ന്യൂദല്‍ഹി: പാക് അധിനിവേശ കശ്മീരിലെ ഭീകരത്താവളങ്ങള്‍ ഭീകരരെക്കൊണ്ട് നിറഞ്ഞെന്നും മിസൈല്‍ വിക്ഷേപണത്തിന് പതിനഞ്ചോളം ലോഞ്ച്പാഡുകള്‍ തയാറാക്കിയിട്ടുണ്ടെന്നും സൈന്യം.
ഭീകരര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നത് വര്‍ധിക്കുമെന്നും വാര്‍ത്താഏജന്‍സിക്കു നല്കിയ അഭിമുഖത്തില്‍ ലെഫ്. ജനറല്‍ ബി.എസ്. രാജു മുന്നറിയിപ്പ് നല്കി.
ഭീകരരെ ഒന്നടങ്കം തുടച്ചു നീക്കിയതോടെ കശ്മീര്‍ താഴ്വരയില് ഭീകരതയുടെ നടുവൊടിഞ്ഞു. കൊല്ലപ്പെട്ട ഭീകരരുടെ നഷ്ടം നികത്താന്‍ പാക് സൈന്യത്തിന്റെ സഹായത്തോടെ കൂടുതല്‍ പേര് രാജ്യത്തേക്ക് നുഴഞ്ഞുകയറിയേക്കും. കശ്മീര്‍ ജനത ഇപ്പോഴനുഭവിക്കുന്ന സമാധാനം പാക്കിസ്ഥാന് തീരെ ദഹിക്കുന്നില്ല.
30 വര്‍ഷമായി ഭീകരരുടെ നുഴഞ്ഞുകയറ്റത്തിന് പാക്സൈന്യത്തിന്റെ സഹായമുണ്ടായിരുന്നു. ഭീകരരെ സഹായിക്കാന്‍ വെടിനിര്‍ത്തല്‍ കരാര്‍ പോലും ലംഘിച്ച് പലപ്പോഴും അവര്‍ നമ്മുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അത്തരം വെടിവയ്പ്പുകള്‍ക്ക് നമ്മുടെ മറുപടി ദ്രുതവും ശക്തവുമായപ്പോള്‍ പാക് പദ്ധതികള്‍ പാളിത്തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തിയില്‍ ബ്രിഗേഡ് കമാന്‍ഡറായിരുന്ന ലഫ്. ജനറല്‍ രാജു, ദക്ഷിണ കശ്മീര്‍ മേഖലയിലെ സൈന്യത്തിന്റെ ഭീകരവിരുദ്ധ സംഘമായ വിക്ടര്‍ ഫോഴ്സ് തലവനുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: