കണ്ണൂർ: കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജായ ആത്മ നിർഭർ ഭാരത് പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ ഇതര സംസ്ഥാന തൊഴിലാളികൾക്ക് അനുവദിച്ച സൗജന്യ റേഷൻ വിഹിതം ഏറ്റെടുക്കാൻ തയ്യാറാവാതെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. പാക്കേജ് പ്രകാരം ഇതര സംസ്ഥാന തൊഴിലാളികൾക്ക് മെയ്, ജൂൺ മാസങ്ങളിൽ കേന്ദ്ര സർക്കാരിന്റെ വക ഒരാൾക്ക് അഞ്ച് കിലോ വീതം അരി സൗജന്യമായി നൽകാനാണ് തീരുമാനിച്ചിരുന്നത് . ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പിന് രണ്ടു മാസത്തെ അരി വിഹിതം ദിവസങ്ങൾക്കു മുമ്പേ കൈമാറിയിരുന്നു.
എന്നാൽ ഇടതു -വലതു മുന്നണികൾ ഭരണം നടത്തുന്ന സംസ്ഥാനത്തെ ബഹുഭൂരിപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇതര സംസ്ഥാന തൊഴിലാളികൾക്ക് അനുവദിച്ച അരിക്കുവേണ്ടി ഇതുവരെ അപേക്ഷ നൽകുകയോ ഏറ്റെടുത്ത് വിതരണം ചെയ്യുകയോ ചെയ്തിട്ടില്ല. ഏതാണ്ട് 20% തദ്ദേശഭരണ സ്ഥാപനങ്ങൾ മാത്രമാണ് ഇതുവരെ അരിക്കു വേണ്ടി അപേക്ഷ നൽകി കൈപ്പറ്റിയിട്ടുള്ളത്. ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ധൃതി കാണിക്കുകയും അവർക്കുവേണ്ടി കമ്മ്യൂണിറ്റി കിച്ചൺ ഉൾപ്പെടെ ആരംഭിച്ചുവെന്ന് അഭിമാനിക്കുകയും ചെയ്തുവെന്ന് പറയുന്ന സംസ്ഥാന സർക്കാറിന് കീഴിലുള്ള തദ്ദേശ സ്വയംഭരണ വകുപ്പാണ് കേന്ദ്രത്തിന്റെ വക സൗജന്യമായി ലഭിച്ച അരി ഏറ്റെടുത്തു വിതരണം ചെയ്യാൻ തയ്യാറാവാത്തത്.
ഇതര സംസ്ഥാന തൊഴിലാളികളോടുള്ള സർക്കാറിൻറെ കപട സ്നേഹമാണ് ഇതുവഴി പുറത്തു വന്നിരിക്കുന്നത് . പഞ്ചായത്തധികൃതർ. താലൂക്ക് തഹസിൽദാർമാർക്ക് തങ്ങളുടെ ഗ്രാമപഞ്ചായത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം ചൂണ്ടികാട്ടി അപേക്ഷ നൽകുകയും ഇതുപ്രകാരം തഹസിൽദാർമാർ താലൂക്ക് സപ്ലൈ ഓഫീസർക്ക് വിതരണത്തിന് നിർദേശം നൽകുകയുമാണ് ചെയ്യേണ്ടത്. എന്നാൽ തദ്ദേശസ്ഥാപന അധികാരികൾ അപേക്ഷ നൽകാത്തതുകൊണ്ടുതന്നെ കേന്ദ്ര സർക്കാർ അനുവദിച്ച അരി ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയാണ്.
രണ്ടുമാസത്തെക്കുള്ള 10 കിലോ അരിയാണ് തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുക്കാത്തത് . ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ സംസ്ഥാനം വിട്ടുപോയി കഴിഞ്ഞെങ്കിലും സംസ്ഥാനത്തെ മലയോര ഗ്രാമീണ മേഖലകളിൽ അടക്കം നിരവധി തൊഴിലാളികൾ ഇപ്പോഴും ഒരു നേരത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടി ജീവിക്കുന്നുണ്ട് . ഇതിനിടയിലാണ് കേന്ദ്ര സർക്കാരിന്റെ അരിയാണ് എന്നതുകൊണ്ടുമാത്രം സംസ്ഥാനത്തെ പല തദ്ദേശസ്ഥാപനങ്ങളും വിതരണം ചെയ്യാൻ മടിച്ചു നിൽക്കുന്നത്.
ലോക്ഡൗൺ ആരംഭിച്ച കാലഘട്ടം മുതൽ സ്പോൺസർമാരിൽ നിന്നും മറ്റും പണം സമ്പാദിച്ച് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്ത സർക്കാരാണ് ഇപ്പോൾ കേന്ദ്ര സർക്കാർ നൽകിയ സൗജന്യ അരി നൽകാൻ വിമുഖത കാട്ടുന്നത്. പഞ്ചായത്തുകൾ താല്പര്യം കാണിക്കാതെ മാറി നിൽക്കുന്നതിന് പിന്നിൽ കേന്ദ്ര സർക്കാർ വക സൗജന്യമാണെന്ന് തൊഴിലാളികളാട് പറയാനുള്ള വൈമനസ്യം കൊണ്ടാണെന്ന ആരോപണം ഉയർന്നിടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: