തിരുവനന്തപുരം: രാജ്യസഭ എംപി എംപി വീരേന്ദ്രകുമാര്‍ ഏറ്റവും അവസാനമായി പങ്കെടുത്തത് മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍. കൊറോണ അവലോകനത്തിനായി മുഖ്യമന്ത്രി വിളിച്ച സര്‍വ കക്ഷിയോഗത്തിലാണ് വീരേന്ദ്രകുമാര്‍ അവസാനം പങ്കെടുത്തത്. ഹൃദയാഘാതത്തെതുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു വീരേന്ദ്രകുമാറിന്റെ അന്ത്യം. ദീര്‍ഘകാലമായി ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന അദേഹം ലോക് താന്ത്രിക് ജനതാദള്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ്.
രാഷ്ട്രീയ പ്രവര്ത്തകന് എന്നതിലുപരി എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനും എന്ന നിലയില്‍ കൂടിയാണ് വീരേന്ദ്രകുമാര്‍ ശ്രദ്ധനേടിയിരുന്നത്. സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടേയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കല്പറ്റയിലാണ് ജനനം. മദിരാശി വിവേകാന്ദ കോളേജില്‍നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍നിന്ന് എംബിഎ ബിരുദവും നേടി.
1987ല്‍ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. 48 മണിക്കൂറിനുള്ളില്‍ തന്നെ മന്ത്രിസ്ഥാനം രാജിവെച്ചു. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായി. അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഉഷ വീരേന്ദ്രകുമാര്‍. മക്കള്‍: ആഷ, നിഷ, ജയലക്ഷ്മി, എം.വി. ശ്രേയാംസ്കുമാര്‍(ജോയിന്റ് മാനേജിങ് ഡയറക്ടര്‍, മാതൃഭൂമി). സംസ്കാരം ഇന്ന് കല്പറ്റയില് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: