന രക്തദാന ക്യാമ്പുകള്‍ ലോക്ഡൗണ്‍മൂലം ഇപ്പോള്‍ ഒരിടത്തും നടക്കുന്നില്ല. മിക്ക ക്യാമ്പുകളില്‍നിന്നും ശരാശരി 50 ഓളം പേരുടെ രക്തം ശേഖരിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് ഐഎംഎയുടെ കണക്ക്. അപൂര്വ്വഗ്രൂപ്പുകളില് പെട്ട രക്തം കിട്ടാത്തത് സംഭരണത്തെ ബാധിച്ചു. പുറത്ത് നടത്തിയിരുന്ന ക്യാമ്പുകളിലൂടെയായിരുന്നു അപൂര്‍വ രക്തഗ്രൂപ്പുകള്‍ ലഭിച്ചിരുന്നതും. രക്തദാന ക്യാമ്പുകള്‍ അടുത്തയാഴ്ചയോടെ പുനരാരംഭിക്കാനാണ് ഐഎംഎ അടക്കമുള്ള ബ്ലഡ് ബാങ്കുകള്‍ ശ്രമിക്കുന്നത്. ചില സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അനുകൂല മറുപടിയുണ്ടാകുമെന്നുമാണ് പ്രതീക്ഷയെന്നും ഐഎംഎ പറയുന്നു.
കോവിഡ്കാലത്തെ പ്രതിരോധമാര്‍ഗങ്ങളും സാമൂഹികഅകലം അടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ചാകും ക്യാമ്പുകള്‍ പുനരാരംഭിക്കുക. കോവിഡ് പ്രതിരോധം ഉറപ്പാക്കുന്ന പരിശോധനകള്‍ നടത്തിയ ശേഷമാണ് ആശ്രാമത്തുള്ള ബ്ലഡ് ബാങ്കില്‍ ദാതാക്കളില്‍ നിന്ന് രക്തം സ്വീകരിക്കുന്നത്.
താപനില അളന്നശേഷമേ ഒരാളെ അകത്തുപോലും പ്രവേശിപ്പിക്കൂ. അതിനുശേഷമാകും പ്രഷര്‍, പള്‍സ്, ഭാരം തുടങ്ങിയ പതിവുപരിശോധനകള്‍. ദാതാവ് സമീപകാലത്ത് സംസ്ഥാനത്തിനുപുറത്തോ വിദേശത്തോ പോയിട്ടുണ്ടോ എന്നതടക്കമുള്ള അന്വേഷണങ്ങളും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: