തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ കെഎസ്ആര്‍ടിസി അന്തര്‍ ജില്ലാ ബസ് സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്. ബസ് ടിക്കറ്റ് നിരക്കില്‍ വര്‍ധനവുണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് രണ്ട് മൂന്ന് ഘട്ടങ്ങളിലായാണ് പൊതുഗതാഗതം പുന:സ്ഥാപിക്കുന്നത്.
ആദ്യഘട്ടത്തില്‍ ജില്ലയ്ക്കകത്തുള്ള സര്‍വീസ് ആരംഭിച്ചു. രണ്ടാം ഘട്ടത്തില്‍ അന്തര്‍ജില്ലാ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. അടുത്തഘട്ടത്തില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കും. ഇതിനോടൊപ്പമോ ശേഷമോ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം വര്‍ദ്ധിപ്പിച്ച ടിക്കറ്റ് നിരക്ക് പിന്‍വലിച്ചതില്‍ സ്വകാര്യബസ്സുടമകള് പ്രതിഷേധം അറിയിച്ചു.
രാവിലെ അഞ്ച് മണിമുതല്‍ രാത്രി 9 മണി വരെയാവും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുക. സ്ഥിതി മെച്ചപ്പെട്ടാല്‍ അന്തര്‍സംസ്ഥാന സര്‍വീസ് തുടങ്ങാനാണ് തീരുമാനം. തൊട്ടടുത്തുള്ള ജില്ലകള്‍ക്കിടയിലാണ് കെ എസ് ആര് ടി സി സര്‍വീസ് നടത്തുക. 2190 ഓര്‍ഡിനറി സര്‍വീസുകളും 1037 അന്തര്‍ ജില്ലാ സര്‍വീസുകളുമായിരിക്കും നാളെയുണ്ടാവുക.
നിന്നുകൊണ്ട് യാത്ര പാടില്ലെന്നും എല്ലാ സീറ്റിലും യാത്രക്കാരാകാമെന്നും മന്ത്രി പറഞ്ഞു. തിക്കിത്തിരക്കി ബസില്‍ കയറിയാല്‍ നടപടി ഉണ്ടാകുമെന്നും കണ്ടെയ്ന്മെന്റ് സോണുകളില്‍ സ്റ്റോപ്പ് അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മൂന്ന് മാസത്തേക്ക് റോഡ് ടാക്സില്‍ നല്കിയ ഇളവ് ജൂണ്‍ 30 വരെ തുടരും.
എന്നാല്‍ നാളെ മുതല്‍ സ്വകാര്യബസ്സുകള്‍ സര്‍വീസ് നടത്തില്ലെന്ന് ബസ്സുടമകള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: