2014 ല്‍ അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാരിന്റെ തുടര്‍ച്ചയായാണ് 2019 മെയ് 30ന് പ്രധാനമന്ത്രിയായി മോദി വീണ്ടും ഭരണത്തിലേറിയത്. അതുകൊണ്ട് തന്നെ രണ്ടാം മോദിസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം എന്നതിലുപരി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആറുവര്‍ഷങ്ങള്‍ എന്നതാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടേണ്ടത്. ബിജെപി സര്‍ക്കാര്‍ കേന്ദ്രഭരണത്തിലെത്തുമ്പോള് പ്രതിപക്ഷം വ്യാപകമായി പ്രചരിപ്പിച്ച ധാരണകള്‍ സമ്പന്നര്‍ക്കും ബിസിനസുകാര്‍ക്കും മാത്രം അനുകൂലമായി ചിന്തിക്കുന്ന സര്‍ക്കാരാവും അധികാരമേറ്റതെന്നായിരുന്നു. എന്നാല്‍ പ്രതിപക്ഷത്തെയാകെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് മോദിസര്‍ക്കാരിന്റെ ആദ്യ ടേം ശ്രദ്ധിക്കപ്പെട്ടത് പാവപ്പെട്ടവര്ക്കനുകൂലമായി സ്വീകരിച്ച സുപ്രധാന നടപടികളിലൂടെയായി. പാവപ്പെട്ടവര്‍ക്ക് അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്നതില്‍ വന്‍തോതിലാണ് മോദിസര്‍ക്കാര്‍ പണം ചെലവഴിച്ചത്. ഇത്ര ചുരുങ്ങിയ കാലഘട്ടത്തില്‍ പാവപ്പെട്ടവര്‍ക്കായി ഇത്രയധികം കാര്യങ്ങള്‍ ചെയ്ത സര്‍ക്കാര്‍ ലോകചരിത്രത്തില്‍ തന്നെ ഉണ്ടാവില്ല.
മോദിസര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി ഞാന്‍ വിലയിരുത്തുന്നത് രാജ്യത്തെ ഭരണസംവിധാനത്തില്‍ നിന്നും മറ്റു മേഖലകളില്‍ നിന്നും അഴിമതി പൂര്‍ണ്ണമായും ഇല്ലാതാക്കാനായി എന്നതാണ്. ഞാന്‍ നിങ്ങളുടെ പണം തിന്നുകയില്ല. മറ്റുള്ളവരെക്കൊണ്ട് തീറ്റിക്കാന്‍ സമ്മതിക്കുകയുമില്ല എന്നതായിരുന്നു പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം. ഇന്ത്യയെ മാസങ്ങള്‍ക്കുള്ളില്‍ അഴിമതിമുക്തമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
ജനക്ഷേമ പദ്ധതികളില്‍ പലതും ജനങ്ങളിലെത്തുന്നില്ല എന്നതായിരുന്നു ഇന്ത്യയുടെ യഥാര്‍ത്ഥ ശാപം. ഒരിക്കല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി പറഞ്ഞത് ഒരു രൂപയില്‍ 16 പൈസ മാത്രമാണ് അര്‍ഹതപ്പെട്ടവരിലേക്ക് എത്തുന്നുള്ളൂ എന്നാണ്. എന്നാല്‍ ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് പണം കൈമാറല്‍ പദ്ധതി നടപ്പാക്കിയതോടെ ജനങ്ങളിലേക്ക് സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുടെ പണമെത്തിത്തുടങ്ങി. 36 കോടി ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി പത്തുലക്ഷം കോടിയോളം രൂപയാണ് കഴിഞ്ഞ ആറുവര്‍ഷം കൊണ്ട് ജനങ്ങളിലേക്ക് നേരിട്ടെത്തിയത്.
2014-15ല്‍ 38,926 കോടിരൂപയും 2015-16ല്‍ 61,943 കോടി രൂപയും 2016-17ല്‍ 74,689കോടിരൂപയും ജനങ്ങളിലെത്തി. എന്നാല്‍ 2017-18ല്‍ ഇത് 1,90,871 കോടി രൂപയായി ഉയര്‍ന്നു. 2018-19ല്‍ 3,29,796 കോടി രൂപയും 2019-20ല്‍ 2,04,394 കോടിരൂപയും ജനങ്ങള്‍ക്ക് വിവിധ പദ്ധതികള്‍ വഴി നേരിട്ട് ലഭിച്ചു.
കൊറോണാ പ്രതിസന്ധിയെ തുടര്‍ന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തെ പാവപ്പെട്ടവരെ സാമ്പത്തികമായി സഹായിക്കാന്‍ 2020-2021 സാമ്പത്തിക വര്‍ഷത്തിലെ രണ്ടുമാസം മാത്രം പൂര്‍ത്തിയാവുമ്പോള്‍ ജനങ്ങള്‍ക്ക് നേരിട്ട് കൈമാറിയ തുക 52,606 കോടി രൂപയാണ്. ഇതിന് പുറമേ 80 കോടിജനങ്ങള്ക്കായി 80 ലക്ഷം ടണ്‍ ഭക്ഷ്യ ധാന്യങ്ങളും 3.15 ലക്ഷം ടണ്‍ പയറുവര്‍ഗ്ഗങ്ങളും വിതരണം ചെയ്തു. 5.87 കോടി സൗജന്യ എല്‍പിജി സിലിണ്ടറുകളും കൊവിഡ് കാലത്ത് രാജ്യത്ത് വിതരണം ചെയതു. കൊറോണ പ്രതിസന്ധി മറികടക്കാനായി ഇരുപത് ലക്ഷം കോടി രൂപയുടെ സമഗ്ര പാക്കേജാണ് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 3.93 ലക്ഷം കോടിരൂപ കാര്‍ഷിക മേഖലയ്ക്കായും 4.54 ലക്ഷം കോടി രൂപ എംഎസ്എംഇ മേഖലയ്ക്കും വകയിരുത്തിയ കേന്ദ്രനടപടി രാജ്യത്തെ തൊഴില്‍ ലഭ്യത വര്‍ദ്ധിപ്പിക്കും.
ബിസിനസുകള്‍ പുനരുജ്ജീവിപ്പിക്കാനും പുതിയവ ആരംഭിക്കാനുമായി 8.1 ലക്ഷം കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബിസിനസ് ആരംഭിക്കാനുള്ള സൗഹാര്‍ദ്ദ രാജ്യങ്ങളുടെ പട്ടികയില്‍ 75-ാം സ്ഥാനത്തേക്കുയര്‍ന്ന ഇന്ത്യയുടെ സാധ്യതകള്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ പ്രയോജനപ്പെടുത്തണം. എന്നാല്‍ ഇതിന് കേരളത്തിലെ തൊഴില്‍ സംസ്കാരം മാറേണ്ടതുണ്ട്. വന്‍തോതില്‍ ഗള്‍ഫ് മലയാളികള്‍ മടങ്ങി വരികയാണ്.
കേരളത്തെ താങ്ങിനിര്‍ത്തിയ വിദേശപണത്തിന്റെ വരവ് നില്‍ക്കുമെങ്കിലും കഠിനാധ്വാനികളായ ലക്ഷക്കണക്കിന് വിദഗ്ധ തൊഴിലാളികളാണ് മടങ്ങിവരുന്നത്. ഇവരെ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ സാധിക്കുന്നതിലാണ് സംസ്ഥാനത്തിന്റെ മികവ് പ്രകടിപ്പിക്കേണ്ടത്. കൊവിഡ് അനന്തര ഇന്ത്യ കൂടുതല്‍ കൂടുതല്‍ മേഖലകളിലേക്ക് കൂടുതല്‍ ഊര്‍ജ്ജത്തോടെ മുന്നേറുമെന്നുറപ്പാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം നമുക്ക് അതിനുള്ള ശേഷി നല്‍കുക തന്നെ ചെയ്യും.
സുപ്രധാനം ഇവ
- പാവപ്പെട്ടവര്‍ക്കായി പത്തരക്കോടി ശൗചാലയങ്ങള്‍ രാജ്യമെമ്പാടുമായി നിര്‍മ്മിച്ചു. മോദി 2014ല്‍ അധികാരത്തിലെത്തുമ്പോള്‍ രാജ്യത്തെ 38 ശതമാനം ജനങ്ങള്‍ക്ക് മാത്രമായിരുന്നു സ്വന്തമായി ശൗചാലയങ്ങള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നത് 99 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. ലോകാരോഗ്യസംഘടനയും മറ്റു ആഗോള സംഘടനകളും മോദിസര്‍ക്കാരിന്റെ ഈ നേട്ടത്തെ ലോകചരിത്രത്തിലെ തന്നെ വലിയ വിപ്ലവമെന്നാണ് വിശേഷിപ്പിച്ചത്. തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം മൂലമുള്ള രോഗവ്യാപനത്തെ തുടര്‍ന്ന് വര്‍ഷാവര്‍ഷം മരിച്ചുവീഴുന്ന ലക്ഷക്കണക്കിന് കുട്ടികളുടെ ജീവനാണ് മോദി സര്‍ക്കാര്‍ രക്ഷിച്ചത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവരുടെ അഭിമാനം സംരക്ഷിക്കുന്ന നടപടിയായിരുന്നു സ്വച്ഛ്ഭാരത് മിഷന്.
- രാജ്യത്തെ പാവപ്പെട്ട എട്ടരക്കോടി സ്ത്രീകള്‍ക്ക് ഉജ്ജ്വല പദ്ധതി പ്രകാരം വിതരണം ചെയ്ത പാചകവാതക കണക്ഷനുകളാണ് മറ്റൊരു നേട്ടം. കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ ജനങ്ങള്‍ക്ക് മൂന്ന് മാസത്തെ സിലിണ്ടറുകള്‍ കേന്ദ്രസര്‍ക്കാര്‍ സൗജന്യമാക്കിയതും ശ്രദ്ധേയം. വിറകിന്റെ പുക ശ്വസിച്ചുള്ള ക്യാന്‍സറും ശ്വാസതടസ്സവുമടക്കമുള്ള രോഗം ബാധിച്ച് മരിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകളെ രക്ഷിച്ച പദ്ധതികൂടിയാണത്.
- സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കിയതോടെ രാജ്യത്തെ പാവപ്പെട്ടവര്‍ക്കെല്ലാം വൈദ്യുതിയെത്തിക്കാന്‍ ഒന്നാം മോദിസര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ തന്നെ സാധിച്ചു.
- 2022ഓടെ രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനുള്ള പദ്ധതി അതിവേഗത്തില്‍ പുരോഗമിക്കുന്നു. നഗരങ്ങളില്‍ 1.12 കോടി വീടുകളുടെ നിര്‍മ്മാണം വേഗത്തിലാണ്. ഗ്രാമീണ മേഖലയിലാവട്ടെ 2.95 കോടി വീടുകളാണ് നിര്‍മ്മിക്കുന്നത്.
- 12 രൂപയ്ക്ക് 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുനല്‍കുന്ന മോദിസര്‍ക്കാര്‍ ഇതുവഴി 15.47 കോടി പാവപ്പെട്ടവര്‍ക്കാണ് ഭാരിച്ച ചികിത്സാബാധ്യതകളില് നിന്ന് മോചനം നല്‍കിയത്. ഇതിന് പുറമേ 330 രൂപയ്ക്ക് 2 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് നല്കുന്ന പദ്ധതിയും നടപ്പാക്കി. ആറുകോടി പാവപ്പെട്ട കുടുംബങ്ങള്‍ ഈ പദ്ധതി വഴി സുരക്ഷിതമായി.
- ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ അഞ്ചുലക്ഷം രൂപ വരെയുള്ള ചികിത്സകള്‍ രാജ്യത്തെ പ്രശസ്തമായ ആശുപത്രികളില്‍ ഉള്‍പ്പെടെ സൗജന്യമാക്കി നല്കി. ഈ മെയ് മാസം വരെ ഒരു കോടി പേര്‍ക്കാണ് ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ പ്രയോജനങ്ങള്‍ ലഭ്യമായത്.
- പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിപ്രകാരം രാജ്യത്തെ ഓരോ കര്‍ഷകനും ആറായിരം രൂപ വീതം ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കിക്കഴിഞ്ഞു. ഇതിന് പുറമേ കൊറോണാ പ്രതിസന്ധി മറികടക്കാനായി 8 കോടിയിലേറെ കര്‍ഷകര്‍ക്ക് രണ്ടായിരംരൂപ വീതവും നല്കി.
- ഉഡാന്‍ പദ്ധതി നടപ്പാക്കിയതോടെ രാജ്യത്തെ ആഭ്യന്തരവിമാന യാത്രാക്കൂലി വലിയതോതില്‍ കുറഞ്ഞു. പാവപ്പെട്ടവര്‍ക്ക് പോലും വിമാനയാത്ര സാധ്യമായി. ട്രെയിന്‍ ടിക്കറ്റിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ പലപ്പോഴും വിമാനയാത്ര നടത്താന്‍ സാധിച്ചത് ഉഡാന്‍ പദ്ധതിയുടെ നേട്ടമായി. ഈ പദ്ധതിപ്രകാരം പത്തുലക്ഷത്തിലധികം പേരാണ് ഇതുവരെ യാത്ര നടത്തിയത്.
- രാജ്യത്തെ 22 വിളകള്‍ക്ക് കുറഞ്ഞ താങ്ങുവില പ്രഖ്യാപിച്ചതുവഴി കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും കര്‍ഷകര്‍ക്ക് മതിയായ വില ലഭിക്കാനും ഇടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: