തിരുവല്ല: പാലിയക്കരയിലെ കന്യാസ്ത്രീ മഠത്തിൽ വിദ്യാർഥിനി ദിവ്യാ പി. ജോൺ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സാക്ഷിമൊഴികളിൽ അവ്യക്തത. സംഭവത്തിൽ മുപ്പത്തിനാലു പേരെയാണ് ലോക്കൽ പോലീസ് ചോദ്യം ചെയ്തത്. എന്നാൽ ഇവരുടെ മൊഴികളിൽ അവ്യക്തതയും ദുരൂഹതയും ഉണ്ടായിട്ടും തുടർ അന്വേഷണം നടന്നില്ല. തുടർന്ന് വന്ന ആദ്യ ഘട്ട ക്രൈബ്രാഞ്ച് സംഘത്തിന്റെ റിപ്പോർട്ടിലും ഈ മൊഴിപ്പകർപ്പ് തന്നെ വിഴുങ്ങുകയായിരുന്നു. ദിവ്യ കിണറ്റിൽ ചാടിയെന്ന് പറയുന്ന സമയം സംബന്ധിച്ചും മരണസമയം സംബന്ധിച്ചുമാണ് പ്രധാന ആശയക്കുഴപ്പം. കേസിൽ മദർ സുപ്പീരിയർ,തിരുവല്ല സിഐ,ഫയർ ഓഫീസർ അട്ടമുള്ളവരുടെ വിശദമായ മൊഴി ഒരുവട്ടം കൂടി ക്രൈബ്രാഞ്ച് അന്വേഷണ സംഘം രേഖപ്പെടുത്തും.
അടിമുടി ദുരൂഹത
മെയ് ഏഴാം തീയതിയാണ് ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി ജോണിനെ കന്യാസ്ത്രീ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പതിനൊന്നരയോടെ മഠത്തിലെ അന്തേവാസികൾ ശബ്ദം കേട്ട് തിരച്ചിൽ നടത്തിയപ്പോഴാണ് ദിവ്യയെ കിണറ്റിൽ കണ്ടെത്തിയതെന്നാണ് മദർ സുപ്പീരിയറുടെ മൊഴി. ഫയർ ഫോഴ്സിന്റെ മൊഴിപ്രകാരം 11.55നാണ് മൃതദേഹം പുറത്തെടുക്കുന്നത്. അതായത് ദിവ്യയുടെ ശരീരം 25 മിനിറ്റിനിടയിൽ മരണം സംഭവിച്ചു വെന്നാണ് നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണസമയം ഏകദേശം 1 മണിക്ക് അടുത്തെന്നാണ്. എന്നാൽ ഇതിൽ വ്യക്തതയില്ല. എന്നാൽ മഠത്തിലെ അഞ്ച് ദൈനംദിന പ്രാർത്ഥനാ ചടങ്ങുകളിൽ ദിവ്യ പങ്കെടുത്തിരുന്നുവെന്നാണ് അന്തേവാസികളിൽ ഒരാളുടെ മൊഴി. ഇവരാണ് ദിവ്യ കിണറ്റിലേക്ക് ചാടുന്നത് ആദ്യം കണ്ടുവെന്ന് പറയപ്പെടുന്ന വ്യക്തി. എന്നാൽ സാധാരണ ഗതിയിൽ അഞ്ച് നേരത്തെ ചടങ്ങുകൾ പൂർത്തിയാകണമെങ്കിൽ ഉച്ചയ്‌ക്ക് 12 കഴിയും എന്നകാര്യത്തിൽ അന്വേഷണം നടക്കേണ്ടിയിരിക്കുന്നു.
ബന്ധുക്കളുടെ പരാതി മുക്കി
ദിവ്യയുടെ വീട്ടുകാരുടെ മൊഴിപകർപ്പ് പോലീസ് മുക്കുകയാണ് ചെയ്തത്. ദുരൂഹതയുടെ അടിസ്ഥാനത്തിൽ സത്യം പുറത്ത് വരണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വിഷയത്തിൽ പാതി നൽകിയതായും പറയപ്പെടുന്നു. സംഭവം 12 മണിയോടെ ബന്ധുവഴി അറിഞ്ഞെന്നാണ് വീട്ടുകാരുടെ മൊഴി.
മദർസുപ്പീരിയറുമായി എന്ത് പ്രശ്നം
മദർസുപ്പീരിയറുമായി പ്രശ്നം ഉണ്ടെന്ന മൊഴിയും മഠത്തിലെ ഒരു അന്തേവാസിയുടെതാണ്. ദിവ്യയെ തനിച്ച് ഇവർ വിളിപ്പിക്കാറുണ്ടായിരുന്നുവെന്നും ഈസന്ദർഭത്തിൽ ദിവ്യയ്‌ക്ക് മാനസിക സംഘർഷം ഉണ്ടായിരുന്നെന്നും ഇവരുടെ മൊഴിയിലുണ്ട്. എന്നാൽ ഈ വസ്തുതയും തുടർ അന്വേഷണത്തിൽ ഉണ്ടായില്ല.
പോലീസ്,ഫയർഫോഴ്സ് ഭാഷ്യം: പരസ്പര വിരുദ്ധം
പോലീസിൽ വിവരമറിയിക്കാനെടുത്ത കാലതാമസം നേരിട്ടതും ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. കുട്ടിയുടെ മൃതശരീരവുമായി മഠത്തിന്റെ പ്രധാന കവാടത്തിൽ എത്തിയപ്പോഴാണ് പോലീസ് എത്തുന്നതെന്നാണ് എഫ്ഐആറിൽ പറയുന്നത്. അതായത് ഏകദേശം പന്ത്രണ്ടെകാലിനാണ് പോലീസ് എത്തുന്നത്. എന്തിനാണ് ഈ കാലതാമസം. പോലീസും ഫയർ ഫോഴസും് എത്തുന്നതിന് മുമ്പ് സജ്ജമായിരുന്ന ആമ്പുലൻസും സംശയം ഉണർത്തുന്നു. ദിവ്യയ്‌ക്ക് ജീവനില്ലെന്ന് ഉറപ്പായിട്ടും സംഭവ സ്ഥലത്ത് വെച്ച് ഇൻക്വസ്റ്റ് നടത്താതെ സ്വകാര്യ ആശുപത്രിലേക്ക് കൊണ്ടുപോയതിൽ പരസ്പരം പഴിചാരുന്ന മൊഴിയാണ് ഇരു സേനാ തലവന്മാരുടെയും മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: