തിരുവനന്തപുരം: കേരളത്തില്‍ സാമൂഹ്യവ്യാപനം കൈ എത്തും ദൂരത്ത് എന്ന് മുഖ്യമന്ത്രിയും അവസാനം സമ്മതിച്ചു. ഇന്നത്തെ സാഹചര്യം വിലയിരുത്തിയാല്‍ നാളെ സാമൂഹ്യവ്യാപനം ഉണ്ടാവില്ല എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ലന്നാണ് പിണറായി വിജയന് പത്രസമ്മേളനത്തില്‍ പറഞ്ഞത്. കോവിഡ് പ്രതിരോധത്തിന് ലോകത്തിന് മാതൃക എന്ന് ഇതുവരെ പറഞ്ഞതില്‍ നിന്നുള്ള പിന്നോട്ടു പോകലാണ് മുഖ്യമന്ത്രിയുടേത്. കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണ അര്‍ത്ഥത്തില്‍ പാലിച്ച് കോവിഡ് വ്യാപനം തടയാന്‍ ശ്രമിക്കുന്ന സംസ്ഥാനമാണ് കേരളം എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് സ്വന്തമായി ഒന്നും ചെയ്യുന്നില്ലന്ന സമ്മതം കൂടിയാണിത്. കേരള മാതൃക എന്നൊന്നില്ലന്ന സമ്മതം.
സമൂഹത്തില്‍ രോഗം പടരുന്നുണ്ടോ എന്നറിയാനുള്ള സെന്റിനല്‍ സര്‍വൈലന്‍സ് ടെസ്റ്റ് കേരളം നല്ല നിലയില്‍ നടത്തുന്നുണ്ട്. ഐസിഎംആര്‍ മാര്‍ഗനിര്‍ദേശ പ്രകാരം ജലദോഷപ്പനിയുള്ളവരെയും ടെസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. കാരണം, കോവിഡിന് സമാനമായ ലക്ഷണങ്ങളാണ് ജലദോഷപ്പനി ബാധിച്ചവരിലും കാണുന്നത്.
ജനങ്ങള്‍ ജാഗ്രതയോടെ ഒറ്റക്കെട്ടായി പൊരുതുകയാണ്. ഈ രോഗം ഒളിച്ചുവെയ്ക്കാനോ മറച്ചുപിടിക്കാനോ കഴിയില്ല. രോഗം ബാധിച്ചവര്‍ ചികിത്സിച്ചില്ലെങ്കില്‍ മരണത്തിന് ഇടയാകും.
കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെടുമ്പോള്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാത്രമാണ് സ്രവ പരിശോധന ഉണ്ടായിരുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ 15 സ്ഥാപനങ്ങളില്‍ ടെസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തി. അവയ്ക്ക് ഐസിഎംആറിന്റെ അംഗീകാരവും നേടി.അഞ്ച് സ്വകാര്യ ലാബുകള്‍ക്കും ഇപ്പോള്‍ ടെസ്റ്റിങ് അംഗീകാരമുണ്ട്.
ആദ്യഘട്ടത്തില്‍ കേരളത്തിന് വളരെ കുറച്ച് ടെസ്റ്റ് കിറ്റുകളേ ഐസിഎംആറില്‍ നിന്നും ലഭിച്ചിരുന്നുള്ളു. എന്നാല്‍, ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശപ്രകാരമുള്ള ടെസ്റ്റിങ്ങിന് ഒരു തടസ്സവും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ പുറത്തുനിന്ന് ആളുകള്‍ വരാന്‍ തുടങ്ങിയതോടെ കൂടുതല്‍ ടെസ്റ്റിന്റെ ആവശ്യം വന്നിരിക്കുകയാണ്. അത് കണക്കിലെടുത്ത് ടെസ്റ്റുകള്‍ വര്‍ധിപ്പിച്ചു
ടെസ്റ്റ് ചെയ്യുന്നതിന് ഐസിഎംസിആറിന്റെ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശമുണ്ട്. അത് കാര്യക്ഷമതയോടെ ചെയ്യുന്നുണ്ട്.
കേരളത്തില്‍ ഇന്ന് 84 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഒരുദിവസം റിപ്പോര്‍ട്ടുചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ഇതുവരെ 1088 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 526 പേര് ഇപ്പോള്‍ ചികിത്സയിലാണ്. 1,15,297 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,14,305 പേര് വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ആണ്. 992 പേര് ആശുപത്രികളിലുമാണ്. വ്യാഴാഴ്ച 210 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 60,685 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 58,460 എണ്ണം രോഗബാധയില്ല എന്നുറപ്പാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: