കൊറോണ ലോക്ഡൗണ്‍ കാലം ഐടി രംഗത്തിന് പുത്തന്‍ കുതിപ്പിന്റെ കാലമാണ്. പുതിയ പ്രതീക്ഷകള്‍ രാജ്യമെമ്പാടും ഉയരുന്നു. വിദ്യാഭ്യാസ രംഗത്തും വിപണിയിലും ഉണര്‍വുണ്ട്. ഈ അവസരം അനുകൂലമാക്കുകയാണ് ഇന്ത്യ. പുതിയ സാമ്പത്തിക ശക്തിയാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ശരിവയ്ക്കുന്നതാണ് ഈ പ്രവണതകള്‍. കുട്ടികളുടെ ഓണ്‍ലൈന്‍ പഠനമാണ് മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ പ്രധാന ഘടകം.
ലാപ്ടോപ്പിനൊപ്പം വലിയൊരു മോനിട്ടറും വേറെ വാങ്ങുന്നതാണ് ഇപ്പോഴത്തെ മാര്‍ക്കറ്റ് ട്രെന്‍ഡ്. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നഷ്ടപ്പെടരുത്, ഒപ്പം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവരുത് എന്നതാണ് രക്ഷിതാക്കളുടെ കാഴ്ചപ്പാട്. ഒരു വശത്ത് ആധുനിക സാങ്കേതിക സൗകര്യങ്ങളില്ലാത്തവരും സ്വന്തമാക്കാന്‍ കഴിയാത്തവരും ഏറെയുണ്ടെങ്കിലും ഐടി അനുബന്ധ ഉപകരണങ്ങളുടെ വിപണിയില്‍ വില്‍പ്പന പൊടിപൊടിക്കുകയാണ്.
പതിനാലിഞ്ച് സ്ക്രീന്‍ വലിപ്പമുള്ള ലാപ്ടോപ്പ് വാങ്ങുന്നവര്‍ 24 ഇഞ്ചിന്റെയെങ്കിലും ഒരു എല്‍ഇഡി മോനിട്ടറും വാങ്ങുന്നു. കുട്ടികളുടെ കണ്ണിനും കാഴ്ചയ്ക്കുമുണ്ടാകുന്ന കുഴപ്പം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണിത്. ഫ്ളിക്കര്‍ ചെയ്യാത്ത, ലോ ബ്ലൂ ലൈറ്റ് ടെക്നോളജിയുള്ള മോനിട്ടര്‍ 22 ഇഞ്ച് വലുപ്പമുള്ളതിന് 8000 രൂപ വരും. പക്ഷേ, വിലയല്ല നോക്കുന്നത്. ഒരിക്കല്‍ ടിവി വിലക്കിയിരുന്നവര്‍ ഇന്ന് കംപ്യൂട്ടറും ടിവി സ്ക്രീനും വാങ്ങിക്കൊടുക്കുന്നു.
സിസി ടിവി ബിസിനസിലേക്ക് കഴിഞ്ഞ രണ്ടര വര്‍ഷമായി തിരിഞ്ഞിരുന്നു ഐടി ഉപകരണ വില്‍പ്പന മേഖല. എന്നാല്‍ ഒറ്റയാഴ്ചകൊണ്ട് മാറിമറിഞ്ഞു. കോര്‍പ്പറേറ്റ് ഓഫീസുകളും സ്ഥാപനങ്ങളും മറ്റും പ്രവര്‍ത്തനം കുറഞ്ഞതോടെ സിസി ടിവി മേഖലയില്‍ വില്‍പ്പന കുറഞ്ഞു. ഐടി മേഖല ഉയര്‍ത്തെഴുന്നേറ്റു.
ഹോം തിയേറ്ററും റെഡി
വാസ്തവത്തില്‍ പ്രത്യക്ഷത്തില്‍ അത്രയില്ലെങ്കിലും മറ്റൊരു വലിയ ട്രെന്‍ഡും വ്യാപകമാകുകയാണ്. കൊറോണ കാലം കഴിഞ്ഞ് സിനിമാ തീയേറ്ററുകള്‍ തുറന്നാലും ആള്‍ക്കൂട്ടത്തില്‍നിന്ന് അകന്നു നിന്ന് ആരോഗ്യം കാക്കാനാഗ്രഹിക്കുന്നവര് ഏറെയുണ്ട്. പക്ഷേ സിനിമാ കാണുകയും വേണം. അവര്‍ ഇന്റര്‍നെറ്റില്‍ വീട്ടിലിരുന്ന് കാണാന്‍ ഹോം തീയേറ്റര്‍ സജ്ജമാക്കുകയാണ് ഇപ്പോള്‍. ഒന്നുമുതല്‍ രണ്ടു ലക്ഷം രൂപവരെ മുടക്കി ഇങ്ങനെ ഹോം തീയേറ്ററോ മീഡിയാ മുറിയോ വീട്ടില്‍ തയാറാക്കുന്നു.
കൊറോണക്കാലത്തിന് മുമ്പ് സംസ്ഥാനത്ത് മാസം 25 ഫോര്‍ കെ പ്രൊജക്ടര്‍ വിറ്റിരുന്ന ബെന്‍ ക്യൂ കമ്പനിയുടെ വില്‍പ്പന മൂന്നിരട്ടിയായി. ഏറ്റവും മികച്ച പ്രൊജക്ടറുകള്‍ വില്‍ക്കുന്ന കമ്പനിയുടെ ഫുള്‍ എച്ച്ഡി പ്രൊജക്ടറുകള്ക്കാണ് ഡിമാന്‍ഡ്.
ഹോം മീഡിയാ റൂമുകള്‍ പൂര്‍ണമായി ചിലര്‍ വീട്ടില്‍ ഒരുക്കുന്നു. കൂടുതല്‍ സൗകര്യം വേണ്ട ചിലര്‍ മിനി ബാര്‍ കൂടി സജ്ജമാക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍, സമുദായ സംഘടനകള്‍, കമ്പനികള്‍, ഓഫീസുകള്‍ എല്ലാം വെര്‍ച്വല്‍ മീറ്റിങ്ങുകള്‍ക്കുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്.
ഫോണില്‍ മുന്നേറ്റമില്ല; നെറ്റില്‍ കുതിച്ചുചാട്ടം
ലാപ്ടോപ് വില്പ്പനയിലുണ്ടായത്ര വര്‍ദ്ധന മൊബൈല്‍ ഫോണ്‍, ടാബ് എന്നിവയ്ക്കില്ല. ഫോണുകളുടെ ദുരുപയോഗം കുട്ടികളില്‍ ഉണ്ടാകുമെന്ന കരുതലും ആരോഗ്യ ബോധവും ആവാം കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫോണെങ്കിലും ഉണ്ടായിരിക്കുക എന്ന നിര്‍ബന്ധം രക്ഷിതാക്കള്‍ക്കുണ്ട്.
ഇന്റര്‍നെറ്റ് മേഖലയിലാണ് മറ്റൊരു കുതിപ്പ്. കേബിള്‍ ടിവി കമ്പനികള്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. നാലായിരം രൂപവരെ തുടക്കത്തില്‍ ഇതിന് വേണ്ടിവരുന്നു. മൊബൈല്‍ സിം കാര്‍ഡുകള്‍ക്കും വന്‍ ഡിമാന്‍ഡ് വന്നു. വിവിധ കമ്പനികളുടെ സിമ്മുകള്‍ ഡാറ്റാ ഉപയോഗത്തിനു മാത്രമായി വാങ്ങുന്നവരുണ്ടെന്ന് കമ്പനികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: