കോഴിക്കോട്: ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് വളാഞ്ചേരി ഇരിമ്പിളിയത്ത് ദേവിക എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് എബിവിപി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് എബിവിപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.കെ. അമല്‍ മനോജ് ഉദ്ഘാടനം ചെയ്തു.
പഠനം നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ കേരളത്തില്‍ വിദ്യാര്‍ത്ഥിനിക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു. പഠനം നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിന് എതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എബിവിപി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗങ്ങളായ എന്‍.ടി. പ്രവീണ്‍, പി.എം. നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു. എബിവിപി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധദിനാചരണത്തിന്റെ ഭാഗമായിരുന്നു മാര്‍ച്ച്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു മാര്‍ച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: