കൊച്ചി: പ്രളയ ഫണ്ടില്‍ കൈയിട്ടുവാരിയ സിപിഎം നേതാക്കളെ രക്ഷിക്കാന്‍ പിണറായി സര്‍ക്കാരിന്റെ ഒത്തുകളി. അറസ്റ്റ് രേഖപ്പെടുത്തി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ കേസിലെ പ്രതികള്‍ക്ക് മൂവാറ്റുപുഴ കോടതി സ്വാഭാവികജാമ്യം അനുവദിച്ചു. കേസില്‍ പോലീസിനു മേല്‍ സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദം ശക്തമായിരുന്നു. ഇതാണ് പലകാരണങ്ങള്‍ പറഞ്ഞു കുറ്റപത്രം സമര്‍പ്പിക്കാതെ പോലീസ് ഒളിച്ചുകളിച്ചതെന്നാണ് ആരോപണം.
പ്രളയത്തില്‍ വന്‍ദുരിതത്തിലായ പാവങ്ങള്‍ ആയിരം രൂപയ്ക്കു പോലും നെട്ടോട്ടമോടുമ്പോഴാണ ഗുരുതരമായ വെട്ടിപ്പ് നടത്തി ഭരണകക്ഷി പാര്‍ട്ടിയുടെ നേതാക്കള്‍തന്നെ പ്രളയദുരിതാശ്വാസഫണ്ട് പോക്കറ്റിലാക്കിയത്. മുഖ്യപ്രതികളായ സി.പി.എം നേതാക്കള്‍ ഇപ്പോഴും ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. സി.പി.എം നേതാവ് എം.എം.അന്‍വറിനെയും അന്‍വറിന്റെ ഭാര്യയും തട്ടിപ്പിന്റെ കേന്ദ്രമായ അയ്യനാട് സഹകരണബാങ്കിലെ ഭരണസമിതി അഗവുമായ കൗലത്ത് അന്‍വറിനേയും ഇതുവരെ പിടികൂടിയിട്ടില്ല. ഇരുവരും എവിടയാണെന്ന് അറിഞ്ഞിട്ടും കോവിഡിന്റെ പേരു പറഞ്ഞു ഉരുണ്ടുകളിക്കുകയാണ് പൊലീസ് എന്നാണ് ആരോപണം. ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പില്‍ ഇരുപത്തി എഴ് ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലുടെയും ബാക്കി തുക മറ്റ് വഴികളിലൂെടയുമാണ് കൊള്ളയടിച്ചിരിക്കുന്നത്. ഒന്നാം പ്രതി കലക്ട്രേറ്റിലെ ജീവനക്കാരന് വിഷ്ണു പ്രസാദ്, രണ്ടാം പ്രതി മഹേഷ്, ചുമട്ടുതൊഴിലാളിയായ ആറാംപ്രതി നിധിന് ഭാര്യയും നീതു എന്നിവരാണ് അറസ്റ്റിലായത്. നിധിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണു കുറ്റപത്രം സമര്‍പ്പിക്കാത്തിന്റെ പേരില്‍ സിപിഎമ്മുകാര്‍ക്ക് ജാമ്യം ലഭിക്കാന്‍ ആഭ്യന്തരവകുപ്പ് കൂട്ടുനിന്നത്.
അതേസമയം, സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് പുതിയ കസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എറണാകുളം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ പരാതിയിലാണ് ഈ നടപടി. 2018ലെ പ്രളയ ദുരിതാശ്വാസ നിധിയില്‍ നിന്ന് 73 ലക്ഷം കാണാനില്ലെന്നതാണ് പരാതി. കളക്ട്രേറ്റ് ജീവനക്കാരന്റെ നേതൃത്വത്തില്‍ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും 27 ലക്ഷം തട്ടിയെടുത്തതായാണ് ആദ്യം കണ്ടെത്തിയത്. തൃക്കാക്കരയിലെ പ്രാദേശിക സിപിഎം നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് തട്ടിപ്പ് നടത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എഴുപത്തി മൂന്ന് ലക്ഷത്തി പതിമൂവായിരത്തി നൂറ് രൂപയുടെ കുറവാണ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഡിഎം ക്രൈം ബ്രാഞ്ചിന് രണ്ടാമത്തെ പരാതി നല്‍കിയത്. ഈ പണം നേരത്തെ തട്ടിപ്പിന് അറസ്റ്റിലായവര്‍ തന്നെ തിരിമറി നടത്തിയതാകാമെന്നാണ് ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്. അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കളക്ട്രേറ്റ് വഴി സംഭാവനയായി ലഭിച്ച തുകയും മറ്റ് വിവരങ്ങളും രേഖപ്പെടുത്തിയ ഫയലുകളും അപ്രത്യക്ഷമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: