മട്ടാഞ്ചേരി: സര്‍ക്കാരിന്റെ ധനസഹായത്തിനായി സഹകരണ ബാങ്കുകളില്‍ ജനത്തിരക്ക്. കാര്‍ഡുടമകള്‍ കൂട്ടമായി ബാങ്കുകളിലെത്തിയതോടെ നിത്യേനയുള്ള പ്രവര്‍ത്തനവും മുടങ്ങി. സാമൂഹിക അകലവും സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ ജനമെത്തിയതോടെ ബാങ്ക് അധികൃതരും വലഞ്ഞു.
ക്ഷേമനിധിയും പെന്‍ഷനുമില്ലാത്ത ബിപിഎല്‍ കാര്‍ഡുകാര്‍ക്ക് 1000 രൂപയാണ് ധനസഹായം നല്‍കുന്നത്. റേഷന്‍ കടയില്‍ ലിസ്റ്റും തുടര്‍ന്ന് ബാങ്ക് പ്രതിനിധി വീട്ടിലെത്തി ധനസഹായമെത്തിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ വിരലിലെണ്ണാവുന്ന സഹകരണ ബാങ്കുകള്‍ക്ക് നിശ്ചതസമയപരിധിയില് ആയിരക്കണക്കിന് കാര്‍ഡുടമകളെ കണ്ടെത്തി പണം നല്‍കുന്നതിന് കഴിയാതെയിരുന്നതാണ് ബാങ്കുകളില്‍ ജനക്കൂട്ടത്തിനിടയാക്കിയതെന്ന് അധികൃതര്‍ പറയുന്നു.
പശ്ചിമകൊച്ചിയില്‍ 28 നഗരസഭാ ഡിവിഷനുകളും രണ്ട് പഞ്ചായത്തുകളിലുമുള്ള സിആര്‍ഒ, ടിഎസ്ഒവിന് കീഴിലായുള്ള 200 ഓളം റേഷന്‍കടയിലെ കാര്‍ഡുടമകള്‍ക്കായി നാല് സഹകരണ ബാങ്കുകളിലാണ് ഉപഭോക്തൃ പട്ടിക നല്‍കിയിരിക്കുന്നത്. ധനസഹായം ലഭിക്കുന്നത് വൈകിയതോടെ ചില കേന്ദ്രങ്ങളില്‍ പ്രത്യേക കൗണ്ടറുകളൊരുക്കി ബാങ്കുകള്‍ സൗകര്യമെര്പ്പെടുത്തിയെങ്കിലും രാഷ്ട്രീയക്കാര്‍ മുതലെടുപ്പിനെത്തിയതിന് കടുത്ത പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്നാണ് കാര്‍ഡുടമകള്‍ കൂട്ടമായി ബാങ്കുകളിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: