Categories: Pathanamthitta

പ്രളയത്തെ ഭീതിയോടെയല്ല,​ ചങ്കുറപ്പോടെയാണ് കാണേണ്ടത്… ചങ്കുറപ്പോടെ നേരിടാൻ വള്ളമൊരുങ്ങി

പണ്ട് കാലങ്ങളിൽ പമ്പയിലും മണിമലയിലും വരട്ടാറിലും വരെ സുപരിചിതമായിരുന്നു ചുരുളൻ വള്ളങ്ങൾ. പലയിടത്തും അവയുടെ മത്സങ്ങളും നടന്നിരുന്നു. അപ്രതീക്ഷിതമായി എത്തിയ 2018 ലെ മഹാപ്രളയത്തിന് ശേഷം പഴയ തലമുറയിലെ ആളുകൾ ചുരുളൻ വള്ളത്തെക്കുറിച്ചുള്ള അറിവുകൾ പുത്തൻ തലമുറയ്ക്ക് പകർന്ന് നൽകി.

Published by

തിരുവല്ല:  വരാൻ പോകുന്ന പ്രളയകാലങ്ങളെ ഭീതിയോടെയല്ല ചങ്കുറപ്പോടെയാണ് നോക്കിക്കാണേണ്ടതെന്ന വലിയ സന്ദേശമാണ് ചെറുപ്പക്കാരുടെ ഒരു സംഘം മുന്നോട്ടു വയ്‌ക്കുന്നത്.  ഓതറ റാപിഡ് ആക്ഷൻ ക്ലബ്  (ORAC)എന്ന കൂട്ടായ്മ ആണ്  ചുരുളൻ വള്ളമെന്ന രക്ഷായാനത്തിന്റെ പിന്നിൽ. മൂന്നര ലക്ഷം രൂപയോളം മുടക്കിയാണ് ചുരുളൻ വള്ളം നിർമ്മിച്ചത്.  ലോക്ഡൗണിന്റെ നിയമങ്ങൾ പാലിക്കേണ്ടതിനാൽ നീരണിയൽ ചടങ്ങ് ആഘോഷങ്ങളില്ലാതെ ആലപ്പുഴയിൽ നടത്തി.

പണ്ട് കാലങ്ങളിൽ പമ്പയിലും മണിമലയിലും വരട്ടാറിലും വരെ സുപരിചിതമായിരുന്നു  ചുരുളൻ വള്ളങ്ങൾ. പലയിടത്തും അവയുടെ മത്സങ്ങളും നടന്നിരുന്നു. അപ്രതീക്ഷിതമായി എത്തിയ 2018 ലെ മഹാപ്രളയത്തിന് ശേഷം പഴയ തലമുറയിലെ ആളുകൾ ചുരുളൻ വള്ളത്തെക്കുറിച്ചുള്ള അറിവുകൾ പുത്തൻ തലമുറയ്‌ക്ക് പകർന്ന് നൽകി. ഇതോടെയാണ് ചുരുളൻ വള്ളം നിർമ്മിക്കാനുള്ള ഒരുക്കം തുടങ്ങിയത്.

പ്രളയകാലത്ത് ഓതറ, പുതുക്കുളങ്ങര  തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ രക്ഷാ മാർഗ്ഗങ്ങൾ അടഞ്ഞു. രക്ഷാ ബോട്ടുകൾക്കായി ഒരാഴ്ചയോളം കാത്തിരുന്നു.  നേവിയുടെ റബർ ബോട്ടുകൾ മുള്ളവേലികളിൽ കുരുങ്ങി കേടുപാടുണ്ടായതും രക്ഷ വിഫലമാക്കി.എയർ ലിഫറ്റിങ്ങളിലൂടെ ചിലരെ രക്ഷപ്പെടുത്തിയെങ്കിലും ഹെലികോപ്ടറിന്റെ കാറ്റിൽ മരങ്ങൾ പിഴുതുവീണതോടെ ആ വഴിയും അടഞ്ഞു.  

ചില ആളുകളെ ചെങ്ങന്നൂരിലേക്കാണ്  അന്ന് രക്ഷാ പ്രവർത്തനം നടത്തി കൊണ്ടുപോയത്. അപ്പോഴെല്ലാം കേട്ട വാക്കുകളായിരുന്നു. ഒരു വള്ളമുണ്ടായിരുന്നെങ്കിൽ… ആ എങ്കിലാണ് 10 പേർക്ക് മുകളിൽ വരെ കയറാവുന്നതും യഹമ എൻജിൻ ഘടിപ്പിച്ച് പ്രവർത്തിപ്പിക്കാനും കഴിയുന്ന രീതിയിൽ  ഓതറയുടെ ചുരുളൻ വള്ളമായി പുനർജ്ജനിച്ചത്.

പ്രളയം മാത്രം നോക്കിയിരിക്കാനല്ല ചെറുപ്പക്കാരുടെ തീരുമാനം. ഓതറയിലെ പള്ളിയോടകരകളിലെ പുതിയ തലമുറയ്‌ക്ക് തുഴച്ചിൽ പരിശീലിപ്പിക്കാനും പദ്ധതിയുണ്ട്. ചുരുളൻ വള്ളങ്ങളുടെ മത്സരങ്ങളിലും വേണ്ടി വന്നാൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് സംഘടന  എന്ന്  ഭാരവാഹികളായ  രാഹുൽരാജ് രാജ്ഭവൻ,  സുഭാഷ്‌കുമാർ കുഴിയുഴത്തിൽ എന്നിവർ അറിയിച്ചു.

കളിവള്ളങ്ങളുടെ നിർമ്മാണത്തിൽ കാലത്തിന്റെ കൊയ്യൊപ്പു ചാർത്തിയ കാവാലം ചെല്ലപ്പൻ ആചാരി ആണ് ലോക്ഡോൺ കാലത്ത് അദ്ദേഹത്തിന്റെ തന്നെ ഭവനത്തിൽ വെച്ച് വള്ളം പണി പൂർത്തിയാക്കിയത്. ഓതറ റാപിഡ് ആക്ഷൻ ക്ലബിന്  നിലവിൽ ഫൈബർ ഫൈബർ വള്ളവും സ്വന്തമായി  ഉണ്ട്. ആറന്മുള പള്ളിയോട കരകളിലെ മിക്ക പള്ളിയോട കരകളും ചുരുളൻ വള്ളങ്ങൾ നിർമ്മിക്കാൻ ആലോചിക്കുന്നുണ്ട്. ഇത്തരം പരിശ്രമങ്ങൾക്കെല്ലാം പ്രചോദനമായിരിക്കുകയാണ്. ഓതറയിലെ ഈ കൂട്ടായ്മ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by