അമേരിക്കയില്‍ ഒരു കറുത്ത വര്‍ഗക്കാരനെ പോലീസ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതിന്റെ പേരില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധവും അക്രമങ്ങളും ആഭ്യന്തര യുദ്ധത്തിന്റെ പ്രതീതി സൃഷ്ടിച്ചിരിക്കുകയാണ്. പ്രതിഷേധക്കാരെ ഭയന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വൈറ്റ് ഹൗസിലെ രഹസ്യ അറയിലേക്ക് മാറേണ്ടിവന്നു. ഇത് സ്ഥിതിഗതികളുടെ പ്രക്ഷുബ്ധാവസ്ഥ വ്യക്തമാക്കുന്നതാണ്. വ്യാജ കറന്‍സി മാറാന്‍ ശ്രമിച്ചു എന്ന കുറ്റത്തിനാണ് കറുത്തവര്‍ഗത്തില്‍പ്പെട്ട ജോര്‍ജ് ഫ്ളോയ്ഡിനെ വെള്ളക്കാരനായ പോലീസുകാരന് കഴുത്തില്‍ മുട്ടുകാലമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. പ്രാണന്റെ പിടച്ചിലില്‍ ‘എനിക്ക് ശ്വാസംമുട്ടുന്നു’ എന്ന് വിളിച്ചുപറഞ്ഞിട്ടും എട്ട് മിനിറ്റ് കഴുത്ത് ഞെരിച്ച് ആ ശരീരം നിശ്ചലമാക്കുകയായിരുന്നു. ദൃശ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച അതിദാരുണമായ ഈ ചിത്രം അമേരിക്കയുടെ മുഖത്തെ കറുത്ത പാടായി എക്കാലവും നിലനില്ക്കും.
അടിമത്തം നിരോധിച്ച് ഒന്നരനൂറ്റാണ്ട് കഴിഞ്ഞിട്ടും വംശീയതയും വര്‍ണവെറിയും അമേരിക്കന്‍ സമൂഹത്തില്‍ മരുന്നില്ലാത്ത മഹാമാരിയായി ഇപ്പോഴും നിലനില്ക്കുന്നു. ലോകത്തെ പ്രഥമ വന്‍ ശക്തിയായി പതിറ്റാണ്ടുകള്‍ തുടര്‍ന്നിട്ടും അങ്കിള്‍ സാമിന്റെ നാട്ടില്‍ ഈ വൈറസ് പലവിധം ഉള്‍പ്പരിവര്‍ത്തനം വന്ന് അതിജീവിക്കുകയാണ്. പുരോഗമന ചിന്താഗതിക്കാരെന്ന് നടിക്കുന്ന അമേരിക്കന്‍ ജനതയിലെ വിദ്യാസമ്പന്നരായ വലിയൊരു വിഭാഗം ഇപ്പോഴും വര്‍ണവെറിയും വംശീയ മേധാവിത്വവും മനസ്സില്‍ താലോലിക്കുന്നവരാണ്.
ദ ഗാര്ഡിയന് പത്രം നടത്തിയ ഒരു കണക്കെടുപ്പില്‍ 2015ല്‍ 316 കറുത്ത വര്‍ഗക്കാര്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. 38 കോടിയിലേറെ ജനങ്ങളുള്ള, അതില്‍ 13 ശതമാനം കറുത്തവര്‍ഗക്കാരായ ഒരു രാജ്യത്താണ് ഇങ്ങനെ സംഭവിക്കുന്നത്. 15നും 34നും ഇടയിലുള്ള കറുത്ത വര്‍ഗക്കാരായ പുരുഷന്മാര് ജനസംഖ്യയുടെ രണ്ട് ശതമാനം മാത്രമാണ്. പക്ഷേ പോലീസ് അതിക്രമത്തില്‍ കൊല്ലപ്പെടുന്ന ഈ പ്രായത്തില്‍പ്പെട്ടവരില്‍ 15 ശതമാനവും കറുത്തവര്ഗക്കാരാണെന്നും ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ പ്രായത്തിലുള്ള വെള്ളക്കാരായ യുവാക്കളുടെ അഞ്ചിരട്ടി കൂടുതലാണിത്. വംശീയ വിദ്വേഷത്തിന്റെ ആഴം ഇതില്‍നിന്ന് വ്യക്തമാണല്ലോ.
അക്രമംകൊണ്ട് പൊറുതിമുട്ടിയപ്പോള്‍ കറുത്ത വര്‍ഗക്കാര്‍ തിരിച്ചടിക്കാന്‍ തുടങ്ങി. ആഫ്രോ-അമേരിക്കന്‍ വിഭാഗക്കാര്‍ നേരിടുന്ന വിവേചനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ രൂപപ്പെട്ട ബ്ലാക്ക് ലിവ്സ് മാറ്റേഴ്സ് എന്ന സംഘടന വലിയ പ്രചാരം നേടി. രണ്ട് കറുത്ത വര്‍ഗക്കാരെ അമേരിക്കന്‍ പോലീസ് കൊലപ്പെടുത്തിയതിനെതിരെയുള്ള പ്രതിഷേധത്തിനിടെ അഫ്ഗാന് യുദ്ധ നായകനായിരുന്ന മികാ സേവ്യര്‍ ജോണ്സണ് അഞ്ച് പോലീസുകാരെയും, യുഎസ് നാവിക സേനാംഗമായിരുന്ന ഗാവിന് ലോങ് മൂന്ന് പോലീസുകാരെയും വെടിവച്ചു കൊന്നത് വലിയ കോളിളക്കമുണ്ടാക്കി.
ജനസംഖ്യയിലെ വലിയൊരു വിഭാഗത്തില്‍ പതിയിരിക്കുന്ന വംശീയതയെ വെള്ളക്കാരായ അമേരിക്കക്കാര്‍ നിഷേധിക്കുകയാണ് പതിവ്. ചില പോലീസുകാരുമായുണ്ടാകുന്ന പ്രശ്നമായാണ് അവര്‍ ഇതിനെ കാണുന്നത്. വെള്ളക്കാരുടെ കുറ്റകൃത്യങ്ങള്‍ തലതിരിഞ്ഞ വ്യക്തികള്‍ നടത്തുന്നതായി മുദ്ര കുത്തി വെള്ളപൂശുന്നു. അതേസമയം കറുത്തവര്‍ തിരിച്ചടിച്ചാല്‍ അത് വ്യക്തിഗതമായി കാണാന്‍ തയാറുമല്ല. മിനിയാപൊളിസില്‍ ജോര്‍ജ് ഫ്ളോയ്ഡിനെ മൃഗീയമായി കൊലപ്പെടുത്തിയ ഡെറിക് ചൗവിന് എന്ന പോലീസുകാരനെതിരെയും കുറ്റകൃത്യത്തിന്റെ ഗൗരവത്തിന് അനുസരിച്ചുള്ള വകുപ്പുകള്‍ ചുമത്തിയല്ല കേസെടുത്തിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വര്ണവെറിയന്മാരായ പോലീസുകാരോട് ഭരണകൂടം പുലര്‍ത്തുന്ന മൃദുസമീപനമാണ് ഇത് കാണിക്കുന്നത്.
വളരെ പരിമിതമായ ചരിത്രബോധമാണ് ശരാശരി അമേരിക്കക്കാരെ നയിക്കുന്നത്. ചരിത്രപരമായ ഓര്‍മകള്‍പോലും അവര്‍ക്ക് കുറവാണ്. അടിമത്തത്തിന്റെ നിരോധനത്തിലേക്ക് നയിച്ച ആഭ്യന്തര യുദ്ധത്തെക്കുറിച്ച് ഭൂരിപക്ഷം വെളുത്ത വര്‍ഗക്കാരും അജ്ഞത നടിക്കുന്നു. റെഡ് ഇന്ത്യക്കാരെ അതിക്രൂരമായ ഹിംസയിലൂടെ വംശീയ ഉന്മൂലനം നടത്തിയത് ലോക ചരിത്രത്തിലെ ചോരയില്‍ കുതിര്‍ന്ന അധ്യായമാണ്. എന്നാല്‍ നാഗരികതകളുടെ സംഘര്‍ഷങ്ങളെക്കുറിച്ചൊക്കെ വാചാലരാവുന്ന അമേരിക്കന്‍ ബുദ്ധിജീവികള്‍ ഇത് ചര്‍ച്ച ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ല. ഇതേ സമീപനംതന്നെയാണ് കറുത്ത വര്‍ഗക്കാരോടും സ്വീകരിക്കുന്നത്.
കറുത്ത വര്‍ഗക്കാര്‍ക്കെതിരെ വെള്ളക്കാരുടെ അതിക്രമങ്ങള്‍ നടക്കാതിരുന്ന കാലമുണ്ടാവാം. വംശീയ വിദ്വേഷം ഇല്ലാതായെന്ന് ഇതിനര്‍ത്ഥമില്ല. എന്നാല്‍ മറ്റ് നിലകളില്‍ മാന്യന്മാരായ വെള്ളക്കാരില്‍ പലരും ഈ വസ്തുത അംഗീകരിക്കുന്നില്ല. കറുത്തവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങളെ ഇവര്‍ ഒറ്റപ്പെട്ട സംഭവങ്ങളായി കാണുന്നു.
ജോര്‍ജ് ഫ്ളോയ്ഡിനെ കൊലപ്പെടുത്തിയ പോലീസുകാരന് ഒരു വ്യക്തിയല്ല, പ്രതീകമാണ്. ഫ്ളോയ്ഡ് ചെയ്തതായി പറയപ്പെടുന്ന കുറ്റം വെള്ളക്കാരനായ ഒരാളാണ് ചെയ്തതെങ്കില്‍ പോലീസുകാരന്റെ പ്രതികരണം ഇതുപോലെയാവില്ല എന്ന് വ്യക്തമാണല്ലോ. അടിമത്തം നിര്‍ത്തലാക്കിയ എബ്രഹാം ലിങ്കണിന്റെയും, തുല്യനീതിക്കും സാമൂഹ്യ അന്തസ്സിനും വേണ്ടി പോരാടിയ മാര്ട്ടിന് ലൂഥര്‍ കിങ്ങിന്റെയും അമേരിക്കയില്‍ ഇക്കാര്യങ്ങളില്‍ വളരെയൊന്നും പുരോഗതിയുണ്ടായിട്ടില്ല.
തൊലിയുടെ നിറത്തിന്റെ പേരില്‍ വ്യക്തികളുടെ പൗരാവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെ അമേരിക്കയില്‍ ശക്തമായ നിയമങ്ങള്‍ പ്രാബല്യത്തിലുണ്ടെങ്കിലും അവയൊക്കെ വംശീയ വിദ്വേഷത്തിന് വഴിമാറുകയാണ്. കര്‍ശനമായ നിയമവ്യവസ്ഥകള്കൊണ്ടും ഭരണ സംവിധാനങ്ങള്‍കൊണ്ടും സമൂഹത്തില്‍ കാതലായ മാറ്റംകൊണ്ടുവരാന് കഴിയില്ല. കറുത്ത വര്‍ഗക്കാരില്‍പ്പെട്ട ബരാക് ഒബാമയ്ക്ക് പ്രസിഡന്റാവാന്‍ കഴിഞ്ഞിട്ടും അമേരിക്കയുടെ മനസ്സ് മാറിയിട്ടില്ല.
എപ്പോഴും മറ്റ് രാജ്യങ്ങളിലെ കുഴപ്പങ്ങളിലേക്ക് കണ്ണുനട്ടിരിക്കുന്ന രാജ്യമാണ് അമേരിക്ക. തങ്ങളുടെ രാജ്യത്ത് ഇങ്ങനെയൊന്നുമില്ലെന്ന് നടിക്കുകയും ചെയ്യും. ഇന്ത്യയിലെ ജാതീയവും മതപരവുമായ സംഘര്‍ഷങ്ങള്‍ക്ക് വംശീയതയുടെ നിറം നല്കാന് അമേരിക്ക നിരന്തരം ശ്രമിച്ചിട്ടുണ്ട്. 2015ല്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ബരാക് ഒബാമ നടത്തിയ പ്രസംഗത്തിലും ഇങ്ങനെയൊരു കുറ്റപ്പെടുത്തലുണ്ടായി. ഇന്ത്യ മതപരമായ സഹിഷ്ണുത നിലനിര്‍ത്തണമെന്നായിരുന്നു ഒബാമയുടെ ഉപദേശം. ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടത്തിലാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണല്ലോ ലോകരാജ്യങ്ങളിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് വര്‍ഷംതോറും റിപ്പോര്‍ട്ടുകള്‍ നല്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന് ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം. മതസ്വാതന്ത്ര്യം അപകടത്തിലായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തണമെന്ന് യുഎസ്സിഐആര്‍എഫ് ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ നല്കിയ റിപ്പോര്‍ട്ടിലും ആവശ്യപ്പെടുകയുണ്ടായി.
മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് മുഖ്യമായും ഈ റിപ്പോര്‍ട്ട് തയാറാക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിക്ക് അമേരിക്കയിലേക്ക് വിസ നിഷേധിച്ചത് ഇത്തരമൊരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചുമുള്ള മതംമാറ്റം നിരോധിച്ചുകൊണ്ട് നിയമനിര്‍മാണം നടത്തിയതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. ഇന്ത്യ നിരന്തരം നിരാകരിക്കുകയും അപലപിക്കുകയും ചെയ്തുകൊണ്ടിരുന്നിട്ടും ദുരുദ്ദേശ്യപരമായ റിപ്പോര്‍ട്ട് നല്‍കുന്നതില്‍നിന്ന് യുഎസ്സിഐആര്‍എഫ് പിന്മാറുന്നില്ല. അമേരിക്കന്‍ ഭരണകൂടത്തിന്റെ പരോക്ഷ പിന്തുണയോടെ കറുത്തവര്‍ഗക്കാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ഇന്ത്യക്കാരായ പലരും അപലപിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ മതസ്വാതന്ത്ര്യമില്ലെന്ന അമേരിക്കയുടെ ആവലാതിയെ ഇവരില്‍ ചിലര്‍ പിന്തുണയ്ക്കുന്നു! അമേരിക്കയിലേതുപോലുള്ള പ്രതിഷേധം ഇന്ത്യയിലും അരങ്ങേറണമെന്ന് ഇക്കൂട്ടര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.
മറ്റ് രാജ്യങ്ങളിലെ ജനങ്ങളെ ഭൂരിപക്ഷമെന്നും ന്യൂനപക്ഷമെന്നും വേര്‍തിരിച്ച് അവിടങ്ങളിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് വേവലാതികൊള്ളുന്ന അമേരിക്ക സ്വന്തം ജനതയിലെ ഒരു വിഭാഗം വംശീയമായി അടിച്ചമര്ത്തപ്പെടുത്തുന്നതിനെതിരെ നിശ്ശബ്ദത പാലിക്കുന്നത് അങ്ങേയറ്റം കാപട്യമാണ്. ഈ കാപട്യത്തെയാണ് ജോര്‍ജ് ഫ്ളോയ്ഡ് സംഭവം തുറന്നു കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: