തിരുവനന്തപുരം :ബീവറേജസ് കോര്‍പ്പറേഷന്റെ ബെവ്ക്യൂ ആപ്പ് വീണ്ടും പ്ലേസ്റ്റേറില്‍ ലഭ്യം. സാങ്കേതിക പിഴവിനെ തുടര്‍ന്ന് ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമല്ലായിരുന്നു. ഒടിപി വിതരണത്തിലുണ്ടായ കാല താമസം മൂലം പലര്‍ക്കും ബീവറേജസിലെ ടോക്കണ്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ബെവ് ക്യൂ ആപ്പ് നിര്‍മാതാക്കളായ ഫെയര്‍ കോഡിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. ഇതോടെ മൂന്ന് ദിവസത്തിന് ശേഷം ഫെയര്‍കോഡ് പോരായ്മകളെല്ലാം പരിഹരിച്ച് ഇന്ന് ഇറക്കുകയായിരുന്നു.
ആപ്പിന്റെ പ്ലേസ്റ്റോര്‍ ഇന്‍ഡക്സ് നടപടികള്‍ പൂര്‍ത്തിയായതോടെ പ്ലേസ്റ്റോറില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടും. നേരത്തേ ലിങ്കുകള്‍ വഴിയാണ് മൊബൈലില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ആപ്പ് ഇന്‍ഡക്സ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധാരണ മൂന്നുദിവസം വേണ്ടിവരും.ഈ കാലതാമസം മൂലമായിരുന്നു സെര്‍ച്ച് ചെയ്താല്‍ കിട്ടാതിരുന്നതെന്ന് ഫെയര്‍ കോഡ് അധികൃതര്‍ അറിയിച്ചു.
അതേസമയം ജനങ്ങള്‍ക്കും ബെവ്കോ ജീവനക്കാര്‍ക്കും ഇടയിലുള്ള ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിനായി അധികൃതര്‍ ബദല്‍ സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. ക്യൂആര്‍ കോഡ് സ്കാനിങ്ങിന് പകരം ആപ്പില്‍ ബുക്ക് ചെയ്തവരുടെ പട്ടിക ഔട്ട് ലെറ്റുകള്‍ക്കും ലഭ്യമാക്കും.
ക്യൂര്‍ ആര് കോഡ് വെരിഫിക്കേഷന് പകരം ഈ പട്ടിക നോക്കി ബുക്ക് ചെയ്തവര്‍ക്ക് മദ്യം നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം. ക്യൂആര്‍കോഡ് ലഭ്യമാകുന്നില്ലെന്നും ഇത് സ്കാന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ കൊണ്ടുവന്ന താല്‍ക്കാലിക സംവിധാനമാണിത്.
ബെവ് ക്യൂ ആപ്പ് തകരാറിലായതോടെയാണ് പകരം സംവിധാനം അധികൃതര്‍ ഏര്‍പ്പെടുത്തിയത്. ആപ്പിന്റെ സാങ്കേതിക പ്രശ്നങ്ങള്‍ ഭൂരിഭാഗവും പരിഹരിച്ചെന്നാണ് നിര്‍മാതാക്കളായ ഫെയര്‍ കോഡ് കമ്പനിയുടെ അവകാശവാദം. അതേസമയം ഒടിപി സേവന ദാതാക്കളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയാണ് പ്രതിസന്ധി ഉണ്ടാക്കിയതെന്നും ഇതു പരിഹരിച്ചതായും ഫെയര്‍കോഡ് സര്‍ക്കാരിനോട് വ്യക്തമാക്കി. ഒടിപി സേവനദാതാക്കളുടെ എണ്ണം മൂന്ന് ആക്കിയതോടെ ബുക്ക് ചെയ്യുന്നതിനുള്ള കാല താമസം മാറിയതായും ഫെയര്‍കോഡ് അറയിച്ചു.
അതിനിടെ ആപ്പ് തകരാറിലായതോടെ ഫെയര്‍കോഡ് കമ്പനി അധികൃതര്‍ സ്ഥലത്തു നിന്നും കടന്നുകളഞ്ഞു. ജീവനക്കാര്‍ ഒഫീസ് അകത്തു നിന്നും പൂട്ടിയാണ് കഴിഞ്ഞ ദിവസം പ്രവര്‍ത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: