കരുനാഗപ്പള്ളി: രൂക്ഷമായ കടല്‍ക്ഷോഭത്തില്‍ ചെറിയഴീക്കലിലും പരിസരത്തുമുള്ള കടല്‍ഭിത്തികള്‍ തകര്‍ന്നടിഞ്ഞു. കൂറ്റന്‍ തിരകള്‍ അടിച്ചുകയറി തീരത്തുള്ള വീടുകള്‍ തകരുകയാണ്.
മുപ്പത്തിഅഞ്ച്-നാല്‍പ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് കരിങ്കല്ലടുക്കി നിര്‍മിച്ച ഭിത്തിക്ക് കരയില്‍ നിന്ന് ഒരാള്‍ പൊക്കത്തില്‍ കൂടുതല്‍ ഉയരമുണ്ടായിരുന്നു. ഇന്ന് ആ കടല്‍ഭിത്തി കരയില്‍ നിന്നും പത്ത് അടിയോളം താഴ്ചയില്‍ തകര്‍ന്നടിഞ്ഞ നിലയിലാണ്. കൂറ്റന്‍ തിരമാലകള്‍ ഏതുനിമിഷവും കരവിഴുങ്ങുന്ന സ്ഥിതിയാണ്. തീരദേശവാസികളുടെ കിടപ്പാടങ്ങളും ജീവിത സമ്പാദ്യങ്ങളും അടിക്കടി ഉണ്ടാകുന്ന കടല്‍ക്ഷോഭങ്ങളില്‍ നഷ്ടപ്പെടുമ്പോഴും ജനപ്രതിനിധികള്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കി തീരദേശവാസികളെ വിഡ്ഢികളാക്കുകയാണെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു.
ഇടതുസര്‍ക്കാര്‍ അധികാരമേറ്റ് നാലു വര്‍ഷം പിന്നിടുമ്പോള്‍ കരുനാഗപ്പള്ളിയില്‍ നിന്നു വിജയിച്ച ആര്. രാമചന്ദ്രന് തീരദേശവാസികള്‍ക്ക് നല്കി ഉറപ്പുകളും കടല്‍ഭിത്തി പോലെ തകര്ന്നടിഞ്ഞപോലെയാണ്. വിജയിപ്പിച്ചാല്‍ അവരുടെ ചിരകാല സ്വപ്നമായ പുലിമുട്ടുകള്‍ നിര്‍മിച്ച് ജീവിതം സുരക്ഷിതമാക്കുമെന്നായിരുന്നു വാഗ്ദാനം.
കടല്‍ഭിത്തി പുനര്‍ നിര്‍മിക്കാനോ അവശേഷിക്കുന്ന പുലിമുട്ടുകളുടെ നിര്‍മാണം ആരംഭിക്കാനോ ഇതുവരെ സാധിച്ചിട്ടില്ല. ഏതാനും മാസങ്ങള്‍ക്കു മുമ്പ് രൂക്ഷമായ കടല്‍ക്ഷോഭം മൂലം വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതിനെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച എംഎല്‍എയും തഹസില്‍ദാരെയും ചെറിയഴീക്കലില്‍ നാട്ടുകാര്‍ തടഞ്ഞുവച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ന്യൂനമര്‍ദ്ദം മൂലമുണ്ടായ കടല്‍ക്ഷോഭത്തില്‍ ചെറിയഴീക്കല്‍ ഭാഗത്തെ പല വീടുകളും കടലിലേക്ക് വീഴാറായ അവസ്ഥയിലാണ്. മണ്‍സൂണ്‍ കൂടി എത്തുന്നതോടെ ശക്തമായ കടല്ക്ഷോഭത്തിനാണ് സാധ്യത.
എം.ഡി. ബാബുരഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: