ഇരിട്ടി: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ഓൺലൈനിലൂടെ പുതിയ അധ്യായന വർഷം ആരംഭിച്ചെങ്കിലും സൗകര്യങ്ങളുടെ അപര്യാപ്തത മൂലം പഠനം ആരംഭിക്കാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് ആറളം ഫാമിലെ വിദ്യാർത്ഥികൾ. ഫാം ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ 584 കുട്ടികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 104 കുട്ടികളുമാണ് പഠിക്കുന്നത് . ഇതിൽ 90 ശതമാനത്തിലേറെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വഴിയോ ടെലിവിഷൻ വഴിയോ ഉള്ള യാതൊരുവിധ സംവിധാനവും ഇല്ലാഞ്ഞതിനാൽ ഓൺ ലൈൻ പഠനം ത്രിശങ്കുവിലായിരിക്കുകയാണ്.
മൊബൈലും, ടി വിയും മറ്റ് സംവിധാനങ്ങളും ഇല്ലാത്ത കുടുംബങ്ങളിലെ കുട്ടികൾക്കായി പ്രത്യേക സംവിധാനം ഒരുക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും ഇതിനുള്ള യാതൊരുവിധ ഒരുക്കവും മേഖലയിൽ ആരംഭിച്ചിട്ടില്ല. കിലോമീറ്ററുകൾ അകലത്തിലുള്ള വിവിധ ബ്ലോക്കുകളിലായാണ് ഫാമിലെ കുടുംബങ്ങൾ താമസിക്കുന്നത് . എന്നാൽ പല വിദ്യാർത്ഥികളും തിങ്കളാഴ്ചമുതൽ ഓൺ ലൈനിലൂടെയും ടെലിവിഷനിലൂടെയും മറ്റും ക്ളാസുകൾ ആരംഭിക്കുന്ന കാര്യവും അധികൃതരുടെ നിർദ്ദേശങ്ങളും അറിഞ്ഞതേ ഇല്ല. തിങ്കളാഴ്‌ച്ച രാവിലെ ചിലർ ഇത്തരം സംവിധാനത്തെപ്പറ്റി കേട്ടുവെങ്കിലും ഏതൊക്കെ സമയത്താണ് ക്ലാസുകൾ എന്നത് ആർക്കും നിശ്ചയമില്ല.
ഓൺലൈൻ പഠനത്തിനായി സൗകര്യമൊരുക്കാൻ സ്‌കൂൾ അധികൃതർക്ക് നിർദ്ദേശം ലഭിച്ചിട്ടില്ലെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സൗകര്യം ഒരുക്കുമെന്നാണ് അറിയിച്ചതെന്നും സ്‌കൂൾ പ്രധാന അധ്യാപിക എൻ. സുലോചന പറഞ്ഞു.
മേഖലയിലെ ചിലവീടുകളിൽ ടെലിവിഷൻ ഉണ്ടെങ്കിലും നിലവിൽ വിക്ടറി ചാനൽ ലഭിക്കാത്ത നെറ്റ്‌വർക്കുകൾ കാരണം അവർക്കും ഒരു പ്രയോജനവുമില്ല. പണിയ വിഭാഗങ്ങളിലെ കുടുംബങ്ങളിലൊന്നും ടി വിയോ മൊബൈൽ സൗകര്യങ്ങളോ ഇല്ല. ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ മുവുവൻ അധ്യാപകരും താല്ക്കാലിക ജീവനക്കാരായതിനാൽ കഴിഞ്ഞ അധ്യായന വർഷത്തോടെ അവരുടെ സേവന കാലാവധി അവസാനിച്ചിരിക്കയാണ് . അതുകൊണ്ടുതന്നെ ഹയർ സെ്ക്കണ്ടറി വിഭാഗത്തിൽ കുട്ടികൾക്ക് മാർഗ്ഗ നിർദേശങ്ങൾ നല്കാൻ നിലവിൽ ഒരധ്യാപകൻ പോലുമില്ല. ഹൈസ്‌ക്കൂൾ പ്രഥമാധ്യാപികയ്‌ക്കാണ് ഹയർ സെക്കണ്ടറി പ്രഥമാധ്യാപികയുടെ ചുമതല.
മേഖലയിൽ സാംസ്‌ക്കാരിക നിലയങ്ങൾ ഒന്നുമില്ലെന്നതും മറ്റൊരു പോരായ്‌മയാണ് . ഒൻമ്പത് അങ്കണവാടികളിൽ ആറെണ്ണത്തിൽ ടെലിവിഷൻ സൗകര്യം ഉണ്ടെങ്കിലും കറന്റും നെറ്റ് വർക്ക് സംവിധാനങ്ങളുടേയും അപര്യാപ്തത ഇവിടങ്ങളിലും വൻ പ്രതിന്ധിയാണ് ഉണ്ടാക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ടെന്നും സംവിധാനങ്ങൾ ഒരുക്കാമെന്ന് അറിയിച്ചതായും പി ടി എ പ്രസിഡന്റ് കെ.ബി. ഉത്തമൻ പറഞ്ഞു.
മലയോരത്തെ മിക്ക ആദിവാസി കോളനികളിലും ഇതുതന്നെയാണ് സ്ഥിതി. ചതിരൂർ 110 കോളനിയിലും വിയറ്റ്‌നാമിലും മുണ്ടയാം പറമ്പ് കോളനികളിലുമെല്ലാം സമാന സാഹചര്യമാണ് നിലനില്ക്കുന്നത്. ചില സ്ഥലങ്ങളിൽ സാംസ്‌ക്കാരിക നിലയങ്ങളും മറ്റും ഇതിനായി പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: