തിരുവനന്തപുരം: കൊറോണ രോഗ ലക്ഷണങ്ങളുമായി സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെത്തുന്നവര്‍ക്ക് സ്രവപരിശോധന നടത്തുന്നില്ല. പരിശോധനകളുടെ എണ്ണം പരമാവധി കുറച്ച് രോഗികളുടെ എണ്ണം കുറച്ചുകാട്ടാനാണിത്.
ചുമ, ശ്വാസതടസ്സം, തൊണ്ടവേദന, വയറിളക്കം, നെഞ്ചുവേദന, ഓക്കാനം, ഛര്‍ദ്ദി, ചുമയ്ക്കുമ്പോള്‍ രക്താംശമുണ്ടാകുക, മൂക്കൊലിപ്പ്, ശരീര ഊഷ്മാവ് വര്‍ദ്ധിക്കുക, ശരീര വേദന, അടിവയറ്റില്‍ വേദന തുടങ്ങിയവയെല്ലാം കൊറോണ വൈറസിന്റെ പ്രാഥമിക ലക്ഷണങ്ങളാണ്. എന്നാല്‍, ഇവയുമായി വരുന്നവരുടെ സ്രവങ്ങള്‍ പരിശോധനയ്ക്കെടുക്കാതെ കൊറോണ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്ന വിചിത്ര നിലപാടിലാണ് സര്‍ക്കാര്‍.
രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോഴും വിദേശത്ത് നിന്നും ഇതരസംസ്ഥാനത്ത് നിന്നും വരുന്നവരില്‍ മാത്രമാണ് രോഗമെന്നാണ് സര്‍ക്കാര്‍ നിരീക്ഷണം. അതേസമയം, സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നവരുടെയും രോഗം എവിടെനിന്ന് കിട്ടിയെന്ന് കണ്ടെത്താനാകാത്തവരുടെയും എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. വയനാട്ടില്‍ പോലീസുകാര്‍ക്ക് രോഗം പിടിപെട്ടത് രോഗലക്ഷണങ്ങളില്ലാത്ത പ്രാഥമിക നിരീക്ഷണപട്ടികയിലുള്ള ആളില്‍ നിന്നാണെന്നാണ് വിവരം. പോത്തന്‍കോട്, മാഹി എന്നിവിടങ്ങളില്‍ രോഗം പിടിപെട്ട് മരിച്ചവര്‍, കോഴിക്കോട് മരിച്ച കുഞ്ഞ്, കഴിഞ്ഞ ദിവസം തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ രോഗം സ്ഥിരീകരിച്ച യുവാവ് തുടങ്ങിയവര്‍ക്ക് എവിടെ നിന്നാണ് രോഗം ലഭിച്ചതെന്നോ ഇവരുടെ സഞ്ചാരവഴികളോ കണ്ടെത്തിയിട്ടില്ല. കാസര്‍കോട്ട് കഴിഞ്ഞ ദിവസം ചക്കവീണ് പരിക്കേറ്റ് ആശുപത്രിയില്‍ എത്തിയ ആള്‍ക്കുവരെ രോഗം സ്ഥിരീകരിച്ചു. അയാള്‍ക്ക് എവിടെ നിന്ന് രോഗം ബാധിച്ചുവെന്നതും അജ്ഞാതം. എന്നിട്ടും പരിശോധനകളുടെ എണ്ണം കൂട്ടാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.
ഇതര സംസ്ഥാനങ്ങളിലെല്ലാം എല്ലാവരുടെയും പരിശോധനയും റാന്‍ഡം ടെസ്റ്റുകളും വ്യാപകമാണ്. എന്നാല്‍, കേരളത്തില്‍ ഇപ്പോഴും മുന്‍ഗണനാ വിഭാഗത്തിലുള്ളവരുടെ പോലും പരിശോധനകള്‍ പ്രത്യേക കേന്ദ്രങ്ങളില്‍ മാത്രമാണ്. അതില്‍ പലര്‍ക്കും രോഗം സ്ഥിരീകരിച്ചു. മാത്രമല്ല രോഗലക്ഷണങ്ങളൊന്നുമില്ലാത്തവരിലും രോഗം സ്ഥിരീകരിക്കുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകനും പ്രത്യേക രോഗലക്ഷണങ്ങളില്ലായിരുന്നു. ആയാള്‍ ആശുപത്രിയിലെത്തിച്ച രോഗിക്ക് കൊറോണ സ്ഥിരീകരിച്ചതിനാല്‍ സ്വയം ക്വാറന്റൈനിലേക്ക് മാറി. സംശയം തോന്നി ആരോഗ്യ വിഭാഗത്തെ അറിയിച്ച് സ്രവം പരിശോധിക്കുകയായിരുന്നു. പത്തനംതിട്ടയിലെ പെണ്‍കുട്ടിക്കും പ്രത്യേക രോഗലക്ഷണങ്ങളില്ലായിരുന്നു.
ആയിരത്തിനടുത്ത് രോഗികള്‍ സംസ്ഥാനത്തുണ്ടായിട്ടും ഇതുവരെ 65,303 സാമ്പിള്‍ പരിശോധനകള്‍ മാത്രമാണ് നടത്തിയത്. ഒരാളില്‍ നിന്ന് മൂന്ന് സാമ്പിളുകള്‍ വരെ ശേഖരിക്കും. മാത്രമല്ല പരിശോധനാഫലം പുറത്തുവരുന്നതും വൈകിയാണ്. ഇപ്പോള്‍ ആശുപത്രിയില്‍ രോഗലക്ഷണങ്ങളുമായെത്തുന്നവര്‍ക്ക് രോഗികളുമായി ബന്ധമില്ലെങ്കിലോ യാത്രാ ചരിത്രമില്ലെങ്കിലോ മറ്റ് ഗുരുതര രോഗമില്ലെങ്കിലോ പാരസെറ്റോമോളും അസത്രോമൈസിനും നല്കി വീട്ടില്‍ വിടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: