കല്‍പ്പറ്റ:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയില്‍ രണ്ടു ഘട്ടങ്ങളിലായി 6.50 ലക്ഷം വൃക്ഷതൈകള്‍ നടും. സെപ്റ്റംബര്‍ മാസം വരെ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തില്‍ തൈകള്‍ നടാനുള്ള ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത്. സോഷ്യല്‍ ഫോറസ്ട്രി, തദ്ദേശ സ്വയംഭരണം, കൃഷി, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത പങ്കാളിത്തത്തോടെ പൊതുസ്ഥലങ്ങളിലും തെരഞ്ഞെടുത്ത സ്വകാര്യഭൂമിയിലുമാണ് വൃക്ഷതൈകള്‍ നടുക.
മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ 2 ലക്ഷം തൈകള്‍ തയ്യാറാക്കിയിട്ടുണ്ട്. രണ്ട് ലക്ഷത്തിലധികം തൈകള്‍ സാമൂഹ്യ വനവല്‍ക്കരണ വിഭാഗവും ഒരുക്കിയിട്ടുണ്ട്. ഇവയും തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് നടുക.
കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് ഘട്ടങ്ങളായി 2.5 ലക്ഷം തൈകളാണ് നടുക. ആദ്യ ഘട്ടത്തില്‍ 1.25 ലക്ഷം തൈകള്‍ നടും. ഫലവൃക്ഷ തൈകള്‍ക്കൊപ്പം സാധാരണ മരങ്ങളുടെ തൈകളും പൊതുജനങ്ങള്‍ക്കായി വിതരണം ചെയ്യാന്‍ കൃഷിഭവനുകളില്‍ എത്തിച്ചിട്ടുണ്ട്. അമ്പഴം, ആര്യവേപ്പ്, മുള, ചമത, ചെറുനാരകം, കണികൊന്ന, കരിങ്ങാലി, കുമിഴ്, കുന്നിവാക, മഞ്ചാടി, മഹാഗണി, മന്ദാരം, മണിമരുത്, നീര്‍മരുത്, നെല്ലി, ഞാവല്‍, പേര, സീതപ്പഴം, താന്നി, ഉങ്ങ്, വാളന്‍പുളി, വേങ്ങ തുടങ്ങി ഇരുപതോളം ഇനങ്ങളില്‍പ്പെട്ട വൃക്ഷതൈകളാണ് സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് വിതരണം ചെയ്തിട്ടുള്ളത്.
ബേഗൂര്‍, ചുഴലി, കുന്നമ്പറ്റ, മെലെകുന്താണി, താഴെകുന്താണി എന്നിവിടങ്ങളിലെ നഴ്സറികളില്‍ നിന്നാണ് തൈകള്‍ എത്തിക്കുന്നത്. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 നു രാവിലെ 10.30 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ സി.കെ ശശീന്ദ്രന് എം.എല്‍.എ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: