നിലമ്പൂര്‍: കാട്ടാനശല്ല്യം രൂക്ഷമായതോടെ വനാതിര്‍ത്തിയിലെ റബ്ബര്‍ കൃഷിയും അസാധ്യമാകുന്നു. കഴിഞ്ഞ ദിവസം സോളാര്‍ വേലി തകര്‍ത്ത് കൃഷിയിടത്തിലേക്കിറങ്ങിയ കാട്ടാനകൂട്ടം റബര്‍ മരങ്ങളുടെ തൊലിയുരിഞ്ഞ് വ്യാപകനാശം വിതച്ചു.
വഴിക്കടവ് പൂവ്വത്തിപൊയില്‍ പുലിയോടന്‍ ജാഫറിന്റെ കൃഷിയിടത്തിലെ നൂറിലധികം റബര്‍ മരങ്ങളാണ് കാട്ടാനകൂട്ടം നശിപ്പിച്ചത്. എട്ട് വര്‍ഷത്തോളം പ്രായമായ മരങ്ങളാണിവ. മരത്തില്‍ കൊമ്പ് കൊണ്ട് കുത്തി തൊലി വട്ടത്തില്‍ ഉരിഞ്ഞ് തിന്ന നിലയിലാണ്. തൊലി മുഴുവനായും ഉരിഞ്ഞതിനാല് മരം ഉണങ്ങി നശിക്കാനാണ് സാധ്യതയെന്ന് കൃഷി വിദഗ്ധര്‍ പറയുന്നു.
ഇവിടെ നെല്ലിക്കുത്ത് വനാതിര്‍ത്തിയില്‍ ട്രെഞ്ച് നിര്‍മിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളിലെ ശക്തമായ മഴയില്‍ ഇത് നശിച്ചുകിടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് കാട്ടാനകൂട്ടം വ്യാപകമായി വാഴ കൃഷിയും നശിപ്പിച്ചിരുന്നു. അടുത്തിടെയാണ് നിലമ്പൂര്‍ മേഖലയില്‍ ആനകൂട്ടം റബറിന്റെ തൊലി ഉരിഞ്ഞ് തിന്നാന്‍ തുടങ്ങിയത്.
തൊലിക്ക് ചെറിയ മധുരമുള്ളതിനാല്‍ ഇനിയും ഇത് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് പറയുന്നു. കാട്ടാനശല്യം കാരണം വാഴ, തെങ്ങ്, കമുങ്ങ്, നെല്ല് തുടങ്ങിയ കൃഷികള്‍ അസാധ്യമായതോടെയാണ് വനാതിര്‍ത്തിയിലെ കര്‍ഷകര്‍ റബര്‍ കൃഷിയിലേക്ക് തിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: