തിരുവനന്തപുരം:രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും ഉപഗ്രഹം വഴി നേരിട്ട് വിദ്യാഭ്യാസം എത്തിക്കുക എന്നത് ഇന്ദിരാഗാന്ധി ഓപ്പണ്‍ സര്‍വകലാശാലയുടെ ആശയമായിരുന്നു. അന്നത്തെ വിദ്യാഭ്യാസമന്ത്രി മുരളി മനോഹര്‍ ജോഷിയുടെ ശ്രദ്ധയില്‍ പെടുത്തിയതോടെ കാര്യങ്ങള്‍ ശരവേഗത്തിലായി. പ്രധാനമന്ത്രി വാജ്‌പേയിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ ദൗത്യചുമതല ഏറ്റെടുത്തു. ഒരു വര്‍ഷത്തിനകം 2004ല്‍ ഫെബ്രുവരിയില്‍ ബാംഗഌര്‍ ജവഹര്‍ലാല്‍ സര്‍വകലാശാലയില്‍ പൈലറ്റ് പദ്ധതി വിജയകരമായി നടപ്പാക്കി. അതേ വര്‍ഷം തന്നെ ഇതിനായുള്ള തദ്ദേശനിര്‍മ്മിത ഉപഗ്രഹം എഡ്യുസാറ്റ് ഭ്രമണ പഥത്തിലെത്തിച്ചു. വിദ്യാഭ്യാസമേഖലക്ക് മാത്രമായി ഉദ്ദേശിച്ചുള്ള ഭാരതത്തിന്റെ ആദ്യ ഉപഗ്രഹം.
എഡ്യുസാറ്റ് വഴി നേരിട്ട് വിദ്യാഭ്യാസം എത്തിക്കുവാന്‍ വിഭാവനം ചെയ്ത വിക്ടേര്‍സ് ചാനലിന്റെ ഔപചാരികമായ ഉദ്ഘാടനം രാഷ്‌ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുള്‍ കലാം തിരുവന്തപുരത്താണ് നിര്‍വഹിച്ചത്. രാഷ്ടപതി ഒരു അധ്യാപകനെപ്പോലെ ക്ലാസെടുക്കുകയും കുട്ടികളുമായി നേരിട്ടും വിവിധ ജില്ലകളിലെ എഡ്യൂസാറ്റ് ഇന്റര്‍ ആക്ടീവ് ടെര്‍മിനലുകലുകളിൽ ഇരുന്ന വിദ്യാര്‍ത്ഥികളുമായി ഓണ്‍ലൈനിലും സംവദിച്ചു. ഈ പദ്ധതി മൂലം രാജ്യത്തെ പ്രമുഖ എഞ്ചിനീയറിങ്ങ് കലാലയങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കപ്പെടുകയും ഉപഗ്രഹാധിഷ്ഠിതമായ വിദൂര വിദ്യാഭ്യാസം നടത്താം. ആശുപത്രികളില്‍ ടെലി മെഡിസിന്‍ സംവിധാനം എര്‍പെടുത്താനും സാധിക്കും. എഡ്യൂസാറ്റ് ആദ്യം തന്നെ പ്രയോജനപ്പെടുത്തിയ സംസ്ഥാനമാകാന്‍ കേരളത്തിന് സാധിച്ചതില്‍ മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടിയുടെ താല്‍പര്യവും കാരണമായി.
എന്നാല്‍ അന്ന് പ്രതിപക്ഷമായ ഇടതുപക്ഷം ശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തിയത്. അധ്യാപകരുടെ എല്ലാം ജോലിപോകും എന്നതായിരുന്നു പ്രധാന ആരോപണം. രാഷ്ടപതിയുടെ പരിപാടി ബഹിഷ്‌ക്കരിക്കുകയും ചെയ്തു. എസ് എസ് എല്‍ സിക്ക് പതിമൂന്നാമത്തെ വിഷയമായി ഐ ടി ഉള്‍പ്പെടുത്തിയപ്പോഴും സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യൂക്കേഷന്‍ എന്ന സ്ഥാപനത്തെ സ്‌റ്റേറ്റ് ഇന്‌സ്ടിട്യൂട് ഓഫ് എഡ്യൂക്കേഷന്‍ ടെക്‌നോളജി ആയി ഉയര്‍ത്തിയപ്പോഴും ഇടതുപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നു. ഐ ടി പരീക്ഷ ബഹിഷ്‌കരിക്കുമെന്നും മൈക്രോസോഫ്റ്റിന്റെ പ്ലാറ്റ്‌ഫോമില്‍ ഐ ടി പരീക്ഷ സോഫ്‌റ്റ്വെയര്‍ നിര്‍മിച്ചത് തെറ്റാണെന്നും ഇവിടെ വേണ്ടത് സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ ആണെന്നും ചൂണ്ടിക്കാട്ടി കനത്ത എതിര്‍പ്പ് ഉയര്‍ത്തി. ഓണ്‍ലൈന്‍ ചാനല്‍, അധ്യാപകരെ ഒഴിവാക്കാനുള്ള കുതന്ത്രമായി വ്യാഖ്യാനിക്കപ്പെട്ടു.
വിദൂര വിദ്യാഭ്യാസത്തിന്റെയും സാങ്കേതിക വിദ്യയുടെയും അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താനാണ് അന്നത്തെ സര്‍ക്കാര്‍ ശ്രമിച്ചത്. എസ്എസ്എല്‍സി പരീക്ഷയ്‌ക്ക് മുമ്പ് 5 വര്‍ഷത്തെ ചോദ്യപേപ്പറുകളുടെ വിശകലനം, പരീക്ഷാത്തലേന്ന് സാമ്പള്‍ ചോദ്യപേപ്പറിന്റെ വിശകലനം, എന്‍ട്രന്‍സ് കോച്ചിംഗ്, പത്തിനുശേഷമുള്ള ഉപരിപഠന സാധ്യതകള്‍, അധ്യാപക പരിശീലനം തുടങ്ങിയ ഒട്ടേറെ പരിപാടികള്‍ നടപ്പാക്കി വിക്ടേഴ്‌സ് ചാനലിനെ മുന്‍നിരയില്‍ എത്തിച്ചു. ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടന്ന് തുടങ്ങിയ വിക്ടേഴ്‌സ ഓണ്‍ലൈന്‍ ചാനല്‍ ഇന്ന് രാജ്യത്തെ തന്നെ മുന്‍നിര വിദ്യാഭ്യാസ ചാനലാണ്.
ഇപ്പോള്‍, ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറന്നെന്ന് ഇടതുപക്ഷത്തിന് അഭിമാനപൂര്‍വം പറയാന്‍ ആശ്രയിക്കേണ്ടി വന്നത് തങ്ങള്‍ തുറന്നെതിര്‍ത്ത വിക്ടേഴ്‌സ് ചാനലിനെ എന്നത് വിരോധാഭാസം. ഒന്നുമുതല്‍ 12 വരെയുള്ള സംസ്ഥാനത്തെ 40 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വിക്ടേഴ്‌സ് ചാനലിന്റെ പ്ലാറ്റ്‌ഫോിമില്‍ ഓണ്‍ലൈനിലൂടെ ക്ലാസ് ആരംഭിക്കും..
സാങ്കേതികവിദ്യയുടെ പ്രാധാന്യം തിരിച്ചറിയാന്‍ എല്‍ഡിഎഫിന് പതിന്നാലുവര്‍ഷവും കൊറോണയും വേണ്ടിവന്നതായി ഇതെകുറിച്ച് ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: