ചെന്നൈ: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തമിഴ്നാട്. സംസ്ഥാനത്തെ കണ്ടെയ്ന്മെന്റ് സോണുകള്‍ ഒഴികെ മറ്റു മേഖലകളില്‍ ജ്വല്ലറികളും തുണിക്കടകളും ഉള്‍പ്പെടെ എല്ലാ വ്യാപാരസ്ഥാപനങ്ങളും 50 ശതമാനം ജീവനക്കാരുമായി നാളെ മുതല്‍ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി കെ പളനിസ്വാമി അറിയിച്ചു.
ടാക്സി, ഓട്ടോ സര്‍വീസുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. നാളെ മുതല്‍ ചെന്നൈ, ചെങ്കല്‍പെട്ട്,കാഞ്ചീപുരം, തിരുവെള്ളൂര് ജില്ലകള്‍ ഒഴികെയുള്ള നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും 50 ശതമാനം ബസുകള്‍ സര്‍വീസ് നടത്താം. ഐടി സ്ഥാപനങ്ങള്‍ക്ക് 20 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം.
അതേസമയം തിയറ്ററുകള്‍, ജിമ്മുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ അടഞ്ഞുകിടക്കും. പൊതുജനങ്ങള്‍ക്ക് കേരളം, കര്‍ണാടകം ഉള്‍പ്പെടെയുള്ള അടുത്ത സംസ്ഥാനങ്ങളിലേക്ക് പോവാനും അനുമതിയുണ്ടായിരിക്കില്ല. ജൂണ്‍ 8 മുതല്‍ റെസ്റ്റോറന്റുകള്‍, വ്യവസായങ്ങള്‍ പുനരാരംഭിക്കാന്‍ അനുവദിക്കും.
പുറത്തിറങ്ങുമ്പോള്‍ മാസ്കുകള്‍ നിര്ബന്ധമായുമുണ്ടായിരിക്കണം. പുതിയ ഉത്തരവ് പ്രകാരം സംസ്ഥാന തലസ്ഥാനത്തിന് പുറത്തുള്ള മദ്യവില്‍പ്പന ശാലകള്‍ രാവിലെ 10 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: