ആലപ്പുഴ: കോമളപുരത്തെ കേരള സ്പിന്നേഴ്സില്‍ സിഐടിയു യൂണിറ്റില്‍ ഭിന്നത രൂക്ഷം. തൊഴിലാളികള്‍ സംഘടന വിടാനൊരുങ്ങുന്നു. ജോലിഭാരം അമിതമായതില് പ്രതിഷേധിച്ച സിഐടിയു നേതാക്കളെ സസ്പെന്‍ഡ് ചെയ്ത മാനേജ്മെന്റിന് യൂണിയന് പിന്തുണ നല്‍കുന്നതാണ് പ്രശ്നമായത്. സിഐടിയു തൊഴിലാളികള്‍ക്കൊപ്പമല്ല, മാനേജ്മെന്റിനൊപ്പമാണെന്നാണ് വിമര്‍ശനം ഉയരുന്നത്. കഴിഞ്ഞ 21നാണ് ട്രെയിനികളുടെ അമിത ജോലിഭാരത്തിനെതിരെ സിഐടിയു മാനേജിങ്
കമ്മറ്റിയംഗങ്ങളായ രണ്ടു നേതാക്കള്‍ പ്രതികരിച്ചത്. ഇരുവരും ട്രെയിനി തൊഴിലാളികളാണ്. സൂപ്പര്‍വൈസര്‍ വഴങ്ങാതിരുന്നതോടെ എണ്‍പതിലേറെ ട്രെയിനി തൊഴിലാളികള്‍ പണിമുടക്കി. പിറ്റേന്ന് സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ ട്രെയിനികള്‍ക്കും മാനേജ്മെന്റ് മെമ്മോ നല്കി. ഇവരെല്ലാവരും തന്നെ നോട്ടീസിന് മറുപടി നല്കി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ സമരത്തിന് നേതൃത്വം നല്കിയ സിഐടിയു നേതാക്കളെ മാത്രം സസ്പെന്‍ഡ് ചെയ്തു. ഇവരെ പത്തു ദിവസം പിന്നിട്ടിട്ടും ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ തയ്യാറായിട്ടുമില്ല.
സ്പിന്നേഴ്സിലെ സിഐടിയു യൂണിയനെ നയിക്കുന്നത് കമ്പനിയില്‍ പണിയെടുക്കാത്ത പുറമെ നിന്നുള്ള ലോക്കല്‍ കമ്മറ്റി സെക്രട്ടറി ഉള്‍പ്പടെയുള്ളവരാണ്. ഇവരും പണിമുടക്കിനെ തള്ളിപറഞ്ഞതോടെ ട്രെയിനി യൂണിയന് നേതാക്കള്‍ വെട്ടിലായി. അവരെ സംരക്ഷിക്കാന്‍ യൂണിയന് ഉണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി.
യൂണിയന് നേതാക്കളെ മറികടന്ന് ട്രെയിനി നേതാക്കള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതിലെ അസഹിഷ്ണുതയാണ് പ്രശ്നം പരിഹരിക്കാതെ സസ്പെന്ഷന് അനിശ്ചിതകാലമായി നീണ്ടു പോകുന്നതിന് കാരണമെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്. മണ്ണഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും ചില സിപിഎം നേതാക്കളുടെ കോക്കസാണ് സിഐടിയുവിന്റെ പേരില്‍ കമ്പനി ഭരിക്കുന്നതെന്നും, അതിന് വിലങ്ങുതടിയാകുമെന്ന് കണ്ടാണ് മറ്റു പ്രദേശങ്ങളില്‍ നിന്നെത്തുന്ന പാര്‍ട്ടി സഖാക്കളെ പോലും ഒതുക്കുന്നതെന്നാണ് ആക്ഷേപം.
തൊഴിലാളികള്‍ക്കൊപ്പം നിന്നതിന്റെ പേരില്‍ പ്രവര്‍ത്തകരെ പീഡിപ്പിക്കുന്ന മാനേജ്മെന്റിന് വിടുപണി ചെയ്യുന്ന സിഐടിയു സമീപനം അംഗീകരിക്കാത്തവര്‍ മറ്റു യൂണിയനുകളിലേക്ക് ചേക്കാറാനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: