സാംസ്കാരിക പരിണാമത്തിന്റെ സമ്പന്ന ചരിത്രത്താൽ വൈവിധ്യമാർന്ന ഭാഷയും സാംസ്കാരവും മതപരവുമായ നൂലിഴകളാൽ ‘സംയോജിത ദേശീയസ്വത്വമായി’ നെയ്തെടുത്ത ഇന്ത്യ, തീവ്രദേശീയയുടെയും വിപ്ലവ പ്രസ്ഥാനങ്ങളുടെയും മിതവാദികളുടെയും രക്തത്തിലും സമരസതയിലും ത്യാഗത്തിലും അഹിംസയിലും സത്യാഗ്രഹത്തിലും സ്ഫുടം ചെയ്ത അതുല്യമായ സ്വാതന്ത്ര്യസമരചരിത്രവും പേറിയതാണ്, കാലം പങ്കിട്ട സ്വാതന്ത്ര്യ സമര ചരിത്രത്തിനിടയിൽ പരസ്പര ധാരണയുടെയും വിശ്വാസത്തിന്റെയും മനോഭാവത്തിന്റെയും നാനാത്വത്തിൽ ഒരേകത്വം സ്വാതന്ത്ര്യാനന്തര ഭാരതം പ്രാപ്തമാക്കി, പക്ഷെ 560 ലധികം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച് ദേശീയതയിലാണ്ട രാഷ്‌ട്ര ചേതനയുടെ ആത്മാവ് രൂപപ്പെടുത്തുക എന്നത് അന്നൊരാൾക്ക് മാത്രം സാധ്യമാകുന്ന കാര്യമായിരുന്നു, സ്വാതന്ത്ര്യ സമരേതിഹാസത്തിന്റെ മഹാമേരു, ഭാരതത്തിന്റെ ആദ്യ ഉപപ്രധാനമന്ത്രിയും, ഇന്ത്യയുടെ ഉരുക്കു മനുഷ്യനും ആഭ്യന്തര മന്ത്രിയുമായ സർദാർ പട്ടേൽ. എന്നാൽ ദേശീയോദ്ഗ്രഥനത്തിന്റെ അഗ്നിനക്ഷത്രം സർദാർ വല്ലഭായി പട്ടേലും ഇന്ത്യൻ ഭരണ ഘടനയുടെ ശില്പി ഡോക്‌ടർ അംബേദ്കറും 1947 ൽ കണ്ട സ്വപ്നം, “ഏക് ഭാരത് ശ്രേഷ്ഠ ഭാരത്; ഒരു രാഷ്‌ട്രം ഒരു ഭരണഘടന” സാക്ഷാത്കരിക്കുവാൻ ഇന്ത്യ പിന്നിട്ടത് 70 വർഷങ്ങളാണ്. നഷ്ടപ്പെട്ട അവസരങ്ങളുടെ, അവഗണിക്കപ്പെട്ട യാഥാർഥ്യങ്ങളുടെ ചരിത്രം, 60 വർഷത്തോളം ഇന്ത്യ ഭരിച്ച ഒരു പ്രസ്ഥാനം 70 വർഷം കാത്തിരുന്ന ചരിത്രം, ആ ചരിത്രത്തിൽ നിന്നുള്ള ഭാരതത്തിന്റെ ഉയർത്തെഴുനേൽപാണ് 2014 ൽ പട്ടേലിന്റെ ജന്മവാർഷികദിനത്തിൽ ഡൽഹിയിൽ അരങ്ങേറിയത്. സർദാർ പട്ടേലിന്റെ അവശേഷിച്ച സ്വപ്നം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തിൽ യാഥാർഥ്യമാകുന്ന കാഴ്ചയാണ് പിന്നീട്ട് ഭാരതം കണ്ടത്. മോദി സർക്കാർ അധികാരത്തിൽ വന്ന അതെ വർഷം ഭാരതത്തിന്റെ അഖണ്ഡതയ്‌ക്കായി സംഘടിപ്പിച്ച ‘റൺ ഫോർ യൂണിറ്റി’ ഉത്‌ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പട്ടേലിനെ ജന്മദിനം രാഷ്‌ട്രീയ ഏക്ത ദിവസ് അഥവാ ദേശീയ ഐക്യ ദിനം ആയി പ്രഖ്യാപിച്ചു, തൊട്ടടുത്തവർഷമായപ്പോഴേയ്‌ക്കും രാഷ്‌ട്രീയ സ്വയം സേവക സംഘമെന്ന രാഷ്‌ട്രഇശ്ചാശക്തിയുടെ രാഷ്‌ട്രീയ മുഖമായ ഭാരതീയ ജനതാ പാർട്ടി ഒരു പടി കൂടെ കടന്ന് ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്ന ആശയത്തിലേയ്‌ക്ക് ചുവടൂന്നി. 2018 ൽ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ സ്റ്റാച്യു ഓഫ് യൂണിറ്റി അഥവാ ഐക്യത്തിന്റെ പ്രതിമ രാജ്യത്തിനായി പ്രധാനമന്ത്രി സമർപ്പിച്ചു. 2019 ൽ 70 വർഷത്തെ ചരിത്രം മാറ്റിയെഴുതിയ രണ്ടാം മോദി സർക്കാർ “ഒരു രാഷ്‌ട്രം ഒരു ഭരണഘടന” യെന്ന ജനപ്രിയ സ്വപ്നം യാഥാർഥ്യമാക്കി കൊണ്ട് ഭാരതരാഷ്‌ട്രീയ ചരിത്രത്തിൽ ഒരു നവയുഗത്തിന് തുടക്കം കുറിച്ചിരിയ്‌ക്കുകയാണ്, ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്തുന്നതിനായി ഏകീകൃതമായ നിയമവ്യവസ്ഥയും ജനാതിപത്യനയങ്ങളും രൂപപ്പെടുത്തുന്നതിന് ഭരണഘടനാ പരമായും രാജനൈതീകമായും മോദി സർക്കാർ ആവിഷ്കരിച്ച പദ്ധതികളിൽ ഏകഭാരത സങ്കൽപ്പത്തിൻറ്റെ കാഴ്ചപ്പാടുകൾ കാണാൻ കഴിയും.
70 വർഷത്തിനുശേഷം ‘ഒരു രാഷ്‌ട്രം ഒരു ഭരണഘടനയെന്ന ഏകഭാരതാശയം ഉൾക്കൊണ്ട ചരിത്രപരമായ നടപടിയായിരുന്നു ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370, 35A എന്നിവയുടെ റദ്ദാക്കൽ. 1954 മുതല്‍ സംസ്ഥാനം അനുഭവിച്ചു വന്നിരുന്ന പ്രത്യേക പദവി ചരിത്രപരമായ നീക്കത്തിലൂടെ രണ്ടാം മോദി സർക്കാർ 2019 ഓഗസ്റ്റ് 5 ന് അവസാനിപ്പിച്ചു, തുടർന്ന് ആഗസ്ത് 25 ന് ജമ്മു കശ്മീർ സെക്രട്ടേറിയറ്റിൽ നിന്ന് സംസ്ഥാന പതാക നീക്കി ഭാരതത്തിൻറ്റെ ത്രിവർണ പതാക ഉയർത്തി.
“സര്‍ദാര്‍ വല്ലഭായി പട്ടേലിനുണ്ടായിരുന്ന സ്വപ്‌നം, ബാബാ സാഹേബ് അംബേദ്ക്കറിനുണ്ടായിരുന്ന സ്വപ്‌നം, ശ്യാമപ്രസാദ് മുഖര്‍ജിയും അടല്‍ജിയും കോടിക്കണക്കിന് ഭാരതീയ പൗരന്മാരും പങ്കുവച്ച സ്വപ്‌നം; ഇപ്പോള്‍ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ചരിത്ര മുഹൂർത്തത്തെ വിശേഷിപ്പിച്ചത്.
”ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ കാശ്‌മീർ ജനതയെ ഭാരതത്തോടൊപ്പം മുഖ്യധാരയിലേക്ക് കൊണ്ടുവരിക മാത്രമല്ല, ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങൾക്കും ആനുകൂല്യങ്ങൾക്കും അവരെ പ്രാപ്തരാക്കുകയും ചെയ്തു. ദാദ്ര ആൻഡ് നാഗർ ഹവേലി, ദാമൻ ആൻഡ് ദ്യൂ എന്നീ രണ്ട് ഇന്ത്യൻ കേന്ദ്ര ഭരണപ്രദേശങ്ങളെ സംയോജിപ്പിച്ചു കൊണ്ട് 2020 ജനുവരി 26 ന് നിലവിൽ ദാദ്ര നഗര്‍ ഹവേലി-ദാമന്‍ ദിയു ബില്‍ മറ്റൊരു ഏകതയുടെ പ്രതീകമായിരുന്നു.യുഗപ്രവാനായ സർദാർ പട്ടേലിൻറ്റെ കഴിഞ്ഞ ജന്മ വാർഷികത്തോടനുബന്ധിച്ച് രാജ്യത്തിന്റെ ഐക്യവും, അഖണ്ഡതയും കാത്ത് സൂക്ഷിക്കുന്നതില്‍ നല്‍കിയ സംഭാവനകള്‍ക്ക് അദ്ദേഹത്തിന്റെ നാമധേയത്തില്‍ കേന്ദ്ര സർക്കാർ പരമോന്നത സിവിലിയന്‍ പുരസ്‌ക്കാരമായ സര്‍ദാര്‍ പട്ടേല്‍ ദേശീയ ഏകതാ പുരസ്‌ക്കാരം ഏര്‍പ്പെടുത്തി. പട്ടേലിന്റെ മരണശേഷം, 41 വർഷങ്ങൾ കഴിഞ്ഞാണ് കോൺഗ്രസ്സ് സർക്കാരിൽ നിന്ന് അദ്ദേഹത്തിന് മരണാനന്തരം ഭാരതരത്നം നല്കപ്പെട്ടത് എന്ന ചരിത്ര വസ്തുത കൂടെ ഈ അവസരത്തിൽ കൂട്ടിവായിക്കപ്പെടേണ്ടതുണ്ട്, അതും രാജീവ് ഗാന്ധിക്ക് നൽകാൻ വേണ്ടി മാത്രം. അറുപത് വർഷങ്ങൾക്കിടയിൽ നൂറുകണക്കിന് സർക്കാർ പ്രോജക്ടുകൾക്ക് നെഹ്‌റു കുടുംബത്തിന്റെ പേരുകൾ നൽകപ്പെട്ടപ്പോൾ, യുഗപ്രഭാവനായ പട്ടേലിന് നൽകിയത് ക്രൂരമായ അവഗണന മാത്രം, അതിന്റെ മധുര പ്രതികാരമാണ് ഇന്ന് രാജ്യം നൽകുന്ന ഓരോ ശ്രദ്ധാഞ്ജലിയും. അവിടെയും ഏകതയുടെ സന്ദേശം നമുക്ക് ദർശിക്കാൻ കഴിയും. അതുപോലെ തന്നെ രാജ്യത്തിന്റെ സമാധാനവും ഐക്യവും ഊട്ടിയുറപ്പിയ്‌ക്കുന്ന മറ്റൊരു നിർണായക വിധിയാണ് അയോധ്യ രാമജന്മ ഭൂമി വിധി , നൂറ്റാണ്ടുകളുടെ നിയമപോരാട്ടത്തിനൊടുവിൽ 2019 നവംബർ ഒൻപതിന് അയോദ്ധ്യ രാംജന്മഭൂമിയില്‍ ക്ഷേത്രം പണിയാമെന്ന സുപ്രീംകോടതി വിധി ഭാരതീയ ജനതയ്‌ക്ക് ഐക്യത്തിന്റെയും അഖണ്ഡതയോടെയും സന്ദേശം നൽകുന്നതായിരുന്നു. നിയമപ്രകാരമുള്ള തർക്കം രമ്യമായി പരിഹരിക്കാൻ സാധിച്ചതിൽ രാഷ്‌ട്രം കാണിച്ച കരുതലിന്റെയും പരസ്പര സ്നേഹത്തിൻറ്റെയും മനോഭാവത്തെ പക്വതയുള്ള ജനാധിപത്യത്തിന്റെ അടയാളമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു .രാം ഭക്തിയായാലും റഹിം ഭക്തിയായാലും രാഷ്‌ട്രഭക്തിയുടെ മനോഭാവം ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു.
ദേശീയ ഏകതയുടെ മറ്റൊരു പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് നടന്നടുക്കുന്ന കാഴ്ചയാണ് രണ്ടാം മോഡി സർക്കാരിനെ വ്യത്യസ്തമാക്കിയത്, ഏകീകൃതമായ ഒരു തിരിച്ചറിയൽ സംവിധാനത്തിലൂടെ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ജനസംഖ്യ രജിസ്റ്ററും തയ്യാറാകുന്ന കർമ്മ പദ്ധതികൾക്ക് ഭാരതം തുടക്കം കുറിച്ചു. ഭരണഘടനയുടെ 14-ാം വകുപ്പിന്റെ ലംഘനമാണെന്ന് സുപ്രീം കോടതി കണ്ടെത്തിയതിനെ തുടർന്ന് ഭാരതത്തിലെ മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളും,ലീംഗ സമത്വവും ലിംഗ നീതിയും കാത്തുസൂക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധമായ സർക്കാർ തുല്യതയ്‌ക്കുള്ള അവകാശം വാഗ്ദാനം ചെയ്യുന്ന മുത്തലാഖ് വിവാഹ അവകാശ സംരക്ഷണ ബിൽ അവതരിപ്പിച്ചു. 1978 ൽ കോടതിയെ സമീപിച്ച ഷാബാനുവെന്ന 62 വയസുള്ള മുസ്ലിം വയോധികയോടുള്ള രാജീവ് ഗാന്ധിയുടെ 41 വർഷത്തെ നീതി നിഷേധം, മുത്തലാഖിൽ നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി 1978 ൽ കോടതിയെ സമീപിച്ച ഷാബാനുവിന് സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായിട്ടും മുസ്ലിം യാഥാസ്ഥിതികരുടെ പ്രീണനത്തിന് വിധേയനായി രാജീവ് ഗാന്ധി 1986 ൽ കോടതി വിധിയെ ദുർബ്ബലപ്പെടുത്തുന്ന ഒരു നിയമം പാർലമെൻറ്റിൽ പാസ്സാക്കി, രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നതോടെ, ബി ജെ പിയുടെ പ്രതിജ്ഞാബദ്ധമായ മുന്നേറ്റത്തിലൂടെ ഒരു രാജ്യം രണ്ടു നീതി എന്ന 41 വർഷത്തെ കോൺഗ്രസ്സ് സമീപനത്തിന് വിരാമമായി.സംയുക്ത സൈനിക മേധാവിയായുള്ള മേജർ ജനറൽ ബിപിന്‍ റാവത്തിൻറ്റെ നിയമനവും “ഒരു രാജ്യം, ഒരു റേഷൻ കാർഡ്”,രാജ്യവ്യാപകമായി ഏകീകൃത ഡ്രൈവിംഗ് ലൈസൻസ്,തുടങ്ങി രാജ്യമിന്ന് വിഭാവനം ചെയ്തിട്ടുള്ള എല്ലാ പദ്ധതികളിലും “ഏക ഭാരത സങ്കല്പം” ദർശിക്കാൻ കഴിയും.
ഭാരതത്തിന്റെ ചരിത്രം മാറുകയാണ്, ഇന്നലെ വരെ നാമറിഞ്ഞ ചരിത്രം ഓരോ രാജനൈതീക ഘട്ടത്തിലും കൂടുതൽ വ്യക്തതയോടെ മറനീക്കി പുറത്തുവരുന്നു. യുഗപ്രഭാവനായ ഡോക്ടർ വർഗീസ് കുര്യൻ “ഐ ടു ഹാഡ് എ ഡ്രീം” എന്ന തന്റെ ആത്മകഥയിൽ, പട്ടേലിന്റെ പുത്രി മണിബെൻ പട്ടെലിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. പട്ടേലിന്റെ മരണശേഷം അദ്ദേഹം ഏൽപിച്ച കോൺഗ്രസ് പാർട്ടിയുടെ കുറച്ച് പണവുമായി സത്യസന്ധയായ അവർ നെഹ്രുവിനെ കാണാൻ പോയി, മുപ്പത്തിയഞ്ച് ലക്ഷം രൂപയുണ്ടായിരുന്നു. പണം എല്പിച്ച ശേഷം അവർ കുറച്ച് കാത്തുനിന്നു. പക്ഷെ നെഹ്‌റു ഒന്നും പറയാതെ അവരെ മടക്കി അയച്ചു. നെഹ്‌റു എന്ത് പറയുമെന്നാണ് പ്രതീക്ഷിച്ചത് എന്ന് കുര്യൻ സർ ചോദിച്ചു. ‘ഇനിയെങ്ങനെയാണ് ജീവിക്കുക എന്നന്വേഷിക്കും എന്ന് കരുതിയിരുന്നു, എന്ന് മണിബെൻ മറുപടി നൽകി. ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രി സ്വന്തം മകൾക്ക് വേണ്ടി ഒന്നും സമ്പാദിച്ചിരുന്നില്ല. അവസാന കാലത്ത് അവശയായി, കാഴ്ചശക്തി നഷ്ടപ്പെട്ട് ,അഹമ്മദാബാദിലെ തെരുവുകളിൽ കുര്യൻ സർ വരച്ചിരുന്ന, വേച്ച് വേച്ച് നടക്കുന്ന “മണിബെന്നിന്റെ ദയനീയ ചിത്രം” സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യയിലെ ത്യാഗോജ്വലമായ എത്രയോ മഹത്തുക്കളുടെ അടയാളപ്പെടുത്തലാണ്. ഒരു ചെറിയ പരിശ്രമത്തിലൂടെ അവർക്ക് വേണമെങ്കിൽ അവരുടെ അവസാന വർഷങ്ങൾ സുഖകരമാക്കാമായിരുന്നു. പക്ഷെ യുഗാപ്രഭാവനായ പട്ടേലിന്റെ മകൾക്ക് അതിനു കഴിയുമായിരുന്നില്ല. ”സ്വതന്ത്രനാന്തരം, ഭാരതത്തിന്റെ ചരിത്രം മഹാത്‌മാജിയുടെ ത്യാഗത്തിലും സത്യാഗ്രഹത്തിലും അഹിംസയിലും മാത്രം തിരിച്ചറിയപ്പെട്ട ശ്രമങ്ങൾ, ആ ചിതയിൽ നിന്നുയർന്നു വന്ന നെഹ്‌റു കുടുംബത്തിന്റെ ചരിത്രം, അത് മാത്രമായിരുന്നു നമ്മളറിഞ്ഞത്. ഭാരതമെന്ന കാഴ്ചപാട് തന്നെ മാറുകയാണ്. വേനലും മഴയും കടന്ന് സബർമതി ഒരുപാട് നിറഞ്ഞൊഴുകി, അവിടെ ലോകത്തിലെ എറ്റവും ഉയരമുള്ള പ്രതിമയുടെ രൂപത്തിൽ പട്ടേൽ സ്മാരകം അണിഞ്ഞൊരുങ്ങി നിൽക്കുന്നു, അവഗണനയുടെ കരിമേഘക്കൂട്ടങ്ങൾ വകഞ്ഞ് മാറ്റി, ഭാരതത്തിന്റെ ഉരുക്കുമനുഷ്യൻ വീണ്ടും ജനഹൃദയങ്ങളിൽ ചേക്കേറുകയാണ്, പട്ടേലിന്റെ ജന്മദിനം രാജ്യമിന്ന് രാഷ്‌ട്രീയ ഏകതാ ദിനമായി ആചരിക്കുന്നു, മഹാനായ ഭാരത പുത്രനോടുള്ള രാജ്യത്തിന്റെ ആദരമിന്ന് ആയിരക്കണക്കിന് തൊഴിലവസരവും ജീവിത മാർഗവുമാണ്. ഹൈജാക്ക് ചെയ്യപ്പെട്ട ചരിത്രത്തിൽ നിന്നും ഭാരത ജനത പതുക്കെ മോചിതമാവുകയാണ്. നമ്മൾ കണ്ടതും പഠിച്ചതൊന്നുമല്ല, നമ്മുടെ ഭൂതകാലം എന്ന തിരിച്ചറിവ് തന്നെ വലിയൊരു വിപ്ലവമാണ്, ആ വിപ്ലവത്തിലൂടെ നടക്കാൻ നമ്മളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക