കൊറോണക്കാലം ലോകമെങ്ങും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുമ്പോള്‍ വിദ്യാഭ്യാസ മേഖലയും അതില്‍ നിന്ന് മുക്തമല്ല. ലോകത്തെല്ലായിടത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നു. രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ തുടര്‍ വിദ്യാഭ്യാസം എങ്ങനെയാകണമെന്ന് പുനര്‍ചിന്തനം വേണ്ടണ്ടിവന്നു. പരമ്പരാഗത വിദ്യാഭ്യാസ മാര്‍ഗങ്ങളിലൂടെ പഠനം സാധ്യമാക്കിയിരുന്ന നമള്ളും ബദല്‍ മാര്‍ഗങ്ങള്‍ തേടി. ഓണ്‍ ലൈന്‍ വിദ്യാഭ്യാസത്തെ കുറിച്ച് സജീവമായി നമ്മള് ചിന്തിച്ചതിപ്പോഴാണ്. പ്രതിസന്ധികാലത്ത് മാത്രം കേരളം അതേക്കുറിച്ച് ചിന്തിച്ചതിനാലാണ് ആശങ്കകളും സംശയങ്ങളും കൂടുതലുണ്ടാകുന്നത്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്ക്കനുസരിച്ച് പുത്തന്‍ മാര്‍ഗങ്ങള്‍ ശീലമാക്കുന്ന ശൈലി നമ്മള് അനുവര്‍ത്തിക്കണമെന്ന പാഠം കൂടി ഇപ്പോള്‍ മുന്നിലുണ്ട്. പുതിയ സാങ്കേതിക സംവിധാനങ്ങള്‍ വിദ്യാഭ്യാസ രീതിയെകുറിച്ചുള്ള നമ്മുടെ ധാരണകള്‍ മാറ്റി മറിക്കുന്നതാണ്. ലോകത്തെ പല രാജ്യങ്ങളും പണ്ടേ സ്വീകരിച്ച സംവിധാനങ്ങള്‍ പിന്തുടരാന് ഇപ്പോള്‍ നമ്മളും നിര്‍ബന്ധിതരായിരിക്കുന്നു.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ഡിജിറ്റല്‍ ഇന്ത്യയെകുറിച്ച് ഏറെ സംസാരിക്കുകയും രാജ്യം മുഴുവന്‍ അത് ചര്‍ച്ചയാകുകയും ചെയ്തു. പ്രധാനമന്ത്രി മോദി വിഭാവനം ചെയ്ത ഡിജിറ്റല്‍ ഇന്ത്യ സംവിധാനം, കാര്‍ഡ് ഉപയോഗിച്ച് പണമിടപാ
ട് നടത്താന്‍ മാത്രമുള്ളതായിരുന്നില്ല. ഓണ്‍ലൈന്‍ വിദ്യാഭ്യാസവും മോദി മുന്നോട്ടുവച്ച ‘ഡിജിറ്റല്‍ ഇന്ത്യ’യുടെ ഭാഗമാണ്. അന്ന് നരേന്ദ്ര മോദിയെ കളിയാക്കിയവരാണ് ഇന്ന് അതിനുപിന്നാലെ പോകുന്നതെന്നത് കാലത്തിന്റെ നീതി. കംപ്യൂട്ടറിനെയും കൊയ്ത്തു യന്ത്രത്തെയും എതിര്‍ത്തവര്‍ പിന്നീട് അതിന്റെ പിന്നാലെ പോയത് ചരിത്രം. വിദ്യാഭ്യാസത്തിനായി ‘വിക്ടേഴ്സ് ചാനല്‍’ രാജ്യത്ത് ആരംഭിച്ചപ്പോഴും ഇടതുപക്ഷം അതിനെ ഗൗരവത്തോടെയല്ല സമീപിച്ചത്. ഇപ്പോള്‍ ഈ ചാനല്‍ വഴിയാണ് പഠനം ആരംഭിച്ചതെന്നതും ശ്രദ്ധേയം.
രോഗ പ്രതിരോധത്തിന്റെ മാര്‍ഗമായി സ്വീകരിച്ച ലോക് ഡൗണ്‍ ലോകത്തെവിടെയും വിദ്യാഭ്യാസ രംഗത്തെ താറുമാറാക്കി. യുനസ്കോയുടെ കണക്കനുസരിച്ച് 154 കോടി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസമാണ് ലോകമെങ്ങുമായി തടസപ്പെട്ടിരിക്കുന്നത്. ഇതില്‍ 32 കോടിയും ഇന്ത്യയിലാണ്. കേരളത്തില്‍ സാധാരണ ജൂണ്‍ ഒന്നിന് ക്ലാസ്സുകള്‍ ആരംഭിക്കേണ്ടതാണ്. അതിന് എന്തായാലും മാറ്റം വന്നില്ല. അതേ ദിവസംതന്നെ ക്ലാസ്സുകള്‍ ഓണ്‍ലൈനില്‍ ആരംഭിച്ചു. എന്നാല്‍, ആധുനിക മൊബൈല്‍ ഫോണോ, ടിവിയോ, ഇന്റര്‍നെറ്റ് സംവിധാനമുള്ള കമ്പ്യൂട്ടറോ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പഠനത്തിന് അവസരമുണ്ടാകുക. അതൊന്നുമില്ലാത്ത ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കേരളത്തിലുണ്ട്. അവരില്‍ മഹാഭൂരിഭാഗവും പിന്നാക്ക വിഭാഗങ്ങളില്‍ പെടുന്നവരുമാണ്. സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച് രണ്ടര ലക്ഷം കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തത്. എന്നാല്‍ അത് പത്തു ലക്ഷത്തോളമെന്നാണ് വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നത്. ഓണ്‍ലൈനില്‍ പഠിപ്പിക്കാനും അത് വീട്ടിലിരുന്ന് കാണാനുമുള്ള കമ്പ്യൂട്ടര്‍/ടാബ്ലെറ്റ് സംവിധാനങ്ങള്‍ കേരളത്തില്‍ എല്ലാവര്‍ക്കുമില്ല എന്ന ന്യൂനത മറികടക്കുമ്പോഴും ഇന്റര്‍നെറ്റിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോഴും മാത്രമാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഗുണഫലം എല്ലാവരിലേക്കും എത്തുന്നത്. ഉള്ള പരിമിത സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രതിസന്ധി കാലത്തെ നാം മറികടക്കണമെന്ന് പറഞ്ഞാല്‍, വലിയ വിഭാഗം കുട്ടികള്‍ ഈ പഠന പദ്ധതിയില്‍ നിന്ന് പുറത്താകും.
കേരളത്തിന്റെ പിന്നാക്ക മേഖലകളില്‍ ഇന്നും വൈദ്യുതി എത്താത്ത പ്രദേശങ്ങളുമുണ്ട്. ഇന്നലെ ക്ലാസ്സുകളാരംഭിച്ചപ്പോള്‍ പെരുമഴയത്ത് വൈദ്യുതി ബന്ധം നിലച്ച മലയോര പ്രദേശങ്ങളില്‍ കുട്ടികളെങ്ങനെ ക്ലാസ്സുകള്‍ കണ്ടു എന്നതും പരിശോധിക്കണം. വയനാട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട തുടങ്ങിയ പ്രദേശങ്ങളിലെ വനവാസി ഈരുകളിലെ കുട്ടികളെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ഇതൊരു പ്രതിസന്ധി ഘട്ടമാണ്, ഇപ്പോള്‍ തുടക്കമാണ്. പുതിയ പദ്ധതിയാവിഷ്കരിക്കേണ്ടിവന്ന സന്ദര്‍ഭമാണ്. അതെല്ലാം മനസ്സിലാക്കികൊണ്ടുതന്നെയാണ് പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാരിന് മുന്നൊരുക്കങ്ങള്‍ തീരെ കുറവായിരുന്നു എന്ന് പറയുന്നതും ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതിയെ അപ്പാടെ ആക്ഷേപിക്കാനല്ല. പകരം, വിദ്യാഭ്യാസം നഗര ജീവികളായവര്ക്കോ, അതല്ലെങ്കില്‍ മുന്നാക്കക്കാര്‍ക്കോ മാത്രമായി ചുരുങ്ങരുത് എന്ന നിഷ്കര്‍ഷയുള്ളതിനാലാണ്. ഈ പുതിയ പഠന സമ്പ്രദായം എല്ലാവര്ക്കും പ്രാപ്യ
മാക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: