പേരാമ്പ്ര: നാഷണല്‍ സര്‍വീസ് സ്കീം ഉപജീവനം പദ്ധതിയുടെ ഭാഗമായി സതീഷിന് കാടുവെട്ടല്‍ യന്ത്രം ലഭിച്ചതോടെ എട്ട് അംഗ കുടുംബത്തിന്റെ സ്വപ്നങ്ങള്‍ക്കാണ് തെളിച്ചം വന്നത്. നൊച്ചാട് ഹയര്‍ സെക്കന്ററി സ്കൂള്‍ രണ്ടാം വര്‍ഷ ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിയുമായ സതീഷ് രാജ് ഒഴിവ് ദിവസങ്ങളില്‍ കാട് വെട്ടി കിട്ടുന്ന പണം കൊണ്ടാണ് കുടുംബത്തിന്റെ ഉപജീവനം നടത്തിയിരുന്നത്.
നേരത്തെ അച്ഛനോടൊപ്പം ഒഴിവ് ദിവസങ്ങളില്‍ സതീഷ് ജോലിക്ക് പോയിരുന്നു. അച്ഛന് രോഗിയായതും തൊഴിലിന് വേണ്ടി ഉപയോഗിച്ച കാട് വെട്ടു യന്ത്രം കേടായതും സതീഷിന് വിലങ്ങുതടിയായി. ലോക്ക്ഡൗണ്‍ കാലത്ത് ക്ഷേമ അന്വേഷണത്തിന് സ്കൂളില്‍ നിന്ന് എത്തിയ നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ പി.സി. മുഹമ്മദ് സിറാജ് ആണ് കുടുംബത്തിന്റെ പ്രയാസം മനസ്സിലാക്കി സതീഷിന് പുതിയ കാട് വെട്ടു യന്ത്രം വാങ്ങാനുള്ള ശ്രമം നടത്തിയത്.
പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന സതീഷ് രാജ് നേരത്തെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് അംഗവും ഇപ്പോള്‍ നാഷണല്‍ സര്‍വീസ് സ്കീം വളന്റിയറും ആണ്. കോട്ടൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ താമസിക്കുന്ന അവിലിടി കുന്നുമ്മല്‍ രാജന് – ചന്ദ്രമതി ദമ്പതികളുടെ മകനാണ്.
വാകയാട് ഹയര്‍ സെക്കന്ററി സ്കൂള്‍ ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനി മഞ്ജുവും അവിടനല്ലൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികളായ രതീഷും രഞ്ജിത്തും സഹോദരങ്ങളാണ്. അച്ഛന്റെ സഹോദരന്റെ രണ്ട് മക്കളും വളരുന്നത് ഇവരുടെ കൂടെയാണ്. നാഷണല്‍ സര്‍വീസ് സ്കീം ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ എസ്. ശ്രീചിത്ത്, പ്രോഗ്രാം ഓഫീസര്‍ പി.സി. മുഹമ്മദ് സിറാജ്, വളണ്ടിയര്‍ ലീഡര്‍ എന്‍.കെ. സഫ്വാന്, ഫാദി അന്‍ഫസ്, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: