വടശേരിക്കര: അളവിലും, രേഖകളിലും തിരുവാഭരണ പാതയെന്നാണെങ്കിലും നിലിവിൽ ഇവിടെ പള്ളിയും കൃഷിയുമാണ്. പള്ളിക്ക് മുരുപ്പു മുതൽ ഇടക്കുളം വരെ വയലിന്റെ ഭാഗത്തു 10 -12 മീറ്റർ വീതിയിലാണ് പാതക്കായി കല്ലിട്ടു മാറ്റിയത്. എന്നാൽ 5 മീറ്റർ മാത്രമാണ് ഇവിടെ ഇപ്പോഴും വീതിയുള്ളത്. ഹൈക്കോടതി ഇടപെട്ട് കയ്യേറ്റം ഒഴിപ്പിച്ചെങ്കിലും വീണ്ടും കയ്യേറി കൃഷി ഇറക്കിയിരിക്കുകയാണ്.
ഇടക്കുളം മുതൽ മന്ദിരം പടി വരെ തിരുവാഭരണ പാതയാണ് പിഡബ്ലിയുഡി റോഡ് ആക്കി മാറ്റിയത്. ഇതോടെ തിരുവാഭരണ പാതയുടെ അവകാശം നഷ്ടപ്പെട്ടു. അളവ് നടന്നപ്പോൾ ഇത്രയും ഭാഗം അളന്നു തിട്ടപ്പെടുത്താൻ അധികൃതർ തയ്യാറായില്ല. ചില സ്ഥലത്ത് 7 മീറ്റർ മാത്രമാണ് വീതിയുള്ളത്. ബാക്കി 3 മീറ്റർ കയ്യേറിയിരിക്കുകയാണ്. കാളപ്പാലം ഭാഗത്ത് 40 സെന്റ് ഭൂമി അളന്നു തിട്ടപ്പെടുത്തിയില്ല. ഇവിടെ റാന്നി പഞ്ചായത്ത് അധികൃതർ അനധികൃത കെട്ടിടങ്ങൾ പണിഞ്ഞു കയ്യേറ്റം നടത്തി. മന്ദിരം പടി മുതൽ കുത്തുകല്ലുങ്കൽ പടി വരെ മാത്രമാണ് കയ്യേറ്റം ഒഴിപ്പിച്ചിട്ടുള്ളത്. എന്നാൽ ഇവിടെ പോലും 80% കയ്യേറ്റമെ ഒഴിപ്പിച്ചിട്ടുള്ളൂ. 14 കയ്യേറ്റക്കാരിൽ 10 പേരെ മാത്രമാണ് ഒഴിപ്പിച്ചത്. ഒരു സ്വകാര്യ വ്യക്തി മാത്രം 40 സെന്റ് ഭൂമി ഇവിടെ കൈവശം വച്ചിരിക്കുകയാണ്.
കുത്തുകല്ലുങ്കൽ പടിയിൽ 14 സ്ഥലം വിരിവെക്കാനായി ഉണ്ടായിരുന്നു. ഇവിടെയാണ് ക്‌നാനായ സമുദായത്തിന്റെ ചാപ്പലാണ് ഇപ്പോൾ. ഇതോടെ വിരിവെക്കാൻ സ്ഥലമില്ലാതായി. നേരത്തെ ഉണ്ടായിരുന്ന സർവ്വേ കല്ലുകളും ഇളക്കി മാറ്റി. കുത്തു കല്ലുങ്കൽ പടിയിൽ 125 വർഷമായി തിരുവാഭരണം ഇറക്കി വച്ച് പൂജകൾ ചെയ്തിരുന്ന പൂജാ സ്ഥലവും, ആൽത്തറയും നശിപ്പിച്ചു. കെ എസ് ടി പി റോഡ് നിർമാണത്തിന്റെ പേരിൽ ആൽ നശിപ്പിച്ചു കളയാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കൃത്രിമമായി ആൽ പതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
തുടർന്ന് റാന്നി ബ്ലോക്ക് ആഫീസ് വരയുള്ള ഭാഗത്ത് പ്രധാന കയ്യേറ്റം നടത്തിയിട്ടുള്ളത് വൈക്കം സർക്കാർ യു പി സ്‌കൂളാണ്. പാതയിലേക്ക് ഇറക്കി വച്ച് ആദ്യം ഡി ആർ കെട്ടുകയും, മുകളിൽ താൽക്കാലിക ഷെഡ്ഡ് നിർമിക്കുകയും ചെയ്തു. തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ ഇടപെടൽ കാരണം അനധികൃത നിർമാണം നടത്തിയത് കണ്ടെത്തിയതിനെ തുടർന്ന് ഈ നിർമിതിയുടെ പണം ഇതുവരെ അനുവദിച്ചു നൽകിയിട്ടില്ല. തുടർന്ന് മുന്നോട്ടുള്ള പാതയിൽ ഒരു ക്ലബ്ബും സ്ഥലം കയ്യേറിയതായി പറയപ്പെടുന്നു. ബ്ലോക്ക് ഓഫിസ് മുതൽ ആയിക്കൽ വരെ പരമ്പരാഗത പാത തന്നെ ഉപേക്ഷിച്ചു. ബ്ലോക്ക് ഓഫിസിനു പുറകുവശം വഴി കണ്ണംകുഴിയത്ത് പുരയിടത്തിൽ കൂടി പുളിക്ക മൂഴിയിലെത്തി പമ്പ നദിയുടെ കരയിലൂടെയാണ് പാത ഉള്ളത്. ഈ വഴി റോഡിലൂടെയാക്കിയത് കാരണം ഇവിടെയും ഏക്കറുകണക്കിന് ഭൂമിയാണ് പാതക്ക് നഷ്ടമായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: