Categories: Kerala

സംസ്ഥാനത്ത് സമൂഹ വ്യാപനമോ?, കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി, രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും കുറവ്

Published by

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. സമൂഹ വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചതിന് പിന്നാലെയാണ് ഇത് പുറത്തുവന്നത്. നിലവില്‍ ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയില്‍ അധികമായാണ് കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്.  

രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണത്തിന്റെ വര്‍ധനവിന്റെ തോത് 4.14 ശതമാനമാണ്. എന്നാല്‍ കേരളത്തില്‍ ഇത് 8.67 ശതമാനമാണ്. കൂടാതെ ദേശീയ തലത്തില്‍ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് 14 ദിവസം കൊണ്ടാണെങ്കില്‍ കേരളത്തില്‍ അത് 12 ദിവസംകൊണ്ടാണ്.

ദേശീയ തലത്തില്‍ വ്യാഴാഴ്ച 3,266 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ കേരളത്തില്‍ മൂന്ന് പേരാണ് രോഗമുക്തി നേടിയത്. രാജ്യത്തെ രോഗമുക്തി നിരക്ക് 42.75 ശതമാനമാണ്.അതേസമയം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ മരണ നിരക്ക് കുറവാണ്. ദേശീയ തലത്തില്‍ മരണനിരക്ക് 2.89 ശതമാനം ഉള്ളപ്പോള്‍ കേരളത്തില്‍ അത് ഒരു ശതമാനത്തില്‍ താഴെയാണ്.

സംസ്ഥാനത്ത് 1088 പേര്‍ക്കാണ് നിലവില്‍ കോറോണ വൈറസ് സ്ഥിരീകരിച്ചത്. 1,15,297 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 1,14,305 പേര്‍ വീടുകളിലോ സര്‍ക്കാര്‍ ക്വാറന്റൈന്‍ സെന്ററിലൂമായി താമസിക്കുന്നുണ്ട്. 992 പേര്‍ ആശുപത്രികളിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം ഭേദമായത് മൂന്നു പേര്‍ക്കുമാത്രം ആണ്.

രാജ്യത്ത് 1,65,028 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 86,110 പേര്‍ ചികിത്സയിലാണ്. 67,691 പേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,266 പേര്‍ക്കു രോഗം ഭേദമായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by