ഭാരതം അസംഖ്യം വീരപുരുഷന്മാര്ക്ക് ജന്മം നല്‍കിയിട്ടുണ്ട്. വൈദേശികാധിപത്യത്തില്‍ നിന്ന് സനാതന ധര്‍മത്തിന്റെയും സംസ്കാരത്തിന്റെയും അതിജീവനം ഉറപ്പു വരുത്തുകയായിരുന്നു അവരുടെ ജന്മനിയോഗം. ഇതേ നിയോഗത്താല്‍ പിറന്ന ചരിത്ര പുരുഷനായിരുന്നു മഹാരാഷ്ട്രയിലെ ശിവനേരി കോട്ടയില്‍ 1630 ഫെബ്രുവരി 19 ന് ഷഹാജി ബോണ്സ്ലേയുടെയും ജീജാബായിയുടെയും പുത്രനായി പിറന്ന ശിവജി.
അമ്മയില്‍ നിന്ന് ഇതിഹാസ, പുരാണ കഥകള്‍ കേട്ടും ആയോധനകലയിലും കുതിരസവാരിയിലും പ്രാഗല്ഭ്യം നേടിയും വീരശൂരപരാക്രമിയായി ശിവജി വളര്‍ന്നു. മുഗള്‍ സാമ്രാജ്യത്തിന്റെ അടിച്ചമര്‍ത്തലുകള്‍ കണ്ടു വളര്‍ന്ന ശിവജിയുടെ മനസ്സു നിറയെ അതിനെ ചെറുക്കാനുള്ള പ്രതികാരദാഹമായിരുന്നു. ഹൈന്ദവതയുടെ പ്രതീകങ്ങളായ കോട്ടകളെല്ലാം മുഗളാധിപത്യത്തിന്റെ കീഴില്‍ അമര്‍ന്നിരിക്കുന്ന ദൈന്യാവസ്ഥ ശിവജിയെ വേദനിപ്പിച്ചു. മുഗളപ്പടയുടെ ഹുങ്ക് തീര്‍ക്കാന്‍ തന്റെ സാമ്രാജ്യത്തിലെ സാധാരണക്കാരില്‍ പോലും ആത്മവിശ്വാസമുണര്‍ത്തി യുദ്ധസന്നദ്ധരാക്കി.
ഒരു ജനതയെ മുഴുവന്‍ പൗരുഷമെന്ന മൃതസഞ്ജീവനി നല്കി അദ്ദേഹം കര്‍മോത്സുകരാക്കി. ശിവജിയും സൈന്യവും ചെറിയ ചെറിയ ആക്രമണങ്ങളിലൂടെ മുഗളന്മാര്ക്ക് ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. 1666 ല്‍ ആഗ്രയില്‍ വച്ച് ഔറംഗസേബുമായി നടന്ന കൂടിക്കാഴ്ചയില്‍ ശിവജിയും ഒമ്പതു വയസ്സുള്ള മകന് സംഭാജിയും വീട്ടുതടങ്കലിലായി. എങ്കിലും യുദ്ധ തന്ത്രങ്ങളില്‍ അഗ്രഗണ്യനായിരുന്ന ശിവജി മകനോടൊപ്പം രക്ഷപ്പെട്ടു. മറ്റൊരിക്കല്‍, സന്ധി സംഭാഷണത്തിനെന്ന പേരില്‍ ക്ഷണിച്ച് തന്നെ വധിക്കാന്‍ പദ്ധതിയിട്ട അഫ്സല്‍ഖാനെ അതിവിദഗ്ധമായി ശിവജി വകവരുത്തി.
1670 ഓടെ ശിവജിയും കൂട്ടരും നഷ്ടപ്പെട്ട കോട്ടകള്‍ തിരിച്ചു പിടിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. അവയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു മറാത്താ ദുഃഖമായി മനസ്സില്‍ നിറഞ്ഞ സിംഹഗഡ് എന്ന കൊണ്ടാന കോട്ടയുടെ നഷ്ടം. അതു തിരികെ പിടിക്കാന്‍ ശിവജി നിയോഗിച്ചത് തന്റെ യോദ്ധാക്കളില്‍ പ്രധാനികളായ താനാജിയെയും സൂര്യാജിയെയുമായിരുന്നു. മകന്റെ വിവാഹാഘോഷങ്ങള്‍ പോലും മാറ്റിവച്ച് രാഷ്ട്ര താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് താനാജി യുദ്ധത്തിനിറങ്ങിയത്.
ശിവജിയുടെ സൈന്യത്തേക്കാള്‍ മൂന്നിരട്ടിയുണ്ടായിരുന്നു മുഗളരുടെ സൈന്യം. താനാജി യുദ്ധത്തില്‍ കൊല്ലപ്പെട്ടു. എങ്കിലും മറാത്താ സേനയുടെ ആത്മവീര്യത്തിനു മുമ്പില്‍ മുഗളര്‍ അടിയറവു പറഞ്ഞു. കൊണ്ടാന കോട്ട തിരികെ പിടിച്ചു. കോട്ടയ്ക്കു മുകളില്‍ കാവി പതാകയുയര്‍ന്നു. താനാജിയുടെ മരണം ശിവജിയെ വേദനിപ്പിച്ചു. ശിവജി പറഞ്ഞു ‘സിംഹഗഡ് ലഭിച്ചു; പക്ഷേ സിംഹം നഷ്ടപ്പെട്ടു.’
മറാത്തയുടെ ഭരണം അങ്ങനെ ശിവജിയുടെ കൈകളിലെത്തി. സാധാരണ ജനതയുടെ യഥാര്‍ഥ വിപ്ലവമായ ‘ഹിന്ദ് സ്വരാജ്’ ആയിരുന്നു അത്. 1674 ല്‍ ജ്യേഷ്ഠമാസത്തിലെ വെളുത്തപക്ഷ ത്രയോദശിയിലായിരുന്നു ശിവജി, ഛത്രപതി ശിവജി മഹാരാജാവായി അഭിഷിക്തനായത്. ‘ഹിന്ദു പദ പാദഷാഹി’ യെന്നറിയപ്പെട്ട ആ സുദിനമാണ് ‘ഹിന്ദുസാമ്രാജ്യ ദിന’ മായി പിന്നീട് ആഘോഷിച്ചു വരുന്നത്.
ആത്മവിശ്വാസം നഷ്ടപ്പെട്ട ഹൈന്ദവ ജനതയെ ഉദ്ധരിച്ച് അവരില്‍ ഉജ്വലമായ ഹൈന്ദവ ബോധം സൃഷ്ടിച്ച് ശിവജി മഹാരാജ്, ഭാരതീയ ധര്‍മത്തെയും സംസ്കാരത്തെയും സര്‍വനാശത്തിന്റെ വക്കില്‍ നിന്ന് വിമോചിപ്പിച്ച് പുതുജീവന്‍ നല്കി. ഏതെങ്കിലുമൊരു മതവിഭാഗത്തെ ലക്ഷ്യമിട്ട പോരാട്ടമായിരുന്നില്ല ശിവജിയുടേത്. അത് വൈദേശികാധിപ്യത്തോടുള്ള ചെറുത്തുനി ല്പ്പായിരുന്നു. ഭാരതത്തിലെ വളരുന്ന തലമുറയ്ക്ക് മാതൃകയാക്കാവുന്ന വ്യക്തികളില്‍ ഒന്നാമതാണ് ഛത്രപതി ശിവജിയുടെ ജീവിതപാഠം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: