കോഴിക്കോട്: രാജ്യസഭാ എംപിയും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എം.പി. വീരേന്ദ്രകുമാര്‍ (84) അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. എഴുത്തുകാരനും പ്രഭാഷകനുമാണ്. ലോക് താന്ത്രിക് ജനതാദള്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ്.
സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടേയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കല്പറ്റയിലാണ് ജനനം. മദിരാശി വിവേകാന്ദ കോളേജില്‍നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍നിന്ന് എംബിഎ ബിരുദവും നേടി.
1987ല്‍ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. 48 മണിക്കൂറിനുള്ളില്‍ തന്നെ മന്ത്രിസ്ഥാനം രാജിവെച്ചു. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായി. അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഉഷ വീരേന്ദ്രകുമാര്‍. മക്കള്‍: ആഷ, നിഷ, ജയലക്ഷ്മി, എം.വി. ശ്രേയാംസ്കുമാര്‍(ജോയിന്റ് മാനേജിങ് ഡയറക്ടര്‍, മാതൃഭൂമി).
ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍, പിടിഐ ഡയറക്ടര്‍, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് മെമ്പര്‍, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന് മെമ്പര്‍,വേള്‍ഡ് അസോസിയേഷന് ഓഫ് ന്യൂസ് പേപ്പേഴ്സ് എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍, ജനതാദള്‍(യു) സ്റ്റേറ്റ് കമ്മറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ഹൈമവതഭൂവില്‍ എന്ന കൃതിക്ക് 2010ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും 2016ല്‍ മൂര്‍ത്തീദേവി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ആമസോണും കുറേ വ്യാകുലതകളും എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം തുടങ്ങിയവ പ്രധാനകൃതികളാണ്. ഓടക്കുഴല്‍ പുരസ്കാരം, സി. അച്യുതമേനോന് പുരസ്കാരം, വയലാര്‍ അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങളും അദ്ദേഹത്തെതേടിയെത്തി. സംസ്കാരം ഇന്ന് കല്പറ്റയില് നടക്കും.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: