തൊടുപുഴ: മരം മുറിക്കാന്‍ കയറിയപ്പോള്‍ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് മരത്തില്‍ കുടുങ്ങിയയാളെ ഫയര്‍ഫോഴ്സെത്തി രക്ഷപെടുത്തി. മലങ്കര മരുതുംകുന്നേല്‍ ബിജു(40) വിനെയാണ് തൊടുപുഴ അഗ്നിരക്ഷാ സേന എത്തി താഴെ എത്തിച്ചത്.
തൊണ്ടിക്കുഴ ഗവ. യുപി സ്കൂളിന് സമീപം ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവം. വെങ്ങല്ലൂര്‍ സ്വദേശി സാജുവിന്റെ പുരയിടത്തിലെ തേക്ക് മരത്തിന്റെ ശിഖരം മുറിക്കാനായി 20 അടിയോളം ഉയരത്തില്‍ കയറിയ ബിജു തലചുറ്റല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശിഖരങ്ങള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അസി. സ്റ്റേഷന് ഓഫീസര്‍ പി.വി. രാജന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ ബില്‍സ് ജോര്‍ജ്, പി.ജി. സജീവന് എന്നിവര്‍ മരത്തില്‍ കയറി അബോധാവസ്ഥയിലായിരുന്ന ബിജുവിനെ ഏണിയും വലയും ഉപയോഗിച്ച് താഴെയിറക്കി. ഉദ്യോഗസ്ഥരായ അയ്യൂബ്, മാത്യു ജോസഫ്, ജിനീഷ് കുമാര്‍, സുഭാഷ്, സജാദ്, അന്‍വര്‍ അന്‍വര്‍ഷാന്‍, അഭിലാഷ്, നാസ്സര്‍, എന്നിവരും പങ്കെടുത്തു. ബിജുവിനെ പിന്നീട് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: